ബുലവായൊ- ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ പുറത്തായതോടെ വെസ്റ്റിന്‍ഡീസ് തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍. ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാനാവാത്തത് കരീബിയക്ക് കറുത്ത ദിനമായി. ആദ്യ രണ്ടു തവണ ലോക ചാമ്പ്യന്മാരായിരുന്ന വെസ്റ്റിന്‍ഡീസ് ഇല്ലാതെ ചരിത്രത്തിലാദ്യമായാണ് ഒക്ടോബറില്‍ ഇന്ത്യയില്‍ അടുത്ത ലോകകപ്പ് അരങ്ങേറുക. യോഗ്യതാ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ സിക്‌സ് ആദ്യ മത്സരം പിന്നിടുമ്പോഴേക്ക് തന്നെ വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ അവസാനിച്ചു. സിംബാബ്‌വെയോടും നെതര്‍ലാന്റ്‌സിനോടും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ വിന്‍ഡീസിന് സൂപ്പര്‍ സിക്‌സിലെ മൂന്നു കളികളും ജയിച്ചാലേ യോഗ്യത നേടാന്‍ നേരിയ സാധ്യതയെങ്കിലുമുണ്ടായിരുന്നുള്ളൂ. എന്നാല്‍ സൂപ്പര്‍ സിക്‌സിലെ ആദ്യ കളിയില്‍ അവര്‍ ഏഴു വിക്കറ്റിന് സ്‌കോട്‌ലന്റിന് മുന്നില്‍ മുട്ടുമടക്കി. ശ്രീലങ്ക, സിംബാബ്‌വെ, സ്‌കോട്‌ലന്റ്, നെതര്‍ലാന്റ്‌സ് ടീമുകളില്‍ രണ്ടെണ്ണം ലോകകപ്പിന് യോഗ്യത നേടിയേക്കും. ശ്രീലങ്കക്കും സിംബാബ്‌വെക്കും ആറും സ്‌കോട്‌ലന്റിന് നാലും നെതര്‍ലാന്റ്‌സിന് രണ്ടും പോയന്റാണ്. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 43.5 ഓവറില്‍ 181, സ്‌കോട്‌ലന്റ് 43.3 ഓവറില്‍ മൂന്നിന് 185.
നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും വിന്‍ഡീസ് പരാജയമായി. മുന്‍ നായകന്‍ ജെയ്‌സന്‍ ഹോള്‍ഡറും (45) റൊമാരിയൊ ഷെപ്പേഡും (36) തമ്മിലുള്ള 77 റണ്‍സ് കൂട്ടുകെട്ടാണ് ടീമിന് പൊരുതാനുള്ള സ്‌കോറെങ്കിലും സമ്മാനിച്ചത്. എന്നാല്‍ ഒരേ സ്‌കോറില്‍ ഇരുവരും പുറത്തായി. പിന്നീട് ക്രിസ്റ്റഫര്‍ മക്‌ബ്രൈഡിനെ (0) ആദ്യ പന്തില്‍ പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിന് പ്രതീക്ഷ നല്‍കി. പക്ഷെ മാത്യു ക്രോസും (74 നോട്ടൗട്ട്) ബ്രാന്‍ഡന്‍ മക്മൂലനും (69) അനായാസം സ്‌കോട്‌ലന്റിനെ വിജയത്തിലേക്ക് നയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് പോയന്റുള്‍പ്പെടെ സ്‌കോട്‌ലന്റിന് നാലു പോയന്റായി. ശ്രീലങ്കയോട് മാത്രമേ അവര്‍ തോറ്റിട്ടുള്ളൂ. 1975 ലും 1979 ലും ലോകകപ്പ് നേടിയ വെസ്റ്റിന്‍ഡീസ് 1983 ല്‍ ഇന്ത്യയോട് ഫൈനലില്‍ തോറ്റ ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്പ്യന്മരായിട്ടില്ല. 1996 ല്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ലോകകപ്പ് നടത്തിയപ്പോള്‍ വിന്‍ഡീസ് സെമി ഫൈനലിലെത്തിയിരുന്നു. 2011 ല്‍ ഇന്ത്യ സംയുക്തമായി ലോകകപ്പ് നടത്തിയപ്പോള്‍ ക്വാര്‍ട്ടറിലാണ് പുറത്തായത്. ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തായതിനാലാണ് അവര്‍ക്ക് ഇത്തവണ യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നത്. ആദ്യ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടി. 2019 ലെ ലോകകപ്പിനും വിന്‍ഡീസ് യോഗ്യതാ ടൂര്‍ണമെന്റിലൂടെയാണ് ടിക്കറ്റ് നേടിയത്. അന്ന് സ്‌കോട്‌ലന്റിനെയാണ് അവര്‍ മറികടന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. സ്‌കോട്‌ലന്റിനോടും അയര്‍ലന്റിനോടും തോറ്റ അവര്‍ സിംബാബ്‌വെയെ മാത്രമാണ് കീഴടക്കിയത്. രണ്ടു തവണ വിന്‍ഡീസിനെ ട്വന്റി20 കിരീടത്തിലേക്ക് നയിച്ച ഡാരന്‍ സാമിയാണ് ഇപ്പോള്‍ അവരുടെ കോച്ച്.






