ലണ്ടന് - ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ ആക്രമണ തന്ത്രം തിരിച്ചടിച്ചതോടെ ഓസ്ട്രേലിയ ജയത്തിലേക്ക്. പരിക്കേറ്റ് ഊന്നുവടിയിലായിരുന്ന സ്പിന്നര് നാഥന് ലയണ് ബാറ്റിംഗിനിറങ്ങിയതോടെ ഇംഗ്ലണ്ടിന് 371 റണ്സ് ലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവെച്ചത്. 13 റണ്സെടുക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് ഓപണര് സാക് ക്രോളിയെയും (3) ഒല്ലി പോപ്പിനെയും (3) നഷ്ടപ്പെട്ടു. രണ്ടു വിക്കറ്റും മിച്ചല് സ്റ്റാര്ക്കിനാണ്. ജോ റൂട്ടിനെയും (18) ഹാരി ബ്രൂക്കിനെയും (4) പാറ്റ് കമിന്സും പുറത്താക്കിയതോടെ നാലിന് 45 ല് ആതിഥേയര് പരുങ്ങുകയാണ്.
പരിക്കുമായി മുടന്തിയെത്തിയ ലയണ് (4) 27 മിനിറ്റോളം ബാറ്റ് ചെയ്ത് അവസാന വിക്കറ്റില് 15 റണ്സ് ചേര്ക്കാന് ഓസീസിനെ സഹായിച്ചു. 279 ന് ഓസീസ് ഓളൗട്ടായി. സ്റ്റുവാര്ട് ബ്രോഡിന്റെ നാലാമത്തെ ഇരയായി ലയണ് പുറത്തായതോടെയാണ് ഓസീസ് ഇന്നിംഗ്സ് അവസാനിച്ചത്. ഓപണര് ഉസ്മാന് ഖ്വാജയാണ് (77) ടോപ്സ്കോറര്.
രാവിലെ ഖ്വാജയെയും സറ്റീവ് സ്മിത്തിനെും (34) ട്രാവിസ് ഹെഡിനെയും (7) നഷ്ടപ്പെട്ട ശേഷം ഓസീസ് മുടന്തുകയായിരുന്നു. 31 ഓവറിലാണ് 57 റണ്സ് ചേര്ത്തത്.






