ബംഗളൂരു - സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക്. ബംഗ്ലാദേശിന്റെ അനീസുറഹ്മാനാണ് മികച്ച ഗോളി. നേപ്പാള്‍ ഫെയര്‍ പ്ലേ അവാര്‍ഡ് കരസ്ഥമാക്കി.
ഇന്ത്യ ഒമ്പതാം തവണയാണ് ചാമ്പ്യന്മാരായത്. ഫൈനലില്‍ ജയിച്ച ശേഷം കുവൈത്ത് ടീമിന് ഇന്ത്യന്‍ കളിക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സഡന്‍ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യക്ക് അര ലക്ഷം ഡോളര്‍ (41 ലക്ഷം രൂപ) പ്രൈസ് മണി ലഭിച്ചു. ഈ വര്‍ഷം ഇന്ത്യ അജയ്യരായി മുന്നേറുകയാണ്.
ഒരു മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ ട്രോഫിയാണ് ഇത്. ലെബനോനെ തോല്‍പിച്ച് ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ചാമ്പ്യന്മാരായിരുന്നു.
2012 ലെ നെഹ്‌റു കപ്പിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ ഷൂട്ടൗട്ട് നേരിടുന്നത്. അന്ന് എക്‌സ്ട്രാ സമയം അവസാനിക്കുമ്പോള്‍ ഇന്ത്യയും കാമറൂണും 2-2 ലായിരുന്നു. അന്ന് ഇന്ത്യക്കു വേണ്ടി സുനില്‍ ഛേത്രി ഗോള്‍ നേടി. ഛേത്രി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 5-4 ന് വിജയിച്ചു.






