സ്‌കൂളിൽ പുതുതായി വന്ന കണക്ക് മാഷ് ചിലപ്പോഴൊക്കെ അങ്ങനെയാണ്. കവിത ആലപിക്കാനും കഥ പറയാനും തുടങ്ങും. അങ്ങനെ ഒരു ദിവസം കാലം തെറ്റി വന്ന പെരുമഴയെ നോക്കി കുട്ടികളോട് പറഞ്ഞു:
“ഇന്ന് നമുക്ക് ഒരു കഥ എഴുതാം. മഴയല്ല വിഷയം വിശപ്പ് തന്നെയാവട്ടെ. വർത്തമാന കാലത്ത് ഹരിച്ചും ഗുണിച്ചും കണക്ക് കൂട്ടിയും നീങ്ങുന്ന ജീവിതത്തിലെ ഭിന്നസംഖ്യ തന്നെയാണ് വിശപ്പ്.
മാഷിന്റെ വാക്കുകേട്ട് ക്ലാസിലെ മിടുക്കൻമാരും ആവറേജുകാരും ക്ലാസിൽ പാഠപുസ്തകത്തിലെ ഉത്തരങ്ങൾ ചാടിക്കയറി പറയുന്ന ലാഘവത്തോടെ പേപ്പറും പേനയുമെടുത്തു . ഇല്ലായ്മയുടെ നൂൽപാലത്തിലൂടെ വരുന്നത് കൊണ്ട് ക്ലാസിൽ എപ്പോഴും പരിഹാസ്യനാവുന്ന ഗോപാലകൃഷ്ണനും നോട്ടുബുക്കിന്റെ നടുപ്പേജ് കീറിയെടുത്തു.
പഠനത്തിലും ഇരിപ്പിടത്തിലും പിന്നിലായ അവനെ നോക്കി ചിലരൊക്കെ മുഖം കോട്ടി ചിരിച്ചു. കുറച്ചധികം കുട്ടികൾ പരസ്പരം കണ്ണ് മിഴിച്ച് ചോദിച്ചു.
“എന്താ ഈ വിശപ്പ്? നിനക്കറിയോ ?”
''എനിക്കറിയില്ല മാഷിന് കണക്ക് തന്നെ എടുത്താൽ മതിയായിരുന്നു. ടോ....ഷാഹിനാ ..വിശപ്പ് എന്ന് പറഞ്ഞാൽ എന്താ ? നിനക്ക് വല്ല ഐഡിയയുമുണ്ടോ”
“ഹോ ..എനിക്കൊന്നുമറിയില്ല ഗ്രാന്റ്്് പപ്പയും ഗ്രാന്റ്മയുമൊക്കെ ഇടക്ക് പറേണത് കേട്ടിട്ടുണ്ട്. എന്റെ ഡാഡിയും അവര്‌ടെ ബ്രദേഴ്‌സുമൊക്കെ വലുതായി അക്കരെയും ഇക്കരെയുമൊക്കെ ജോലിക്ക് കയറിയതിന് ശേഷമാണ് വിശപ്പ് എന്താണെന്ന് അറിയാതെ പോയതെന്ന്..
കുട്ടികളൊക്കെ അങ്ങോട്ടുമിങ്ങോട്ടും നോക്കി പകച്ച് നിന്ന് ആരൊക്കെയോ പറഞ്ഞ് കേട്ടതൊക്കെ എഴുതിക്കൊടുത്തു. ഗോപാലകൃഷ്ണനും കൂട്ടത്തിൽ കൊടുത്തു. എഴുതിയവരുടെ കഥകളൊക്കെ വാങ്ങി ഓരോന്നിനും മാർക്കിട്ടു തുടങ്ങുമ്പോഴാണ് മാഷ് വിശപ്പറിഞ്ഞ ഒരു കഥ കണ്ടത്.
മാർക്കിട്ട് കഴിഞ്ഞ് മാഷ് എണീറ്റ് നിന്ന് വിശപ്പിനെ കുറിച്ചും മാഷിന്റെ ഇല്ലായ്മയുടെ ബാല്യകാലത്തെ കുറിച്ചും പറഞ്ഞ് നനഞ്ഞ കണ്ണുകൾ തുടച്ച് അറിഞ്ഞ് എഴുതിയ ഗോപാലകൃഷ്ണനെ ചേർത്തുപിടിച്ച് വറുതിയുടെ ഇടവഴിയിലൂടെ ഓർമകളെയും തെളിച്ചു നടക്കാനൊരുങ്ങി.