Sorry, you need to enable JavaScript to visit this website.

യോഗ നൽകിയ അതിജീവനമന്ത്രം

സുജിത്രയുടെ യോഗാ പരിശീലനം
സുജിത്രയുടെ യോഗാ പരിശീലനം

ജീവിച്ച് കൊതി തീരാതെ അവിചാരിതമായി മരണത്തെ പുൽകേണ്ടിവന്ന അച്ഛൻ, ശമ്പളം ചോദിച്ചതിന് ജോലിയിൽനിന്നും പുറത്താക്കി നാട്ടിലേയ്ക്ക് വിമാനടിക്കറ്റ് നൽകിയ സ്ഥാപനമുടമ, വിഷാദരോഗം, കടബാധ്യത... മുന്നൂറ് രൂപ മാത്രം ബാങ്ക് ബാലൻസ് ഉണ്ടായിരുന്നിടത്ത് ഇന്നിപ്പോൾ ആറക്കശമ്പളം നേടുന്ന ജോലി. പാലക്കാട്ടുകാരിയായ സുജിത്ര മേനോൻ ജീവിതവഴിയിൽ നേരിടേണ്ടിവന്ന കടമ്പകൾ ഏറെയായിരുന്നു. ജീവിതം അവസാനിച്ചുവെന്ന് കരുതിയ സന്ദർഭത്തിൽ യോഗയെ കൂട്ടുപിടിച്ച് വിജയം നേടിയ ധീരവനിത. ഇന്ന് തിരക്കുപിടിച്ച യോഗ പരിശീലകരിൽ ഒരാളായി മാറിക്കഴിഞ്ഞിരിക്കുന്നു സുജിത്ര. ഓൺലൈൻ യോഗ ക്ലാസുകളിലൂടെ മാസംതോറും ആറക്ക ശമ്പളം വാങ്ങുന്ന യോഗാചാര്യ.
തിരിച്ചടികൾ പല രൂപത്തിലെത്തിയപ്പോഴും അവയെയെല്ലാം സധൈര്യം നേരിടാനുള്ള കഴിവായിരുന്നു സുജിത്രയുടെ പ്ലസ് പോയന്റ്. അഛന്റെ രോഗവും തുടർന്നുവന്ന കടബാധ്യതയുമായിരുന്നു ജീവിതത്തിൽ ചോദ്യചിഹ്‌നമായത്. വിഷാദരോഗം ബാധിച്ച്് ഒരു വർഷത്തോളം ഒന്നും ചെയ്യാനാവാതെ വീട്ടിൽ അടച്ചുപൂട്ടി കഴിഞ്ഞ നാളുകൾ. ഒടുവിൽ ഒരു കൈത്തിരിനാളംപോലെ മനസ്സിലേയ്ക്ക് എത്തിയതായിരുന്നു യോഗ. ആ കഥ സുജിത്ര തന്നെ പറയട്ടെ...
പാലക്കാട് മലമ്പുഴയാണ് സ്വദേശം. അച്ഛനും അമ്മയും സഹോദരങ്ങളും മുംബൈയിലായിരുന്നു. ഹോട്ടൽ ബിസിനസായിരുന്നു അച്ഛന്. ഞാനാകട്ടെ കുട്ടിക്കാലംതൊട്ടേ മുത്തശ്ശിയോടൊപ്പം പാലക്കാട്ടായിരുന്നു താമസിച്ചിരുന്നത്. ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു അത്. അക്കാലത്താണ് അച്ഛൻ മുംബൈയിലെ ഹോട്ടൽ ബിസിനസെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക്്്് മടങ്ങാൻ തീരുമാനിച്ചത്. 
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛനും അമ്മയും ചേട്ടന്മാരും നാട്ടിലേയ്ക്കു മടങ്ങിയത്. എല്ലാവരും ഒന്നിച്ചപ്പോൾ സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. മുംബൈയിലെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് അച്ഛൻ നാട്ടിൽ ഒരു ബിസിനസ് തുടങ്ങി. എന്നാൽ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ആ ബിസിനസ് തകർച്ചയിലേക്ക്്് കൂപ്പു കുത്തുകയായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് അത് വരുത്തിവച്ചത്. അതുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെടുത്തിയാണ് ബിസിനസിലെ നഷ്ടം നികത്തിയത്. അതോടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടപ്പോൾ ഇനിയെന്ത് എന്ന ചോദ്യമാണ് ഞങ്ങളെ അലട്ടിയിരുന്നത്. ഉത്തരം കണ്ടെത്തിയത് തട്ടുകടയിലൂടെയായിരുന്നു.
തട്ടുകടയുടെ പ്രവർത്തനം മോശമില്ലാതെ തുടർന്നു. എങ്കിലും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിൽ അച്ഛൻ തികച്ചും നിരാശനായിരുന്നു. പുകവലി ഉണ്ടായിരുന്നെങ്കിലും ഈ പതനത്തോടെ അച്ഛൻ ഒരു ചെയിൻ സ്‌മോക്കറായി. മാനസികമായ തളർച്ച അച്ഛനെ ഏറെ ബാധിച്ചിരുന്നു. ഇതിനിടയിലായിരുന്നു ഒരു ദിവസം അച്ഛന് ഹൃദയാഘാതമുണ്ടാകുന്നത്. 
പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛന്റെ ഹൃദയ ധമനികളിൽ നാല് ബ്‌ളോക്കുകളുണ്ടെന്നും ഉടനെ ശസ്ത്രക്രിയ വേണമെന്നുമായിരുന്നു ഡോക്ടർമാരുടെ ഉപദേശം. ഇതിനായി രണ്ടു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പറഞ്ഞു. ഞാനാകട്ടെ പതിനായിരം രൂപ ശമ്പളത്തിൽ പാലക്കാട്ടെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇത്രയും പണം പെട്ടെന്ന് എവിടെനിന്നും സ്വരൂപിക്കും? ഒടുവിൽ സുഹൃത്തുക്കളോട് കടം വാങ്ങാമെന്നു കരുതി. ഒരു സുഹൃത്ത് അൻപതിനായിരം രൂപ നൽകി സഹായിച്ചു. ബാക്കിയുളള തുക പലിശയ്ക്ക് എടുക്കുകയായിരുന്നു. അങ്ങനെ ചികിത്സ നടത്തി. ഇതൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല.
എന്നാൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതോടെ അച്ഛൻ കൂടുതൽ അവശനായി. ജോലി ചെയ്യാനാവാത്ത അവസ്ഥ. ഒടുവിൽ തട്ടുകടയുടെ ചുമതല അമ്മ ഏറ്റെടുത്തു. എന്റെ ശമ്പളവും തട്ടുകടയിലെ വരുമാനവുംകൊണ്ട് ജീവിതം തട്ടിയും തടഞ്ഞും മുന്നോട്ടുപോയിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് അച്ഛന് വീണ്ടും അസുഖം ബാധിച്ച് ചികിത്സയിലാവുന്നത്. പുകവലി കാരണം ശ്വാസകോശം ചുരുങ്ങിപ്പോയിരുന്നു. ഇടയ്ക്കിടയ്ക്ക് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഭേദമായാൽ ഡിസ്ചാർജാവും. സാമ്പത്തിക ഞെരുക്കം ഏറെ അനുഭവിച്ച നാളുകൾ. ഇനി ആരിൽനിന്നും കടം വാങ്ങാനില്ലെന്ന അവസ്ഥ. സാമ്പത്തിക ബാധ്യതമൂലം വലഞ്ഞ നാളുകൾ. ഒരു ദിവസം ശ്വാസതടസ്സം കൂടിയതിനാൽ അച്ഛനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല ചികിത്സ നൽകിയെങ്കിലും അച്ഛനെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അറിയിക്കേണ്ടവരെ അറിയിച്ചോളൂ എന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. അപ്പോഴും കൂടുതൽ നല്ല ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെനിന്നും കൊണ്ടുപോ എന്ന അച്ഛന്റെ ആവശ്യപ്രകാരമായിരുന്നു അത്. നിങ്ങളുടെ കൂടെ ജീവിച്ച് കൊതി തീർന്നില്ല എന്ന അച്ഛന്റെ വേദനയും കാരണമായി. എന്നാൽ അവിടെയെത്തിയപ്പോഴേയ്ക്കും അച്ഛൻ ഞങ്ങളെ വിട്ടുപോയിക്കഴിഞ്ഞിരുന്നു.
അച്ഛന്റെ വിയോഗം എനിക്കും അമ്മയ്ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു. കടബാധ്യതകൾ അലട്ടിയിരുന്നതിനാൽ രണ്ടാഴ്ചയ്ക്കുശേഷം ജോലിയിൽ പ്രവേശിച്ചു. എന്നാൽ കടുത്ത മാനസിക സമ്മർദ്ദം കാരണം ജോലിയിൽ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ രാജി വയ്ക്കാൻ തീരുമാനിച്ചു. മാനസിക സമ്മർദ്ദം താങ്ങാനാവാതെ ഒരു വർഷത്തോളം വീട്ടിൽതന്നെ കഴിഞ്ഞുകൂടി. അച്ഛന്റെ മരണവും ഇഷ്ടപ്പെട്ടവന്റെ അകൽച്ചയും കടംതന്നവരുടെ അന്വേഷണങ്ങളുമെല്ലാമായപ്പോൾ ആകെ തകർന്നുപോയി. മാനസികമായി ആകെ തകർന്നിരിക്കുന്ന സമയത്തായിരുന്നു യോഗ ചെയ്താൽ ഗുണകരമാകുമെന്ന് ആരോ ഉപദേശിച്ചത്. 
ആർട്ട് ഓഫ് ലിവിങ്ങിന്റെ മൂന്നു ദിവസത്തെ ക്ലാസിൽ പങ്കെടുത്തു. അത് എന്നിൽ വലിയ മാറ്റമാണുണ്ടാക്കിയത്. നിരാശയുടെ പടുകുഴിയിൽ അകപ്പെട്ടിരുന്ന എന്നിൽ എന്തൊക്കെയോ ചലനങ്ങളാണ് അതുണ്ടാക്കിയത്. ജീവിതത്തിലേക്ക് മടങ്ങിവരാൻ മാത്രമല്ല, സന്തോഷം നിറയ്ക്കാനും യോഗ സഹായിച്ചു. ആ ഊർജമാണ് യോഗയെക്കുറിച്ച് കൂടുതലറിയാനുള്ള പ്രചോദനമുണ്ടായത്. ബാംഗ്ലൂരിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധന സംസ്ഥാപന സർവ്വകലാശാലയിൽ യോഗ കോഴ്‌സിനു ചേർന്നു. ഇവിടെയും തുണയായത് സുഹൃത്തുക്കളാണ്. അവർ കടമായി നൽകിയ പണം കൊണ്ടാണ് ബാംഗ്ലൂരിൽ പഠിക്കാെനത്തിയത്. പഠനം കഴിഞ്ഞതോടെ കുറച്ചുകാലം കൂടി പഴയ സ്ഥാപനത്തിൽ ജോലി ചെയ്തു.
2016 ലാണ് യോഗ ട്രെയിനറായി ജോലി തുടങ്ങിയത്. പാലക്കാട് ഹൗസിംഗ് കോളനിയിലെ ഒരു വീടിന്റെ മുകളിലായിരുന്നു ക്ലാസ് ഒരുക്കിയിരുന്നത്. മുന്നോടിയായി ഒരു നോട്ടീസ്     അച്ചടിച്ച് വീടുവീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുകയും കവലയിൽ പതിക്കുകയും ചെയ്തു. ഇത് കണ്ട് പത്തുപേർ ക്ലാസിലെത്തി. പതിനായിരം രൂപയിൽ താഴെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രതിഫലമായി ലഭിച്ചത്. എങ്കിൽപോലും എന്തോ സന്തോഷം എന്നിൽ നിറയുന്നതായി തോന്നി. മറ്റുള്ളവർക്കുവേണ്ടി എന്തോ ചെയ്യുന്നതുപോലെ. മുൻപ് ചെയ്ത ജോലിയിൽ നിന്നും ലഭിക്കാത്ത തരത്തിലുള്ള സന്തോഷം. ക്രമേണ കൂടുതൽ പേർ ക്ലാസിലെത്തിത്തുടങ്ങി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വീടുകളിൽ ചെന്ന് യോഗ പരിശീലിപ്പിച്ചുകൊടുത്തു. നല്ല ഫലമുണ്ടായതോടെ ഡോക്ടർമാർപോലും എന്റെ പേര് നിർദ്ദേശിച്ചുതുടങ്ങി. 
ജീവിതം മറ്റൊരു ദിശയിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇക്കാലത്തുതന്നെ സർക്കാർ ഹോമിയോ ആശുപത്രിയിലും യോഗ പരിശീലകയായി ജോലി നോക്കിയിരുന്നു.
ഇതിനിടയിലായിരുന്നു ഗൾഫിലേക്ക് അവസരം ലഭിക്കുന്നത്. യോഗ പരിശീലകയായിട്ടായിരുന്നു ക്ഷണം ലഭിച്ചത്. കടങ്ങൾ പേറി ജീവിതം വഴിമുട്ടിനിൽക്കുന്ന സമയമായതിനാൽ ക്ഷണം സ്വീകരിച്ച് ഗൾഫിലെത്തി. എന്നാൽ അവിടെയെത്തിയപ്പോഴാണ് സംഭവം പന്തിയല്ലെന്നു മനസ്സിലായത്. കൃത്യമായി ശമ്പളം നൽകിയില്ലെന്നു മാത്രമല്ല, മറ്റ് സൗകര്യങ്ങളും നിഷേധിച്ചു തുടങ്ങി. സഹികെട്ടാണ് ഒരിക്കൽ ശമ്പളം ചോദിച്ചത്. അതവർക്ക് ഇഷ്ടപ്പെട്ടില്ല. അന്നു രാത്രിതന്നെ നാട്ടിലേയ്ക്ക് മടക്ക ടിക്കറ്റ് തന്ന് മടങ്ങാൻ പറഞ്ഞു. എവിടെനിന്നോ ലഭിച്ച ആത്മധൈര്യം സംഭരിച്ച് ശമ്പളം തരാതെ മടങ്ങിപ്പോകില്ലെന്ന് തീർത്തു പറഞ്ഞു. ഒടുവിൽ അവർക്ക് എന്റെ ശമ്പളം തരേണ്ടിവന്നു. നാട്ടിലെത്തിയാൽ യോഗാ ക്ലാസുകൾ പുനരാരംഭിക്കാമെന്ന വിശ്വാസത്തിൽ അവിടെനിന്നും മടങ്ങി.
നാട്ടിലെത്തിയപ്പോഴാണ് അടുത്ത ഇരുട്ടടി ലഭിച്ചത്. കോവിഡിന്റെ രംഗപ്രവേശം എല്ലാ പ്രതീക്ഷകളും തകർത്തു. ഓഫ് ലൈൻ ക്ലാസുകൾ പ്രാവർത്തികമല്ലെന്ന് മനസ്സിലായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ബാങ്കിലാണെങ്കിൽ ബാക്കിയുള്ളത് വെറും മുന്നൂറു രൂപ. ഫേസ് ബുക്കിൽ വളരെ ആക്ടീവായിരുന്ന കാലമായിരുന്നു അത്. യോഗയുടെ ചെറിയ വീഡിയോകൾ ചിത്രീകരിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു തുടങ്ങി. ഇരുപത്തൊന്നു ദിവസം തുടർച്ചയായി വീഡിയോ അപ്‌ലോഡ് ചെയ്തു. വീഡിയോകൾക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. കാഴ്ചക്കാരായി ഒരു പാടുപേരുണ്ടായിരുന്നു. കോവിഡ് കാലത്തെ മാനസിക പിരിമുറുക്കം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയ കാലമായിരുന്നു അത്. യോഗ അതിന് നല്ലതാണെന്നായിരുന്നു പലരുടെയും കണ്ടെത്തൽ. ഓൺലൈനായി ക്ലാസെടുത്തു തരുമോ എന്നായിരുന്നു പലരുടെയും ചോദ്യം. അറിയില്ല എന്ന് ആരോടും പറഞ്ഞില്ല. ഓൺലൈനിലൂടെ യോഗ ആരംഭിക്കാനുള്ള പദ്ധതിയുണ്ട് എന്ന് പലരോടും പറഞ്ഞു. ഒടുവിൽ പരീക്ഷണമെന്നോണം മൊബൈലിലൂടെ ക്ലാസെടുത്തു. ആദ്യദിവസം മൂന്നുപേരായിരുന്നു എത്തിയിരുന്നത്. അവർക്കായി മൂന്നു സമയത്തായി ക്ലാസ് നടത്തി. അതോടെ ആത്മവിശ്വാസമായി. അഞ്ചുദിവസത്തെ കോഴ്‌സിന് അഞ്ഞൂറു രൂപ പ്രതിഫലവും നിശ്ചയിച്ച് ക്ലാസെടുത്തുതുടങ്ങി. ചെറിയ തുകയായതിനാൽ ആദ്യഘട്ടത്തിൽ തന്നെ നല്ല പ്രതികരണമുണ്ടായി. ആദ്യബാച്ചിന്റെ പ്രതികരണമാണ് പിന്നീടുള്ള വിജയത്തിനു കാരണം. 
കൂടുതൽ പേർ ഓൺലൈൻ ക്ലാസിലെത്തിത്തുടങ്ങി. അൻപത് പേരുള്ള ബാച്ചുകളായി ക്ലാസുകൾ രൂപപ്പെടുത്തി. യോഗ വിത്ത് സുജിത്ര മേനോൻ എന്ന ഓൺലൈൻ യോഗാ ക്ലാസിൽ നിരവധി പേർ യോഗ പഠിക്കാനെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യോഗ വിദ്യാർഥികളായി. മുന്നൂറു രൂപ മാത്രം ബാങ്ക് ബാലൻസുണ്ടായിരുന്ന എന്റെ അക്കൗണ്ട് മൂന്നക്കവും നാലക്കവും കടന്ന് ആറക്കത്തിലെത്തിത്തുടങ്ങി. 
മാസത്തിൽ ആറക്കശമ്പളം ഇന്ന് യോഗയിലൂടെ ഞാൻ സമ്പാദിക്കുന്നുണ്ട്. മൂന്നു വർഷത്തിലേറെയായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ട്. താമസം പാലക്കാട്ടുനിന്നും എറണാകുളത്തേയ്ക്കു മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി പേർ വിവിധ സമയങ്ങളിൽ എന്റെ ഓൺലൈൻ ക്ലാസിനായി കാത്തിരിക്കുന്ന അവസ്ഥയിലെത്തി.
ഞാനിന്ന് ഏറെ സന്തോഷവതിയാണ്. പ്രതിസന്ധിഘട്ടങ്ങൾ നിരവധിയാണ് തരണം ചെയ്യേണ്ടിവന്നത്. എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലിൽനിന്നും ജീവിതത്തിന്റെ വർണലോകത്ത് എത്തിയിരിക്കുകയാണിപ്പോൾ. ഇതിനെല്ലാം അവസരമൊരുക്കിയത് യോഗയാണ്. നിരവധി പേരുടെ സന്തോഷത്തിനും ഞാൻ കാരണക്കാരിയായി എന്നറിയുമ്പോൾ മനസ്സിൽ വല്ലാത്തൊരു നിറവാണ് സമ്മാനിക്കുന്നത്.
നമ്മൾ മാത്രം ആരോഗ്യത്തോടെ ഇരുന്നാൽ പോരാ. നമ്മുടെ ചുറ്റുമുള്ളവരും ആരോഗ്യമായിരിക്കുമ്പോഴേ നമുക്കും ഈ ലോകത്തിൽ സുഖമായി ജീവിക്കാൻ കഴിയൂ. വളരെ സംതൃപ്തി നൽകുന്ന ജോലിയാണ് യോഗ. യോഗ എനിക്കിപ്പോൾ പാഷനാണ്. പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നവർ അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി എന്നു പറയുമ്പോഴുണ്ടാകുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്. എന്റെ ഭാരം കുറഞ്ഞു, ഞാനിപ്പോൾ സന്തോഷിക്കാൻ തുടങ്ങി, എന്നെത്തന്നെ സ്‌നേഹിക്കാൻ തുടങ്ങി... എന്നിങ്ങനെയുള്ള മറുപടി കേൾക്കുമ്പോൾ നമ്മൾ കാരണം അവരുടെ ജീവിതത്തിലും സന്തോഷം നിറഞ്ഞു എന്നറിയുമ്പോൾ അതിലും വലിയ ആനന്ദം വേറെന്താണുള്ളത്. അതുകൊണ്ടുതന്നെ ഈ ജോലിയിൽ പൂർണ തൃപ്തയാണ് ഞാൻ- സുജിത്ര പറഞ്ഞുനിർത്തുന്നു.

Latest News