കൊല്‍ക്കത്ത - കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അര്‍ജന്റീനക്ക് നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പങ്കുവഹിച്ച കളിക്കാരിലൊരാളായ ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ടിനേസ് ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തി. കൊല്‍ക്കത്തയില്‍ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലിറങ്ങിയ ആസ്റ്റണ്‍വില്ല ഗോള്‍കീപ്പര്‍ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടു ദിവസം എമി ഇന്ത്യയിലുണ്ടാവും. മോഹന്‍ബഗാന്‍ ഗ്രൗണ്ടില്‍ പെലെയുടെയും ഡിയേഗൊ മറഡോണയുടെയും ഗാരി സോബേഴ്‌സിന്റെയും പേരിലുള്ള ഗെയ്റ്റുകളുടെ ഉദ്ഘാടനം, സന്തോഷ് മിത്ര സ്‌ക്വയര്‍ കുട്ടികളുമായി കൂടിക്കാഴ്ച തുടങ്ങി തിരക്കിട്ട പരിപാടികളാണ് ഗോള്‍കീപ്പറെ കാത്തുനില്‍ക്കുന്നത്.
ഇന്ത്യ സന്ദര്‍ശിക്കുകയെന്നത് സ്വപ്‌നമായിരുന്നുവെന്ന് മാര്‍ടിനേസ് പറഞ്ഞു. ഇന്ത്യയില്‍ വരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, വരാന്‍ കഴിഞ്ഞതില്‍ സന്തോഷം -മാര്‍ടിനേസ് പറഞ്ഞു.
സ്‌പോര്‍ട്‌സ് പ്രമോട്ടറും ബിസിനസ് കണ്‍സള്‍ടന്റുമായ സതാദ്രു ദത്തയാണ് അര്‍ജന്റീന ഗോളിയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നത്. മറഡോണ, പെലെ, കഫു തുടങ്ങിയവരുടെ സന്ദര്‍ശനത്തിനും വഴിയൊരുക്കിയത് അദ്ദേഹമാണ്.
കൊല്‍ക്കത്ത ബംഗ്ലാദേശിലാണെന്നാണ് മാര്‍ടിനേസ് കരുതിയതെന്നും കൊല്‍ക്കത്ത ഒരു നഗരവും ബംഗ്ലാദേശ് രാജ്യവുമാണെന്ന് വ്യക്തമാക്കിക്കൊടുത്തുവെന്നും ദത്ത പറഞ്ഞു. കൊല്‍ക്കത്തക്കും ബംഗ്ലാദേശിനും ഒരേപോലെയുള്ള ഫുട്‌ബോള്‍ ലഹരിയാണ്. അര്‍ജന്റീന, ബ്രസീല്‍ ടീമുകളോടുള്ള അടങ്ങാത്ത ആരാധനയും -അദ്ദേഹം പറഞ്ഞു.






