പരിക്ക് ഗുരുതരം, ആഷസില്‍ ഇനി ലയണ്‍ കളിക്കില്ല

ലണ്ടന്‍ - ഓസ്‌ട്രേലിയ ജയിച്ച രണ്ടാം ടെസ്റ്റിനിടെ ഗുരുതരമായി പരിക്കേറ്റ സ്പിന്നര്‍ നാഥന്‍ ലയണ്‍ ആഷസ് പരമ്പരയില്‍ ഇനി കളിക്കില്ല. ടോഡ് മര്‍ഫിക്കായിരിക്കും ഇനി പ്രധാന സ്പിന്നറുടെ ചുമതല. ലോഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഫീല്‍ഡിംഗിനിടെയാണ് ലയണിന്റെ കണങ്കാലില്‍ ഗുരുതര പരിക്കേറ്റത്. പിന്നീട് ലയണിന് ബൗള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മുടന്തി വന്ന് ബാറ്റ് ചെയ്യുകയും വിലപ്പെട്ട 15 റണ്‍സ് അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഓസീസിനെ സഹായിക്കുകയും ചെയ്തു. 43 റണ്‍സിന് മത്സരം ജയിച്ച ഓസീസ് പരമ്പരയില്‍ 2-0 ന് മുന്നിലാണ്. മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ഹെഡിംഗ്‌ലിയില്‍ ആരംഭിക്കും. 
നല്ല കായികക്ഷമതയുള്ള കളിക്കാരിലൊരാളാണ് ലയണ്‍. തുടര്‍ച്ചയായ നൂറാമത്തെ ടെസ്റ്റായിരുന്നു ലോഡ്‌സിലേത്. 2011 ഓഗസ്റ്റില്‍ ലയണ്‍ അരങ്ങേറിയ ശേഷം കളിച്ച 126 ടെസ്റ്റില്‍ 122 ലും മുപ്പത്തഞ്ചുകാരന് അവസരം കിട്ടി. വേണ്ടിവന്നാല്‍ ഇരുപത്തിരണ്ടുകാരന്‍ മര്‍ഫിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ താനുണ്ടാവുമെന്ന് ലയണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിക്ടോറിയ ടീമില്‍ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുമ്പോഴേക്കും മര്‍ഫിക്ക് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചിരുന്നു. നാഗ്പൂരില്‍ ഇന്ത്യക്കെതിരായ അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏഴു വിക്കറ്റെടുത്തു. 

Latest News