പാരിസ് - വര്‍ഷങ്ങള്‍ മുമ്പ് ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബ് നീസില്‍ കോച്ചായിരിക്കെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ പി.എസ്.ജിയുടെ പരിശീലകന് ക്രിസ്റ്റഫ് ഗാള്ടിയറെയും മകനെയും കസ്റ്റഡിയിലെടുത്തു. ഗാള്ടിയറെയും മകന് ജോണ്‍ വാലോവിച്ചിനെയും ചോദ്യം ചെയ്യുകയാണ്. ഗാള്‍ടിയര്‍ ആരോപണം നിഷേധിക്കുകയാണ്.
നീസ് ക്ലബ്ബിന്റെ മുന്‍ ഡയരക്ടര്‍ ജൂലിയന്‍ ഫൂര്ണിയര് ക്ലബ്ബ് ഉടമകള്‍ക്ക് അയച്ച ഇ-മെയില്‍ ചോര്‍ന്നതോടെയാണ് ഗാള്‍ടിയര്‍ വിവാദത്തില്‍ പെട്ടത്. നീസ് ടീമില്‍ കറുത്ത വര്‍ഗക്കാരും മുസ്ലിം കളിക്കാരും കൂടി വരികയാണെന്ന് ഗാള്‍ടിയര്‍ കുറ്റപ്പെടുത്തുന്നതായി അതില്‍ പരാമര്‍ശമുണ്ട്.
ആരോപണം തന്റെ മനുഷ്യത്വത്തെ അങ്ങേയറ്റം ചോദ്യം ചെയ്യുന്നതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഗാള്‍ടിയര്‍ പറഞ്ഞു. ഖത്തര്‍ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് പി.എസ്.ജി. ഗാള്ടിയര്ക്ക് പി.എസ്.ജിയുമായി ഒരു വര്‍ഷം കൂടി കരാറുണ്ട്. എന്നാല്‍ അധികം തുടരില്ലെന്നാണ് സൂചന. മുന്‍ ബാഴ്സലോണ, സ്പെയിന് കോച്ച് ലൂയിസ് എന്റിക്കെയുമായി പി.എസ്.ജി ചര്‍ച്ച നടത്തുന്നുണ്ട്.






