വിംബിള്ഡണ് - ഇരുപത്തിനാലാം തവണ വിംബിള്ഡണ് ടൂര്ണമെന്റില് കളിക്കാനൊരുങ്ങുന്ന വീനസ് വില്യംസിന് ആദ്യ റൗണ്ടില് ശക്തയായ എതിരാളി. 2019 ലെ സെമി ഫൈനലിസ്റ്റ് എലേന സ്വിറ്റോലിനയെയാണ് നാല്പത്തിമൂന്നുകാരി നേരിടേണ്ടത്. ഈ സീസണില് അഞ്ച് മത്സരം മാത്രമാണ് വീനസ് കളിച്ചത്. സ്വിറ്റോലിന പ്രസവത്തിനു ശേഷം ഏപ്രിലിലാണ് തിരിച്ചെത്തിയത്. രണ്ടു പേര്ക്കും വിംബിള്ഡണില് വൈല്ഡ് കാര്ഡ് എന്ട്രി നല്കുകയായിരുന്നു.
ആദ്യ രണ്ട് റൗണ്ടുകള് പിന്നിടുകയാണെങ്കില് വീനസിന് നേരിടേണ്ടി വരിക ഏഴാം സീഡ് കോക്കൊ ഗഫിനെയാവാം. 2019 ല് പതിനഞ്ചാം വയസ്സില് ഗഫ് വിംബിള്ഡണില് അരങ്ങേറിയത് വീനസിനെ തോല്പിച്ചാണ്. അഞ്ച് തവണ വിംബിള്ഡണും രണ്ട പ്രാവശ്യം യു.എസ് ഓപണും നേടിയിട്ടുണ്ട് വീനസ്.
ആതിഥേയ താരമായ ആന്ഡി മറെക്ക് ആദ്യ റൗണ്ടില് ബ്രിട്ടിഷുകാരന് തന്നെയാണ് എതിരാളി, റയാന് പെനിസ്റ്റണ്. ഈ കളി ജയിക്കുന്നയാള് നേരിടേണ്ടി വരിക അഞ്ചാം സീഡ് സ്റ്റെഫനോസ് സിറ്റ്സിപാസിനെയോ 2020 ലെ യു.എസ് ഓപണ് ചാമ്പ്യന് ഡൊമിനിക് തിയേമിനെയോ ആണ്. തിങ്കളാഴ്ചയാണ് വിംബിള്ഡണ് ആരംഭിക്കുക. കഴിഞ്ഞ നാലു തവണയും നോവക് ജോകോവിച്ചായിരുന്നു ചാമ്പ്യന്. ഇത്തവണ ഓസ്ട്രേലിയന് ഓപണും ഫ്രഞ്ച് ഓപണും നേടിയാണ് നോവക് വിംബിള്ഡണിനെത്തുന്നത്.






