ബുലവായൊ - ഒമാനെ കഷ്ടിച്ച് 14 റണ്‍സിന് തോല്‍പിച്ച സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ പടിവാതില്‍ക്കല്‍. യോഗ്യതാ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ സിക്‌സിലെ ആദ്യ കളി ജയിച്ചതോടെ സിംബാബ്‌വെക്ക് ആറ് പോയന്റായി. ഒരു കളി കൂടി ജയിച്ചാല്‍ അവര്‍ക്ക് ബെര്‍ത്ത് ഉറപ്പാവും.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഏഴിന് 332 റണ്‍സടിച്ചപ്പോള്‍ ഒമാന്റെ മറുപടി ഒമ്പതിന് 318 ല്‍ അവസാനിച്ചു. ഒമാന്റെ പ്രതീക്ഷ അസ്തമിച്ചു. സിംബാബ്‌വെ ക്യാപ്റ്റന്‍ ഷോണ്‍ വില്യംസ് ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറി നേടി (103 പന്തില്‍ 142). 97 പന്തില്‍ 103 റണ്‍സോടെ ഓപണര്‍ കശ്യപ് പ്രജാപതി ഒമാന്റെ മറുപടിക്ക് ചുക്കാന്‍ പിടിച്ചു. അവസാന 17 പന്തില്‍ 39 റണ്‍സ് മതിയായിരുന്നു ഒമാന്. മൂന്നു റണ്‍സ് മാത്രം പിറന്ന റിച്ചാഡ് എന്‍ഗാരവ എറിഞ്ഞ 49ാം ഓവറാണ് സിംബാബ്‌വെക്ക് വിജയമുറപ്പാക്കിയത്.






