സിറ്റ്‌സിഡോസ-വിംബിള്‍ഡണിലെ പ്രണയ ജോഡി

ലണ്ടന്‍ - ടെന്നിസിലെ പുതിയ പവര്‍ കപ്പ്ള്‍ ആരാധകരുടെ ഹൃദയം കവരുന്നു. താര ജോഡികളായ സ്‌റ്റെഫനോസ് സിറ്റ്‌സിപാസും പൗള ബഡോസയും ഇന്നലെ കോര്‍ടിലിറങ്ങി. സിറ്റ്‌സിപാസ് ആദ്യ റൗണ്ടില്‍ നേരിടുന്ന ഡൊമിനിക് തിയേമിനെയാണ്. മഴ കാരണം മത്സരം പൂര്‍ത്തിയായിട്ടില്ല. സിറ്റ്‌സിപാസ് ആദ്യ സെറ്റ് കൈവിട്ടു. ബഡോസയുടെ എതിരാളി ഇന്ത്യന്‍ വംശജനായ സ്റ്റീഫന്‍ അമൃതരാജിന്റെ ഭാര്യ ആലിസണ്‍ റിസ്‌കെയാണ്.  
ഗ്രീക്കുകാരനായ ലോക അഞ്ചാം നമ്പര്‍ സിറ്റ്‌സിപാസും അമേരിക്കയില്‍ ജനിച്ച സ്‌പെയിന്‍കാരി ബഡോസയും കഴിഞ്ഞ മേയിലാണ് പ്രണയത്തിലായത്. ബഡോസ മുന്‍ ലോക രണ്ടാം നമ്പറായിരുന്നു. സിറ്റ്‌സിഡോസ എന്നാണ് ഇവരുടെ സംയുക്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. നല്ല ആത്മസുഹൃത്തുക്കള്‍, അത്രമാത്രം എന്നാണ് ടാഗ് ലൈന്‍. അമ്പത്തേഴായിരം ഫോളേവേഴ്‌സുണ്ട് അവര്‍ക്ക്. 
റോം മാസ്‌റ്റേഴ്‌സില്‍ ഉന്‍സ് ജാബിറിനെ തോല്‍പിച്ചപ്പോള്‍ ബഡോസയെ അഭിനന്ദിച്ചതായിരുന്നു സിറ്റ്‌സിപാസ്. അതാണ് പ്രണയത്തിന് തുടക്കമിട്ടത്. ആദ്യ പ്രണയം തന്നെ പുതിയ ഉള്‍ക്കാഴ്ചയോടെ ലോകത്തെ കാണാന്‍ സഹായിച്ചുവെന്ന് ഇരുപത്തിനാലുകാരന്‍ പറഞ്ഞു. 
വേറെയും ജോഡികളുണ്ട് വിംബിള്‍ഡണില്‍. ബ്രിട്ടന്റെ കെയ്റ്റി ബൗള്‍ടറും ഓസ്‌ട്രേലിയക്കാരന്‍ അലക്‌സ് ഡി മിനോറും രണ്ടു വര്‍ഷമായി പ്രണയത്തിലാണ്. ബ്രിട്ടന്റെ തന്നെ ജോദി ബറേജ് രണ്ടു വര്‍ഷമായി സ്‌കോട്‌ലന്റ് റഗ്ബി താരം ബെന്‍ വൈറ്റിനൊപ്പമാണ് ജീവിക്കുന്നത്. 

Latest News