ഇന്ത്യxലെബനോന്‍
വൈകു: 5.00
കുവൈത്ത്xബംഗ്ലാദേശ്
ഉച്ച 12.30
ബംഗളൂരു - സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ടീമിന് സെമി ഫൈനലില്‍ ശനിയാഴ്ച കനത്ത വെല്ലുവിളി. ലെബനോനാണ് അവസാന നാലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫൈനലില്‍ ഒരാഴ്ച മുമ്പ് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിക്ക് കണക്ക് ചോദിക്കാനൊരുങ്ങുകയാണ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ ലെബനോന്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. അവസാന ലീഗ് മത്സരത്തില്‍ കുവൈത്തിനെതിരെ ഇഞ്ചുറി ടൈമില്‍ സെല്‍ഫ് ഗോളില്‍ സമനില വഴങ്ങുകയായിരുന്നു ഇന്ത്യ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കുവൈത്ത് സെമിയില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശിനെ നേരിടും. രണ്ട് കളികളും ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ്.
ഇന്ത്യയും ലെബനോനും ഭുവനേശ്വറില്‍ നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍രഹിത സമനില പാലിച്ചിരുന്നു. ഫൈനലില്‍ അവരെ 2-0 ന് തോല്‍പിച്ചു. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ കുവൈത്തും ലെബനോനും അതിഥികളായാണ് പങ്കെടുക്കുന്നത്.
കുവൈത്തിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന് ഫൈനലില്‍ കളിക്കളത്തിന് സമീപം ഇരിക്കാനാവില്ല. രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടിയ സെന്‍ട്രല്‍ ഡിഫന്റര്‍ സന്ദേശ് ജിംഗനും സെമിയില്‍ ഇറങ്ങാനാവില്ല.
അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലിയാണ് ഗ്രൗണ്ടില്‍ ടീമിന് നിര്‍ദേശങ്ങള്‍ നല്‍കുക. സ്റ്റിമാച്ചിന്റെ നേതൃത്വത്തില്‍ എല്ലാ അര്‍ഥത്തിലും ടീം സെമി ഫൈനലിനായി ഒരുങ്ങിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാനെതിരായ ആദ്യ കളിയിലും സ്റ്റിമാച് പുറത്താക്കപ്പെട്ടിരുന്നു. നേപ്പാളിനെതിരായ വിജയത്തില്‍ മഹേഷ് ഗാവ്‌ലിയായിരുന്നു ടീമിനൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നത്. അന്നത്തെ വിജയം ആവര്‍ത്തിക്കാനാവുമെന്ന് ഛേത്രി വിശ്വാസം പ്രകടിപ്പിച്ചു.
ഭുവനേശ്വറില്‍ കൊടും ചൂട് ലെബനോന്‍ ടീമിനെ പ്രയാസപ്പെടുത്തിയിരുന്നുവെന്നും ബംഗളൂരുവില്‍ അവര്‍ നന്നായി കളിക്കുന്നുണ്ടെന്നും ഗാവ്‌ലി ചൂണ്ടിക്കാട്ടി. അവരുടെ ക്യാപ്റ്റന്‍ ഹസന്‍ മഅതൂഖ് അപകടകാരിയാണെന്നും അസിസ്റ്റന്റ് കോച്ച് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മത്സരങ്ങളില്‍ ബംഗളൂരുവിലെ കാണികളില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതെന്നും സെമിയിലും അതാണ് പ്രതീക്ഷിക്കുന്നതെന്നും ഛേത്രി പറഞ്ഞു.
ഭുവനേശ്വറിലെ ഇന്ത്യക്കെതിരായ രണ്ട് കളികളില്‍ നിന്ന് ലഭിച്ച പാഠം സാഫ് ചാമ്പ്യന്‍ഷിപ് സെമിയില്‍ ലെബനോന്‍ ഉപയോഗപ്പെടുത്തുമെന്ന് അവരുടെ കോച്ച് അലക്‌സാണ്ടര്‍ ഇലിച് വിശദീകരിച്ചു. ക്ലബ്ബുകള്‍ വിളിപ്പിച്ചതിനാല്‍ ജിഹാദ് അയ്യൂബും സൂനി സഅദും ലെബനോനിലേക്ക് മടങ്ങിയതായി കോച്ച് വെളിപ്പെടുത്തി.






