ദോഹ-ഫലസ്തീനിലെ ജെനിന് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായില്‍ ആവര്‍ത്തിക്കുന്ന ആക്രമണത്തെ ശക്തമായ അപലപിച്ച് ഖത്തര്‍ . അധിനിവേശത്തിന്റെ ആക്രമണങ്ങളുടെ പരമ്പരയാണിതെന്നും പ്രതിരോധമില്ലാത്ത ഫലസ്തീന് ജനതക്കെതിരായ അതിന്റെ ഭീകരമായ കുറ്റകൃത്യങ്ങളും നടപടികളും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
അധിനിവേശ ഫലസ്തീന് പ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഇസ്രായില്‍ നടത്തുന്ന ആക്രമണം സമാധാനത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും അന്താരാഷ്ട്ര നിയമസാധുതയുടെ തീരുമാനങ്ങളെ മാനിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കാനും ഫലസ്തീന് ജനതയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം.
കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തികളില്‍ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതുള്‍പ്പെടെ ഫലസ്തീന് ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെ കാര്യത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം പുതുക്കി.






