ബംഗളൂരു - അതിഥി ടീമായ ലെബനോനെ സെമി ഫൈനല്‍ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇന്ത്യ സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തി. ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ ഇന്ത്യയുടെ നാല് കളിക്കാരും ഷൂട്ടൗട്ടില്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ലെബനോന്റെ ക്യാപ്റ്റന്‍ ഹസന്‍ മഅതൂഖിനും വലീദ് ബദറിനും പിഴച്ചു. സുനില്‍ ഛേത്രി, അന്‍വര്‍ അലി, മഹേഷ് സിംഗ്, ഉദാന്ത സിംഗ് എന്നിവരാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കു വേണ്ടി ഷോട്ടെടുത്തത്. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനലിലും ലെബനോനെ ഇന്ത്യ തോല്‍പിച്ചിരുന്നു. ആ ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഈ ടീമുകള്‍ തമ്മിലുള്ള മത്സരം സമനിലയായി.
എക്‌സ്ട്രാ ടൈമില്‍ ബംഗ്ലാദേശിനെ 1-0 ന് തോല്‍പിച്ച അതിഥി ടീമായ കുവൈത്തുമായാണ് ഇന്ത്യ ഫൈനല്‍ കളിക്കുക. ഈ ടീമുകള്‍ തമ്മിലുള്ള ഗ്രൂപ്പ് മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ സെല്‍ഫ് ഗോളില്‍ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു.
ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ കുവൈത്ത് ഏക ഗോളിന് തോല്‍പിച്ചു. നിശ്ചിത സമയത്ത് ഗോള്‍ പിറക്കാതിരുന്ന കളിയില്‍ അബ്ദുല്ല അല്‍ബലൂഷിയാണ് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്‌കോര്‍ ചെയ്തത്. ആതിഥേയരായ ഇന്ത്യയെയോ മറ്റൊരു അതിഥി ടീമായ ലെബനോനെയോ കുവൈത്ത് ഫൈനലില്‍ നേരിടും.
ബംഗ്ലാദേശാണ് നന്നായി തുടങ്ങിയത്. ശെയ്ഖ് മുര്‍സലൈന്റെ ഷോട്ട് കുവൈത്ത് ഗോളി അബ്ദുറഹ്മാന്‍ മര്‍സൂഖിനെ കാര്യമായി പരീക്ഷിച്ചു. ക്രമേണ കുവൈത്ത് താളം കണ്ടെത്തി. കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് കുവൈത്ത് താരം പായിച്ച ഷോട്ട് ഗോള്‍ലൈനില്‍ നിന്നാണ് മുഹമ്മദ് ഈസ ഫൈസല്‍ രക്ഷിച്ചത്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ ഈദ് അല്‍റാഷിദിയുടെ വെടിയുണ്ട ബംഗ്ലാദേശ് ഗോളി അനീസുറഹ്മാന്‍ ഡൈവ് ചെയ്താണ് തട്ടിയകറ്റിയത്. രണ്ടാം പകുതിയിലും ഇരു ടീമുകളും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചു.
എക്‌സ്ട്രാ ടൈമില്‍ കുവൈത്ത് മേധാവിത്തം നേടി. എട്ടാം മിനിറ്റില്‍ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ബംഗ്ലാദേശ് ഗോളി തടുത്തിട്ടു. എന്നാല്‍ അല്‍ബലൂഷിയുടെ കുതിപ്പ് തടയാന്‍ അനീസിനും സാധിച്ചില്ല. കളി തീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ഗോള്‍ മടക്കാന്‍ കിട്ടിയ സുവര്‍ണാവസരം റാഖിബ് ഹുസൈന്‍ പാഴാക്കി. കുവൈത്ത് ഗോളി മര്‍സൂഖിന്റെ നീട്ടിയ കാലില്‍ തട്ടി ഷോട്ട് വഴി തെറ്റി.