Sorry, you need to enable JavaScript to visit this website.

സാന്ദ്രയുടെ നല്ല നിലാവുള്ള രാത്രി

ഇപ്രാവശ്യം ബലി പെരുന്നാളിന് കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലുൾപ്പെടെയുള്ള പള്ളികളിൽ ഈദ് പ്രഭാഷണം നടത്തിയവർ കണ്ണൂരിലെ യുട്യൂബർ വഷളനെ കുറിച്ച് പരാമർശിക്കുകയുണ്ടായി. വളരെ നല്ല കാര്യം. സമകാലിക വിഷയങ്ങൾ ചർച്ചയാവുന്ന മിക്ക പള്ളികളിലും ഈ ഇൻസ്റ്റന്റ് ഫേമസ് യുവാവ് 
ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടാവും. നമ്മുടെ കുട്ടികളെ വഴിതെറ്റിക്കുന്നവരെ കുറിച്ച് മുന്നറിയിപ്പ് നൽകുകയെന്നത് തന്നെയാണ് പ്രധാനം. 
ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്ന പ്രതിഭയുമായുള്ളതെന്ന വിധത്തിൽ അത്യാവശ്യം റേറ്റിംഗുള്ള ചില യുട്യൂബ് ചാനലുകാർ തൊപ്പിയുമായുള്ള അഭിമുഖവും സംപ്രേഷണം ചെയ്തു. കാണികളെ ലഭിക്കാൻ സാധ്യതയുള്ള എന്തും ടെലികാസ്റ്റ് ചെയ്യുകയെന്നതാണല്ലോ പ്രധാനം. നടക്കട്ടെ, റേറ്റിംഗ് കുതിച്ചുയരട്ടെ. പള്ളികളിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾക്ക്  (ജുമുഅ ഖുതുബ) വലിയ തോതിൽ സമൂഹത്തെ സ്വാധീനിക്കനാവുമെന്നതിൽ സംശയമില്ല. 
തിരുവനന്തപുരമൊഴികെ കേരളത്തിലെ മിക്ക എയർപോർട്ടുകളിലും ഗൾഫിൽ നിന്നുള്ള സ്ത്രീയാത്രക്കാരികൾ സ്വർണം കടത്തിക്കൊണ്ടു വരികയെന്നത് സാർവത്രികമായിരുന്നു. ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ സ്വർണം ഒളിച്ചു വെച്ച് കൊണ്ടു വരുന്ന പ്രവണത വ്യാപകമായിരുന്നു ഏതാനും മാസം മുമ്പ് വരെ. എന്നിട്ടും സിനിമാ നടിയും മോഡലുമൊക്കെ ജ്വല്ലറികളുടെ ടിവി പരസ്യത്തിൽ പരിശുദ്ധ സ്വർണമെന്ന് വിളിച്ചു കൂവുകയും ചെയ്യും. ഗൾഫ്് കടത്തിന്റെ പീക്ക് സ്റ്റേജിൽ അത്യുത്തര കേരളത്തിലെ ഒരു പത്തൊമ്പതുകാരിയുടെ സ്വർണ കടത്ത് ഏറെ സെൻസേഷണലായി. ഒളിപ്പിക്കാനായി കണ്ടെത്തിയ വിദ്യകളിലൂടെയാണ് ഇത് ശ്രദ്ധേയമായത്, കൂടെ 99 ലക്ഷത്തിന്റെ പരിധി കടക്കാതെയുള്ള കരുതലും. 
കോഴിക്കോട് നഗര മധ്യത്തിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രസംഗത്തിൽ ഏറി വരുന്ന സ്വർണക്കടത്ത് പരാമർശിക്കപ്പെട്ടിരുന്നു. ധനികരാവാൻ വേണ്ടി അപൂർവം ചിലർ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ സമൂഹത്തിനുണ്ടാക്കുന്ന നാണക്കേടിനെ പറ്റി ഇസ്്‌ലാമിക പണ്ഡിതൻ സമഗ്രമായി പ്രതിപാദിച്ചു. ഏതായാലും അതിന്റെ ഗുണഫലങ്ങൾ കാണാനുണ്ട്. 
ഇപ്പോഴിതാ കേരള തലസ്ഥാനത്ത് നിന്നൊരു ആവേശം  പകരുന്ന വാർത്ത.  പെരുന്നാൾ നമസ്‌കാരത്തിന് ശല്യമുണ്ടാകാതിരിക്കാൻ ക്ഷേത്രത്തിന് പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് ക്ഷേത്ര സമിതി.
പഴവങ്ങാടി ഗണപതി ക്ഷേത്രസമിതിയാണ് ഈദ് ഗാഹിനെത്തിയവർക്ക് ശബ്ദ പ്രശ്നമുണ്ടാകാതിരിക്കാനായി മൈക്ക് ഓഫാക്കി മതസൗഹാർദ്ദത്തിന്റെ ഉന്നത മാതൃക പ്രകടിപ്പിച്ചത്. സോഷ്യൽ മീഡിയയിലടക്കം ഇവരുടെ നടപടി പ്രശംസിക്കപ്പെടുകയാണ്. കിഴക്കേക്കോട്ട നായനാർ പാർക്കിൽ ഈദ് പ്രാർത്ഥന നടക്കുമ്പോഴാണ് റോഡിന് മറുവശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രസമിതി പുറത്തേക്കുള്ള മൈക്ക് ഓഫ് ചെയ്ത് സഹകരിച്ചത്.നമസ്‌കാരത്തിനും ഈദ് പ്രഭാഷണത്തിനുമുള്ള സമയമായപ്പോൾ റോഡിന്റെ മറുഭാഗത്തുള്ള ഗണപതി ക്ഷേത്രത്തിൽ പൂജാ സമയമായിരുന്നു. ക്ഷേത്രത്തിൽ നിന്ന് മൈക്കിലൂടെയുള്ള പ്രാർത്ഥനയിൽ ഈദ് നമസ്‌കാരം തുടങ്ങാൻ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സമയം ഈദ് ഗാഹ് ഭാരവാഹികളായ നസീർ വള്ളക്കടവ്, റഷീദ് മഅ്ദനി എന്നിവർ ക്ഷേത്രഭാരവാഹികളോട് ഇക്കാര്യം സൂചിപ്പിച്ചു. ക്ഷേത്രം ഭാരവാഹികൾ ഉടൻ മൈക്കിൽ നിന്ന് പുറത്തേക്കുള്ള ശബ്ദം ഒഴിവാക്കുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റിയും ഈദ് ഗാഹ് കമ്മിറ്റിയും പരസ്പരം കാണിച്ച മനുഷ്യ സൗഹാർദ നിലപാടാണ് യഥാർത്ഥ കേരള സ്റ്റോറിയുടെ നേർചിത്രമെന്ന് വിസ്ഡം ഇസ്്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി പി സലീം പെരുന്നാൾ ഖുതുബയിൽ പറഞ്ഞു. ഇതാണല്ലോ കേരളം, ഇതു തന്നെയായിരിക്കണം. 

                                   ****          ****          ****
മധുര മനോജ്ഞ ചൈനയിൽ ബിസിനസിലൂടെ ധനം വാരിക്കൂട്ടിയ വേദനിക്കുന്ന കോടീശ്വരൻ 57-ാം വയസ്സിലും പരീക്ഷ പാസാവാനാതെ കരഞ്ഞു കഴിയുന്നു. അവിടെ കലിംഗ സർവകലാശാലയൊന്നുമില്ലാഞ്ഞിട്ടല്ല. മൂപ്പരുടെ നീതിബോധം വളഞ്ഞ വഴി തേടാൻ അനുവദിക്കുന്നില്ല. 27 തവണയാണ് പരീക്ഷ പാസാകാൻ ഇദ്ദേഹം നേരായ മാർഗത്തിൽ ശ്രമിച്ചത്. ഏറ്റവും വലിയ സ്വപ്‌നമാണ് ഉന്നത വിദ്യാഭ്യാസം. ഇതിനായി കഴിഞ്ഞ 40 വർഷമായി കഠിന പരിശ്രമത്തിലുമാണ്.  
56കാരനായ ഷീ 27 തവണ പരീക്ഷ എഴുതിയെങ്കിലും എല്ലാത്തിലും തോൽവിയായിരുന്നു ഫലം.  ചൈനയിലെ പ്രശസ്തമായ സിചുവാൻ യൂണിവേഴ്‌സിറ്റിയിലെ പ്രവേശനത്തിനായുള്ള ഗയോകാവോ പരീക്ഷയാണ് (നമ്മുടെ നീറ്റ് പരീക്ഷ പോലൊരെണ്ണം) ഷീ തുടർച്ചയായി എഴുതി പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. ചൈനയിലെ ഏറ്റവും പ്രയാസമുള്ള പ്രവേശന പരീക്ഷകളിലൊന്നാണ് ഗയോകാവോ. ജീവിതത്തിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ  ഷീ ഫാക്ടറി ജീവനക്കാരനിൽനിന്ന് കൺസ്ട്രക്ഷൻ സാമഗ്രികളുമായി ബന്ധപ്പെട്ട ബിസിനസിന്റെ ഉടമ വരെയായി.  ബിസിനസിലൂടെ  കോടിക്കണക്കിന് യുവാൻ സമ്പാദിച്ചു. ആഗ്രഹിച്ചതെല്ലാം നേടിയെങ്കിലും ഉന്നതവിദ്യാഭ്യാസം മാത്രം ഒരു സ്വപ്‌നമായി അവശേഷിക്കുന്നു.  ഈ വർഷം പരീക്ഷയിൽ പാസ് മാർക്കിൽനിന്ന് 34 പോയിന്റുകൾ കുറവായിരുന്നു ഷീക്ക്. ഇങ്ങനെയുള്ളവരും കൂടിയുള്ളത് കൊണ്ടാവാം ഭൂമിയുടെ ബാലൻസ് തെറ്റാത്തത്. 

                                   ****          ****          ****
മാധ്യമപ്രവർത്തക  സബ്രിന സിദ്ദിഖിയ്ക്കെതിരായ സൈബറാക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണെന്ന് വൈറ്റ് ഹൗസിന്റെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോഓർഡിനേറ്റർ ജോൺ കിർബി വ്യക്തമാക്കി. മാധ്യമപ്രവർത്തകയ്ക്ക് എതിരായ സൈബറാക്രമണത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. 
ഏതു സാഹചര്യത്തിലും എവിടെയും ജേണലിസ്റ്റുകൾക്കെതിരായ എല്ലാ അതിക്രമങ്ങളെയും അപലപിക്കുന്നുവെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ അവർ പ്രതികരിച്ചു. അതേസമയം, സബ്രിന സിദ്ദിഖി എന്ന അമേരിക്കൻ മാധ്യമ പ്രവർത്തക സൈബറിടങ്ങളിൽ  വേട്ടയാടപ്പെടുകയാണ്. അവർ ചെയ്ത തെറ്റ് നരേന്ദ്ര മോഡിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയോട് ഒരു ചോദ്യം ചോദിച്ചുവെന്നതാണ്. 
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ഒഴിവാക്കാനാവാത്ത ഒരു സാഹചര്യത്തിൽ വൈറ്റ് ഹൗസിന്റെ പ്രസ് കോൺഫറൻസിൽ മോഡി ഇരിക്കുന്നു. ആ പ്രധാനമന്ത്രിയോട് രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചും മുസ്്‌ലീങ്ങൾ നേരിടുന്ന വിവേചനത്തെ കുറിച്ചും രാജ്യത്ത് അഭിപ്രായ സ്വാതന്ത്രം ഉയർത്തിപ്പിടിക്കാൻ എന്തെല്ലാം ചെയ്യുമെന്നും വാൾസ്ട്രീറ്റ് ജേണലിന്റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ സബ്രിന സിദ്ദിഖി എന്ന മാധ്യമ പ്രവർത്തക ചോദിക്കുന്നു.
രാജ്യത്ത് വിവേചനമില്ലെന്നും ജനാധിപത്യം ഇന്ത്യയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും നരേന്ദ്ര മോഡി മറുപടി നൽകുന്നു. അതിന് ശേഷമാണ് സബ്രിനയുടെ നേർക്ക് സൈബർ ആക്രമണം ശക്തമായത്. 

                                   ****          ****          ****
ജി. ശക്തിധരൻ പായ മടക്കി പിൻവാങ്ങി.  മുതിർന്ന സിപിഎം നേതാവ് കൈതോലപ്പായയിൽ കോടികൾ പൊതിഞ്ഞുകൊണ്ടുപോയെന്ന ആരോപണത്തിനു പിന്നാലെ സിപിഎമ്മിന്റെ സൈബർ ആക്രമണം രൂക്ഷമെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. ആറു മാസം പ്രായമായ പേരക്കുട്ടിയെ  പോലും സൈബർ അക്രമകാരികൾ വെറുതെ വിടുന്നില്ല. ഫേസ്ബുക്കിലെ പോരാട്ടം നിർത്തി സ്വന്തം സ്ഥാപനത്തിന്റെ ഓൺലൈനിലേക്ക് മാറുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സമൂഹത്തിന്റെ സ്വസ്ഥതയെ കരുതിയാണ് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇനി പോരാട്ടം സ്വന്തം മാസികയുടെ ഓൺലൈനിലൂടെയെന്നും ശക്തിധരൻ വ്യക്തമാക്കി. കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും. ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി ടോർച്ചു തെളിച്ചും തൊണ്ടിമുതൽ സൂം ചെയ്തും യഥാർത്ഥ കള്ളന്റെ ഇരിപ്പിടം കാണിച്ചും മുന്നോട്ടുപോകാനാകണം. അതിന് ജനശക്തി ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും ശക്തിധരൻ  കുറിപ്പിൽ വ്യക്തമാക്കി. ഞങ്ങൾ വിക്കിലീക്‌സോ വിസിൽ ബ്ലോവറോ അല്ല. സാധാരണ മനുഷ്യർ. ഈ അമ്പെയ്ത്തിൽ ഏതെങ്കിലും നരാധമൻ കടപുഴകി വീണാൽ അതൊരു ചരിത്ര നിയോഗമാണ്. എല്ലാ മാളങ്ങളും ഞങ്ങൾ പരിശോധിക്കും. ഞങ്ങൾ വക്കിൽ തൊട്ടപ്പോൾ തന്നെ, കായംകുളം കൊച്ചുണ്ണിയെപ്പോലെ ഒരാൾ എത്ര കോടികൾ അപഹരിച്ചെടുത്തു എന്ന് കണ്ടതാണ്. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടുപോയ കാറിനേയും ചൊല്ലിയാണ് വിവാദം. മുക്കിയ കോടികളെക്കുറിച്ചും തർക്കമില്ല. ശക്തിധരന്റെ കുറിപ്പിൽ അഭിപ്രായപ്പെടുന്നു.

                                  ****          ****          ****
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമ നിർമ്മാണ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. അവരുടെ പുതിയ ചിത്രം 'നല്ല നിലാവുള്ള രാത്രി'  തിയേറ്റുകളിലെത്തി. ഒത്തിരി പ്രതിസന്ധികൾ മറികടന്നാണ് ഈ ചിത്രം എത്തിക്കുന്നതെന്നും മർഫി ദേവസി എന്ന പുതുമുഖ സംവിധായകനടക്കം നിരവധി അണിയറ പ്രവർത്തകരുടെ അധ്വാനവും പ്രതീക്ഷയുമാണ് ഈ സിനിമയെന്നും സാന്ദ്ര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.  വമ്പൻ താരനിരയില്ലാതെ ഈ സിനിമ ഒരുക്കാൻ പ്രചോദനമായത് നല്ല സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരിലുള്ള  വിശ്വാസമാണ്. പേരുപോലെ തന്നെ മനോഹരമായ 'നല്ല നിലാവുള്ള രാത്രി' വ്യത്യസ്ത അനുഭവം നൽകുന്ന സിനിമയാകുമെന്ന് എനിക്കുറപ്പുണ്ട്-സാന്ദ്ര തുടർന്നു. കുറെ നാളുകൾക്ക് ശേഷം ഒരു ആക്ഷൻ ത്രില്ലർ, ഒരു പ്രത്യേക നായക നടൻ ഇല്ലാത്ത എല്ലാ കഥാപാത്രങ്ങൾക്കും ഗ്രേ ഷേഡുള്ള സിനിമ. പ്രവചനാതീതമായ രണ്ടാം പകുതി, താളം പിടിക്കാൻ താനാരോ പാട്ട് അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണുന്ന പ്രേക്ഷകന് വ്യത്യസ്ത അനുഭവം പകർന്നു നൽകാൻ കഴിയുന്ന സിനിമയാണിത്. 

                                  ****          ****          ****
തന്റെ പുതിയ സിനിമയുടെ റിലീസ് ദിവസം സ്ത്രീവേഷത്തിൽ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. കൊച്ചിയിലെ തിയേറ്ററിലെത്തിയാണ് താരം സഹപ്രവർത്തകരെയും സിനിമാ കാണാനെത്തിയവരെയും ഒരേ പോലെ ഞെട്ടിച്ചത്.രാജസേനൻ തന്നെ സംവിധാനം ചെയ്ത 'ഞാനും പിന്നൊരു ഞാനും' എന്ന സിനിമയ്ക്കു വേണ്ടിയാണിത്. 'ട്രോൾ വരുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഈ വേഷത്തിലെത്തിയത്. ട്രോളുകൾ ആസ്വദിക്കുന്ന ആളാണ് ഞാൻ. അതു ചെയ്യുന്നവരെയും ഇഷ്ടപ്പെടുന്നു- സേനൻ പറഞ്ഞു. ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകനാകുന്ന സിനിമയാണിത്. ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സേനൻ അടുത്തിടെ ബിജെപി വിട്ടു സിപിഎം പാളയത്തിലേക്ക് ചേക്കേറിയിരുന്നു.

                                  ****          ****          ****
ഇന്ത്യൻ 2 ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ട് കമൽഹാസൻ. ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യൻ 2ന്റെ പ്രധാന ഭാഗങ്ങൾ കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ശങ്കറിന്റെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണമെന്നാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പനെറായി ലുമിനോർ വാച്ചാണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ നാല്  ലക്ഷത്തിനു മുകളിലാണ്. ശങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.

                                  ****          ****          ****
മലയാളത്തിന്റെ ആദ്യ വെബ് സീരിസ് കേരള ക്രൈംഫയൽസ് പ്രേക്ഷകരിലേക്ക് എത്തി. അജു വർഗ്ഗീസും, ലാലു അടക്കം താരങ്ങൾ മികച്ച അഭിനയമാണ് സീരീസിൽ കാഴ്ച വെച്ചത്. കേരള ക്രൈം ഫയൽസുമായി ബന്ധപ്പെട്ട നടത്തിയ അഭിമുഖത്തിൽ തന്റെ ജീവിതം കൂടി പങ്ക് വെക്കുകയായിരുന്നു അജു. കോളേജ് കഴിഞ്ഞ് ജോലിയില്ലാതെ നടന്ന കാലത്ത് ചെയ്ത ജോലികളും അനുഭവിച്ച കഷ്ടപ്പാടുകളും യൂട്യൂബ് ചാനലായ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അജു വിവരിച്ചത്. ഞാൻ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട് എൻസൈക്ലോപീഡിയ, എന്നെ ജോലിയിലേക്ക് ക്ഷണിച്ച വ്യക്തി ഇത് ഉങ്ക കരിയർ വേറെ ലെവലിൽ എത്തിക്കും എന്നൊക്കെ പറഞ്ഞ് ഞാൻ അടയാറിൽ നിന്ന് ജോയിൻ ചെയ്തു. അവിടെയൊരു വലിയ ഓഫീസിലേക്ക് എന്നെ കൊണ്ടു പോയി അവിടെ നിന്നൊരു വല്യ ബാഗ് തന്നു.
അഞ്ച് എൻസൈക്ലോപീഡിയ ആയിരുന്നു അതിൽ. എന്തൊരു വെയിറ്റായിരുന്നെന്നോ. വിൽക്കാൻ പോയത് മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെയൊക്കെ ഔട്ട് സ്‌കർട്ടുകളിൽ എവിടെയൊ ആണ്.  വെറും ഗ്രാമ പ്രദേശം അവിടെയാര് എൻസൈക്ലോപീഡിയ വാങ്ങാൻ? ഒരെണ്ണം പോലും അന്ന് വിറ്റില്ല. ഒടുവിൽ അന്ന് രാത്രി ബസിൽ പോകുമ്പോൾ ആ ബുക്കെല്ലാം വെച്ചിരുന്ന ബാഗ് ആ ടീം ലീഡറിന്റെ അടുത്തേക്ക് നീക്കി വെച്ച് ഇറങ്ങിയോടി - അജു പറഞ്ഞു. ഒരു ജോലി താത്പര്യമില്ലാതെ ചെയ്താൽ അത് നമുക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇഷ്ടത്തോടെയായാൽ അത് സാധിക്കുമെന്നും അജു പറയുന്നു. കേരള ക്രൈം ഫയൽസിലെ പോലീസ് വേഷം താൻ അത്തരത്തിൽ താത്പര്യത്തോടെയാണ് ചെയ്തതെന്നും മിന്നൽ മുരളി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലേക്കാൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നെന്നും അജു വ്യക്തമാക്കി. 

                                  ****          ****          ****
ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് 'ടേസ്റ്റ് അറ്റ്ലസ്' പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലെ ഏറ്റവും വിശിഷ്ട വിഭവം ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്.  പഠനങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച 150  ഇതിഹാസ റെസ്റ്റോറന്റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ടത്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ ഏഴ് റെസ്റ്റോറന്റുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഭക്ഷ്യ അനുഭവമാണ് ഇവയെന്നും ടേസ്റ്റ് അറ്റ്‌ലസ് ഗൈഡ് ഉറപ്പുനൽകുന്നു.  ഇവ വെറും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ, ഗാലറികൾ, സ്മാരകങ്ങൾ എന്നിവയുമായൊക്കെ താരതമ്യപ്പെടുത്താവുന്ന ഇടങ്ങളാണ്. 
നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവമായ 'ഷ്‌നിറ്റ്സെൽ വീനർ ആർട്ടി'ൽ കേന്ദ്രീകരിച്ച് പ്രശസ്തരായ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗ്മുള്ളർ ആണ് ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ കാറ്റ്സിന്റെ ഡെലിക്കേറ്റ്സെൻ, ഇന്തോനേഷ്യയിലെ സനൂറിലുള്ള വാറുങ് മാക് ബെംഗ് എന്നിവ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. കോഴിക്കോടിന്റെ ചരിത്രപ്രസിദ്ധമായ ഭക്ഷണശാലകളിൽ ഒന്നാണ് പാരഗൺ റെസ്റ്റോറന്റ്. 
ലോകത്തിലെ ഏറ്റവും ഐതിഹാസികമായ പതിനൊന്നാമത്തെ റെസ്റ്റോറന്റായി അതിനെ തെരഞ്ഞെടുക്കുന്നു.  ബിരിയാണിയാണ് റെസ്റ്റോറന്റിന്റെ ഏറ്റവും 'ഐക്കണിക്' വിഭവം. കേരളത്തിലെ കോഴിക്കോട് ജില്ലയിലുള്ള പാരഗൺ ഹോട്ടൽ, പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന്റെ പേരിലാണ് പ്രസിദ്ധമായത്.  പ്രദേശത്തെ സമ്പന്നമായ ഭക്ഷണ പാരമ്പര്യത്തിന്റെ ഒരു ചിഹ്നമാണ് ഈ ഭക്ഷണശാല. അരി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേരുന്ന ബിരിയാണിയാണ് അവിടത്തെ മികച്ച വിഭവം. പഴക്കമുള്ള പാരമ്പര്യം അവകാശപ്പെടുന്നതും, പ്രാദേശികമായി കിട്ടുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയതുമാണ് ഈ ബിരിയാണിയെന്നും അറ്റ്‌ലസ് ഗൈഡ് കുറിക്കുന്നു. എന്നാൽ ഈ ഹോട്ടലിലെ പതിവുകാരിൽ പലരും പറയുന്നത് പാരഗണിലെ ബിരിയാണിയേക്കാൾ തങ്ങൾക്കിഷ്ടം അവിടെ ലഭിക്കുന്ന വെള്ളപ്പവും ഫിഷ് മാംഗോ കറിയുമാണെന്നാണ്. 

                                  ****          ****          ****
നിരന്തര സൈബർ ആക്രമണവും ബുക്കിങ് നമ്പറുകളിലേക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയയ്ക്കുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൃശൂർ ഗിരിജ തിയേറ്റർ ഉടമ ഡോ.ഗിരിജ. ഒരു രൂപ പോലും ബുക്കിങ് കമ്മിഷൻ വാങ്ങാതെ സോഷ്യൽ മിഡിയ വഴിയാണ് ഗിരിജ തന്റെ തിയേറ്ററിലേക്കുള്ള ബുക്കിങ് നടത്തിയിരുന്നത്. ഈ ബുക്കിങ് അക്കൗണ്ടുകളാണ് 12ലേറെ തവണ സൈബർ ആക്രമണത്തിലൂടെ പൂട്ടിച്ചത്. 
സർവീസ് ചാർജുകളൊന്നുമില്ലാതെ സ്വന്തമായി ഓൺലൈനിലൂടെ ബുക്കിങ് നടത്തുന്നതാണ് ഡോ.ഗിരിജയുടെ ഗിരിജ തിയേറ്റർ. സൈബർ ആക്രമണത്തിലൂടെ ഓരോ തവണ അക്കൗണ്ട് പൂട്ടുമ്പോഴും മറ്റ് അക്കൗണ്ട് തുറന്ന് ഗിരിജ തിരിച്ചെത്തും. എന്നാൽ പൊറുതിമുട്ടിയതോടെ ഒരു സ്വകാര്യ ഏജൻസിയുടെ സഹായം തേടി. അവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഒടുവിൽ സൈബർ ആക്രമണത്തിൽ നഷ്ടമായത്.
വിഷയത്തിൽ സൈബർ പോലീസിൽ പരാതി നൽകിയിട്ടും ഫലം കാണാതിരുന്നതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗിരിജ. സൈബർ ആക്രമണത്തിൽ തിയേറ്റർ ഉടമകളുടെ സംഘടനയും ഗിരിജയ്ക്ക് പിന്തുണ അറിയിച്ചു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സൈബർ പോലീസിനും ഫിയോക് പരാതി നൽകി. സ്ത്രീ സുരക്ഷിത നമ്പർ വൺ കേരളം. 

Latest News