ഐ.പി.എല്ലിനെ തഴഞ്ഞതിന് സമ്മാനം, ഇത് ശീലമാക്കേണ്ടെന്ന് ബംഗ്ലാദേശ്‌

ധാക്ക - ഐ.പി.എല്ലിനു പകരം ദേശീയ ടീമിന് പ്രാമുഖ്യം നല്‍കിയ മൂന്നു കളിക്കാര്‍ക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഉപഹാരം. ശാഖിബുല്‍ ഹസന്‍, തസ്‌കിന്‍ അഹമദ്, ലിറ്റന്‍ ദാസ് എന്നിവര്‍ക്കായി 65,000 ഡോളര്‍ വീതിച്ചു നല്‍കി. അവര്‍ ആവശ്യപ്പെട്ടതു കൊണ്ടല്ല, അവരുടെ ആത്മാര്‍ഥതക്കുള്ള അംഗീകാരമെന്ന നിലയിലാണ് പാരിതോഷികം നല്‍കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി അധ്യക്ഷന്‍ ജലാല്‍ യൂനുസ് പറഞ്ഞു. ഐ.പി.എല്ലിന്റെ അതേസമയത്ത് ബംഗ്ലാദേശ് ടീം അയര്‍ലന്റിനെതിരെ പരമ്പര കളിച്ചിരുന്നു. 
ഇതൊരു ശീലമാക്കില്ല. കാരണം ഉപാധികളില്ലാതെയാണ് ദേശീയ ടീമില്‍ കളിക്കേണ്ടത്. എങ്കിലും വലിയ നഷ്ടം സംഭവിക്കുന്ന കളിക്കാരുടെ കാര്യം പരിഗണിക്കും -യൂനുസ് പറഞ്ഞു. 
്ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റന്‍ ശാഖിബിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ടീമിലെത്തത്. പക്ഷെ ഓള്‍റൗണ്ടര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. വൈസ് ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിന് ആദ്യമായാണ് ഐ.പി.എല്ലില്‍ അവസരം ലഭിച്ചത്. ലിറ്റനെയും നൈറ്റ് റൈഡേഴ്‌സാണ് ലേലത്തിലെടുത്തത്. എ്ന്നാല്‍ ബംഗ്ലാദേശ് ബോര്‍ഡ് ഇരുവര്‍ക്കും അനുമതി നല്‍കാതെ താമസിപ്പിച്ചു. അയര്‍ലന്റിനെതിരായ പരമ്പരക്കു ശേഷം ഐ.പി.എല്ലിനെത്തിയ ലിറ്റന് ഒരു കളിയിലേ അവസരം ലഭിച്ചുള്ളൂ. തസ്‌കിനെ പകരക്കാരനെന്ന നിലയിലാണ് ഐ.പി.എല്ലിലേക്ക് പരിഗണിച്ചത്. ലേലത്തില്‍ വിറ്റുപോയിരുന്നില്ല. ഈ സീസണില്‍ ഐ.പി.എല്‍ ടീമില്‍ സ്ഥിരം സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഏക കളിക്കാരന്‍ മുസ്തഫിസുറഹ്മാനാണ്. എന്നാല്‍ ദല്‍ഹി കാപിറ്റല്‍സിനു വേണ്ടി രണ്ടു മത്സരങ്ങളിലേ പെയ്‌സ്ബൗളര്‍ കളിച്ചുള്ളൂ.

 

Latest News