ബുലവായൊ - ആതിഥേയരായ സിംബാബ്‌വെയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. യോഗ്യതാ ടൂര്‍ണമെന്റില്‍ നിന്നുള്ള രണ്ടാമത്തെ ബെര്‍ത്തിനായി സിംബാബ്‌വെയും സ്‌കോട്‌ലന്റും പൊരുതും. ഗ്രൂപ്പ് ഘട്ടത്തിലെ നാലും സൂപ്പര്‍ സിക്‌സിലെ നാലും ഉള്‍പ്പെടെ ശ്രീലങ്കക്ക് എട്ട് പോയന്റായി. സിംബാബ്‌വെക്ക് ആറും സ്‌കോട്‌ലന്റിന് നാലും പോയന്റുണ്ട്. ഈ ടീമുകള്‍ തമ്മിലുള്ള മത്സരം രണ്ടാമത്തെ ബെര്‍ത്ത് നിശ്ചയിക്കും.
സിംബാബ്‌വെയെ 165 ന് പുറത്താക്കിയ ശ്രീലങ്ക പതും നിസങ്കയുടെ സെഞ്ചുറിയില്‍ (102 പന്തില്‍ 101 നോട്ടൗട്ട്) അനായാസം ലക്ഷ്യം നേടി. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ നാലു വിക്കറ്റെടുത്തു.
1999 ലെ ചാമ്പ്യന്മാരായ ശ്രീലങ്ക എല്ലാ ലോകകപ്പിലും കളിച്ചിട്ടുണ്ട്. ലോക റാങ്കിംഗില്‍ ആദ്യ എട്ടിന് പുറത്തായതിനാലാണ് ഇത്തവണ യോഗ്യതാ ടൂര്‍ണമെന്റ് കളിക്കേണ്ടി വന്നത്. ടൂര്‍ണമെന്റിലെ ആറു കളികളും അവര്‍ ജയിച്ചു.
പുറത്തായ വെസ്റ്റിന്‍ഡീസിനെതിരെ ശ്രീലങ്കക്ക് സൂപ്പര്‍ സിക്‌സില്‍ ഒരു കളി ബാക്കിയുണ്ട്.
ചൊവ്വാഴ്ചയാണ് സിംബാബ്‌വെ-സ്‌കോട്‌ലന്റ് മത്സരം. സ്‌കോട്‌ലന്റ് ജയിച്ചാല്‍ ഇരു ടീമുകള്‍ക്കും ആറ് വീതം പോയന്റാവും. എങ്കില്‍ നെതര്‍ലാന്റ്‌സിനെ തോല്‍പിച്ച് സ്‌കോട്‌ലന്റിന് ലോകകപ്പ് ടിക്കറ്റ് നേടാം. സിംബാബ്‌വെയും സ്‌കോട്‌ലന്റും 2019 ലെ ലോകകപ്പില്‍ കളിച്ചിരുന്നില്ല.






