Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനശ്വരതയുടെ താക്കോൽ

മലയാള സാഹിത്യത്തിൽ കാലങ്ങളെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ രചനകൾ ഇന്നും സജീവമായി വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുകയാണ്. മലയാള സാഹിത്യലോകത്ത് സ്വന്തമായ ഭാഷാ പ്രയോഗങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച വിഖ്യാത എഴുത്തുകാരൻ എന്ന നിലക്ക് സാഹിത്യ കുതുകികളെ പിടിച്ചിരുത്തുന്ന ബഷീറിന്റെ രചനകൾ നൂതനമായ വായനാതലങ്ങളാണ് സമ്മാനിക്കുന്നത്.
“എന്റെ പുസ്തകങ്ങൾ, അതെല്ലാം എത്രകാലം നിലനിൽക്കും? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയിൽ മായേണ്ടതുമാണല്ലോ. എന്റേത് എന്ന് പറയാൻ എന്താണുള്ളത്? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാൻ സംഭാവന ചെയ്തിട്ടുണ്ടോ? അക്ഷരങ്ങൾ, വാക്കുകൾ, വികാരങ്ങൾ ഒക്കെയും കോടി മനുഷ്യർ ഉപയോഗിച്ചിട്ടുള്ളതുമാണല്ലോ'' എന്നാണ് ബഷീർ സ്വന്തം രചനകളെക്കുറിച്ച് പറഞ്ഞതെങ്കിലും കാലദേശാതിർത്തികൾ ഭേദിച്ച് ബഷീർ ഇന്നും സജീവമായി വായിക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ബഷീറിന്റെ സാഹിത്യവും ജീവിതവും അപഗ്രഥിക്കുന്ന 'ബഷീർ: വർത്തമാനത്തിന്റെ ഭാവി' എന്ന ശ്രദ്ധേയമായ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് 28 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ബഷീറിയൻ സാഹിത്യ ചിന്തകൾ ഒരിക്കൽ കൂടി വിശകലന വിധേയമാക്കുന്നത്. ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്ററും പ്രമുഖ നിരൂപകനുമായ പ്രൊഫ. എം.കെ. സാനുമാഷ് പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് പറഞ്ഞത്, 'അനശ്വരതയുടെ താക്കോൽ ദൈവത്തിൽ നിന്ന് ഏറ്റുവാങ്ങിയ എഴുത്തുകാരനാണ് ബഷീർ' എന്നാണ്. ഉന്മാദത്തിൽ നിന്നാണ് സർഗാത്മക എഴുത്ത് ഉണ്ടാകുന്നത് എന്ന പ്ലേറ്റോയുടെ നിരീക്ഷണം സൂചിപ്പിച്ചു കൊണ്ട്, ബഷീറിന്റെ കാര്യത്തിൽ അത് തികച്ചും ശരിയാണെന്ന് സാനുമാഷ് എടുത്തുപറഞ്ഞു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 'പാത്തുമ്മായുടെ ആട്.' മാനസികാസ്വാസ്ഥ്യത്തിന് ഇടയിലാണ് ബഷീർ ആ കൃതി രചിച്ചത്. എഴുതിയത് പലതവണ മാറ്റിയെഴുതി ഔൽകൃഷ്ട്യം വരുത്തുന്ന തന്റെ പതിവിന് വിപരീതമായി, 'പാത്തുമ്മായുടെ ആട്' അദ്ദേഹം മാറ്റിയെഴുതുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അതൊരു അത്യപൂർവമായ അദ്ഭുത ശിൽപമായി പരിലസിക്കുന്നു. അതുകൊണ്ടാണ് ടി. പദ്മനാഭൻ പറഞ്ഞത്, 'പാത്തുമ്മായുടെ ആടിന്റെ കർത്താവിന് ജ്ഞാനപീഠം ലഭിച്ചിട്ടില്ലെങ്കിൽ അതിന്റെ കുറവ് അദ്ദേഹത്തിനല്ല, ജ്ഞാനപീഠക്കാർക്കാണ്' എന്ന്.
ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാർക്കും സമശീർഷനായ എഴുത്തുകാരനാണ് ബഷീർ . അങ്ങനെ വേറൊരാൾ മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ല. ബഷീറിനുള്ള ഉചിതമായ ഉപഹാരമാണ് 'വർത്തമാനത്തിന്റെ ഭാവി' എന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടത്. ബഷീറിന്റെ കാലത്ത് ജീവിച്ചവരും ഒരേ വഴിയിൽ ഒന്നിച്ച് സഞ്ചരിച്ചവരും ബഷീറിന്റെ ബഹു വിചിത്രമായ ജീവിതത്തെയും സാഹിത്യരചനയെയും അടുത്തു നിന്ന് കണ്ടനുഭവിച്ചവരുമായ 75-ലധികം എഴുത്തുകാർ അണിനിരക്കുന്ന അക്ഷരസദ്യയാണ് 'ബഷീർ: വർത്തമാനത്തിന്റെ ഭാവി' എന്ന ഗ്രന്ഥം.
എം.ടി.യുടെ മനോഹര അവതാരിക 'വർത്തമാനത്തിന്റെ ഭാവി'ക്ക് തിലകം ചാർത്തുന്നു. എം. മുകുന്ദന്റെ (ഇതേ പേരിലുള്ള) മുഖലേഖനം മൊത്തം ഗ്രന്ഥത്തിന്റെ ദിശ നിർണയിക്കുകയും ചെയ്യുന്നു. 75-ലധികം പ്രതിഭകളുടെ സ്മരണകളും പഠനങ്ങളും ബഷീറിന്റെ അപൂർവ ഫോട്ടോകളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് 'വർത്തമാനത്തിന്റെ ഭാവി' എന്ന ഗ്രന്ഥം. തകഴിയും പൊൻകുന്നം വർക്കിയും എം.ടി.യും ഉറൂബും ഒ.എൻ.വിയും മമ്മൂട്ടിയും എം.വി. ദേവനും യു.എ. ഖാദറും തുടങ്ങി 20 പേരുടെ സ്മരണകൾ. എം.എൻ. വിജയനും സച്ചിദാനന്ദനും ടി. പദ്മനാഭനും എം.കെ. സാനുവും യു.ആർ. അനന്തമൂർത്തിയും എൻ.പി. മുഹമ്മദും ഒ.വി. വിജയനും അഴീക്കോടും എം.എൻ. കാരശ്ശേരിയും ആഷറും എം. കൃഷ്ണൻ നായരും എം.പി. പോളും എ. ബാലകൃഷ്ണപിള്ളയും അടൂർ ഗോപാലകൃഷ്ണനും ഉൾപ്പെടെ 53 പേരുടെ പഠനങ്ങൾ. എൻ.എൻ. പിള്ള ഉൾപ്പെടെ 3 പേർ നടത്തിയ അഭിമുഖങ്ങൾ ; ബഷീറിനെപ്പറ്റി ബഷീർ തന്നെ എഴുതിയ ആത്മകഥാ കുറിപ്പുകൾ ; റസാഖ് കോട്ടക്കൽ ഉൾപ്പെടെ പ്രഗൽഭ ഫോട്ടോഗ്രാഫർമാരുടെ അപൂർവ ബഷീർ ചിത്രങ്ങൾ... ഇത്രക്ക് സമ്പന്നമായ ഒരു സ്മാരക ഗ്രന്ഥം മലയാളത്തിൽ മറ്റൊരു എഴുത്തുകാരെ പറ്റിയും ഇന്നോളം ഉണ്ടായിട്ടില്ലെന്നാണ് തോന്നുന്നത്.
600-പരം പേജുകളുള്ള ഈ സ്മാരക ഗ്രന്ഥം ആശയം ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകം ഗൾഫിലെ വായനക്കാർക്കെത്തിക്കുന്നതിനുള്ള പദ്ധതിയുമായി ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ പ്ളസ് രംഗത്ത് വന്നിട്ടുണ്ട്. പുസ്തകത്തിന്റെ ഗൾഫിലെ പ്രകാശനം ജൂലൈ 4 ന് ദോഹയിൽ നടക്കും.
ബേപ്പൂർ സുൽത്താന്റെ ഓർമദിനം കൂടിയാകുമ്പോൾ വിശകലനം കൂടുതൽ പ്രസക്തമാകും. പ്രമുഖരായ പല എഴുത്തുകാരുടേയും പല കൃതികളും കാലത്തിന്റെ പ്രയാണത്തിൽ കാലഹരണപ്പെടാം. എന്നാൽ കാലത്തിന്റെ മുഹൂർത്തങ്ങളിലും സമയത്തിന്റെ സന്ധികളിലും തളച്ചിടാൻ കഴിയാത്ത എഴുത്തുകാരനാണ് ബഷീർ. കാലത്തിന്റെ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് ഓരോ എഴുത്തുകാരനേയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഒരു കാലത്ത് മനുഷ്യ ചിന്തയേയും ജീവിതത്തേയും പിടിച്ച് കുലുക്കിയ ലോക പ്രശസ്ത സാഹിത്യകാരൻമാർ പോലും പാഠപുസ്തകത്തിന്റെ താളുകളിലേക്ക് ചുരുങ്ങുമ്പോൾ കാലത്തിന്റെ വികൃതികൾക്കടിപ്പെടാതെ, പിടികൊടുക്കാതെ കടന്നുപോയ സാഹിത്യകാരനാണ് ബഷീർ. കാലത്തേയും സമയത്തേയും ചോദ്യം ചെയ്യാനുള്ള ധൈഷണികമായ അന്തസ്സത്ത അദ്ദേഹത്തെ വ്യതിരിക്തനാക്കി നിർത്തുന്നു.
തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീർ എഴുതിയ ഓരോ വരിയും കാലഗണനകൾക്കതീതമായി മലയാളി മനസ്സുകളിൽ ജീവിക്കും.
തന്റെ വായനയുടെയും ജീവിതാനുഭവങ്ങളുടേയും പിൻബലത്തിൽ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയർത്താൻ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്നത് ആഗോളവൽക്കരണത്തിന്റേയും ഉപഭോഗസംസ്‌കാരത്തിന്റേയും ലോകത്ത് ബഷീറിനെ ഏറെ പ്രസക്തനാക്കും. എഴുത്തിന്റെ മഹത്വത്തെ ഉദ്ഘോഷിക്കുന്ന ജൈവമണ്ഡലത്തിലേക്ക് മനുഷ്യനെ ആനയിക്കുന്ന ബഷീർ മനുഷ്യപ്പറ്റുള്ള സഹജീവി സ്നേഹത്തിന് മാതൃകയാണ്.ആകാരം കൊണ്ട് ചെറിയതെങ്കിലും സാഹിത്യഗുണം കൊണ്ടും ദർശനമഹത്വം കൊണ്ടും താരതമ്യമില്ലാത്ത വിധം വലിയതായ ആ ഗ്രന്ഥങ്ങളുടെ ബലത്തിൽ തന്നെ ബഷീർ പൂർവാധികം ശോഭയോടെ നിലനിന്നു, ഇന്നും നിലനിൽക്കുന്നു. കാരണം, ഒ.വി. വിജയൻ വിശേഷിപ്പിച്ച പോലെ, ആ 'കൊച്ചു കഥകൾ' മലയാള ഭാഷയിലെ 'ഇതിഹാസങ്ങ'ളായിരുന്നു, “നർമത്തിന്റെയും വേദനയുടെയും മഹാ കാവ്യങ്ങൾ.'' പേജുകളുടെ എണ്ണം നോക്കി മാർക്കിടുന്നവർക്ക് ഇതിഹാസ രചനകളുടെ രസതന്ത്രം അറിയില്ല; അത്തരം കൃതികൾ കാലത്തെയും തലമുറകളെയും അതിജീവിച്ച് നിലനിൽക്കുന്നതിന്റെ രഹസ്യവും.

Latest News