ബുലവായൊ - ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിന്റെ സൂപ്പര്‍സിക്‌സില്‍ ശ്രീലങ്കയും വിജയത്തോടെ തുടങ്ങി. നെതര്‍ലാന്റ്‌സിനെ അവര്‍ 21 റണ്‍സിന് തോല്‍പിച്ചു. 47.4 ഓവറില്‍ 213 ന് ഓളൗട്ടായ ശ്രീലങ്ക തുല്യനാണയത്തില്‍ തിരിച്ചടിക്കുകയും 40 ഓവറില്‍ നെതര്‍ലാന്റ്‌സിനെ 192 ന് പുറത്താക്കുകയും ചെയ്തു. ശ്രീലങ്കക്കും സിംബാബ്‌വെക്കും ആറ് പോയന്റ് വീതമായി. രണ്ട് കളികള്‍ വീതം ബാക്കിയുണ്ട്.
സൂപ്പര്‍സിക്‌സില്‍ വെസ്റ്റിന്‍ഡീസിന് പരമാവധി നേടാനാവുന്നത് ആറ് പോയന്റാണ്. ആദ്യ മത്സരത്തില്‍ ഇന്ന് അവര്‍ സ്‌കോട്‌ലന്റുമായി ഏറ്റുമുട്ടും. ഈ കളി തോറ്റാല്‍ വിന്‍ഡീസിന്റെ പ്രതീക്ഷ അസ്തമിക്കും. നെതര്‍ലാന്റ്‌സിനോടും സിംബാബ്‌വെയോടും ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റതോടെ പൂജ്യം പോയന്റുമായാണ് വിന്‍ഡീസ് സൂപ്പര്‍ സിക്‌സ് ആരംഭിച്ചത്.
ഏഴാം ഓവറില്‍ ശ്രീലങ്കയെ നാലിന് 34 ലേക്ക് തള്ളിവിട്ട് നെതര്‍ലാന്റ്‌സ് മികച്ച തുടക്കമാണ് നേടിയത്. എന്നാല്‍ ധനഞ്ജയ ഡിസില്‍വയുടെ (111 പന്തില്‍ 93) തകര്‍പ്പന്‍ ഇന്നിംഗ്‌സ് അവര്‍ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചു. ലോഗാന്‍ വാന്‍ബീക്കും ബാസ് ഡിലീഡും മൂന്നു വിക്കറ്റ് വീതം നേടി.
വെസ്ലി ബരേസിയും (50 പന്തില്‍ 52) ബാസ് ഡിലീഡും (41) ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്‌സും (68 പന്തില്‍ 67 നോട്ടൗട്ട്) അവസാനം വരെ ഡച്ച് പ്രതീക്ഷ നിലനിര്‍ത്തി. മഹീഷ് തീക്ഷണ മൂന്നു വിക്കറ്റെടുത്തു. രണ്ട് വിക്കറ്റ് കൂടി നേടിയതോടെ ടൂര്‍ണമെന്റില്‍ വണീന്ദു ഹസരംഗയുടെ വിക്കറ്റ് നേട്ടം ഇരുപതായി.






