മുംബൈ - ഇന്ത്യക്കു വേണ്ടി 26 ടെസ്റ്റും 191 ഏകദിനങ്ങളും കളിച്ച പെയ്‌സ്ബൗളര്‍ അജിത് അഗാര്‍ക്കര്‍ പുതിയ ചീഫ് സെലക്ടറാവും. ചീഫ് സെലക്ടറുടെ പ്രതിഫലം വര്‍ധിപ്പിച്ചതോടെയാണ് അഗാര്‍ക്കര്‍ അപേക്ഷ നല്‍കാന്‍ തയാറായത്. ആഭ്യന്തര ക്രിക്കറ്റില്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് അഗാര്‍ക്കര്‍ക്ക്. വാര്‍ത്താ ചാനലിന്റെ ഒളിക്യാമറയില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ ചേതന്‍ ശര്‍മ ഫെബ്രുവരി രാജി വെച്ച ശേഷം സെലക്ഷന്‍ കമ്മിറ്റിയെ താല്‍ക്കാലിക അധ്യക്ഷന്‍ ശിവസുന്ദര്‍ ദാസാണ് നയിക്കുന്നത്. സലില്‍ അങ്കോളയും എസ്. ശരത്തും സുബ്രൊതൊ ബാനര്‍ജിയുമാണ് ശിവസുന്ദര്‍ ദാസിനെ കൂടാതെ സെലക്ഷന്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍.
ഇന്ത്യയെ പോലൊരു മുന്‍നിര ക്രിക്കറ്റ് രാജ്യം നല്ല സെലക്ഷന്‍ പാനലിനെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും കുറച്ചുകാലമായി അസ്ഥിരതയാണ്. സാധാരണ രണ്ട് ഊഴമാണ് ഒരു ചെയര്‍മാന് നല്‍കാറ്. എന്നാല്‍ ട്വന്റി20 ലോകകപ്പിനു ശേഷം ചേതന്‍ ശര്‍മക്ക് രണ്ടാമൂഴം നല്‍കാതെ ബി.സി.സി.ഐ പുതിയ അപേക്ഷ ക്ഷണിച്ചു. പക്ഷെ പറ്റിയ ആരും അപേക്ഷിച്ചില്ല. ഒടുവില്‍ ചേതനെ തന്നെ വീണ്ടും നിയമിച്ചു. എന്നാല്‍ ചേതന്‍ ഒളിക്യാമറയില്‍ കുടുങ്ങി രാജി വെച്ചു.
സെലക്ടര്‍മാര്‍ക്ക് ബി.സി.സി.ഐ നല്‍കുന്നത് വര്‍ഷം ഒരു കോടി രൂപയാണ്. എന്നാല്‍ മുന്‍കാല ക്രിക്കറ്റര്‍മാര്‍ക്ക് കമന്ററി റോളില്‍ ഇതിനെക്കാളേറെ ലഭിക്കുന്നുണ്ട്. തുടര്‍ന്നാണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അഗാര്‍ക്കര്‍ ദല്‍ഹി കാപിറ്റല്‍സിന്റെ അസിസ്റ്റന്റ് കോച്ചിംഗ് സ്ഥാനം രാജി വെച്ചാണ് സെലക്ടറാവുന്നത്.






