മിന്നു മിന്നുമോ? വയനാട് കാത്തിരിക്കുന്നു

മാനന്തവാടി -ജീവിതം വളരെ പ്രയാസകരമായിരുന്നുവെന്നും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ത്യന്‍ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിലെ സ്ഥാനമെന്നും ഓള്‍റൗണ്ടര്‍ മിന്നു മണി. വയനാട്ടിലെ ആദിവാസി കുടിലില്‍ നിന്ന് മിന്നു മണി ഇന്ത്യന്‍ ടീമിനോളം ഉയര്‍ന്നതിന്റെ ആഹ്ലാദത്തിലാണ് വയനാട് ജില്ല. ഇന്ത്യന്‍ ജഴ്‌സിയിടുന്ന പ്രഥമ മലയാളി വനിതാ ക്രിക്കറ്ററാവും ഇരുപത്തിമൂന്നുകാരി. ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലാണ് ഓള്‍റൗണ്ടര്‍ സ്ഥാനം നേടിയത്.
ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയറിഞ്ഞപ്പോള്‍ സന്തോഷമടക്കാനായില്ല. ഇന്ത്യ എ ടീമിന്റെ ഭാഗമായി 2019 ല്‍ ബംഗ്ലാദേശില്‍് കളിച്ചിട്ടുള്ളത് ഗുണം ചെയ്യും. ജീവിതം എളുപ്പമായിരുന്നില്ല. എന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്. അവസരം കിട്ടിയാല്‍ അത് പൂര്‍ണമായി മുതലാക്കാന്‍ ശ്രമിക്കും -മിന്നു മണി പറഞ്ഞു. 
വയനാട് ചോയിമൂലയിലെ കുറിച്യ ആദിവാസി വിഭാഗത്തിലാണ് മിന്നു മണി ജനിച്ചത്. പിതാവ് ഒണ്ടയങ്ങാടി  കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനും മാതാവ് വസന്ത വീട്ടമ്മയുമാണ്. മിന്നുവിന്റെ തീവ്രപരിശ്രമമാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കാരണമെന്ന് സെലക്ഷന്‍ കമ്മിറ്റിയിലെ ദക്ഷിണേന്ത്യന്‍ പ്രതിനിധി നികേത രാമന്‍കുട്ടി അഭിപ്രായപ്പെട്ടു. പലതവണ മിന്നു ഉള്‍പ്പെട്ട ടീമിന്റെ മാനേജറായി നികേത പ്രവര്‍ത്തിച്ചിട്ടുണ്ട്. അച്ചടക്കമുള്ള, വളരെ വിനയമുള്ള പെണ്‍കുട്ടിയാണ് മിന്നു. നല്ല ഭാവി അവള്‍ക്കു മുന്നിലുണ്ട് -നികേത പറഞ്ഞു. 
കഴിഞ്ഞ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ മിന്നുവിനെ ദല്‍ഹി കാപിറ്റല്‍സ് 30 ലക്ഷം രൂപക്ക് ടീമിലെടുത്തിരുന്നു. വലങ്കൈയന്‍ ബൗളറായ മിന്നു ഇടങ്കൈയന്‍ ബാറ്ററാണ്. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ബ്ംഗ്ലാദേശില്‍ മൂന്ന് ട്വന്റി20യാണ് കളിക്കുക. ഒമ്പതിനാരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളുമുണ്ട്. 
മാനന്തവാടി സ്വദേശിനിയാണ് മിന്നു. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രിക്കറ്റില്‍ പിച്ചവെച്ചത്. കായികാധ്യാപിക എത്സമ്മയാണ് മിന്നുവിലെ താരത്തെ കണ്ടെത്തിയത്. അനുമോള്‍ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകര്‍. തൊടുപുഴയിലെ ജൂനിയര്‍ ക്രിക്കറ്റ് അക്കാദമിയില്‍ ലഭിച്ച പരിശീലനമാണ് വഴിത്തിരിവായത്. 
വനിതാ പ്രീമിയര്‍ ലീഗിലും ആദ്യത്തെ മലയാളി പ്രാതിനിധ്യമാണ് മിന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂനിയര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, യൂത്ത് പ്ലയര്‍ ഓഫ് ദി ഇയര്‍, പ്രോമിസിംഗ് പ്ലയര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

Latest News