ആഷസ് ടെസ്റ്റില്‍  ക്ലൈമറ്റ് പ്രതിഷേധം

ലണ്ടന്‍ - ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലിറങ്ങി. ടോസ് നേടി ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്ത ശേഷം സ്റ്റുവാര്‍ട് ബ്രോഡ് രണ്ടാം ഓവര്‍ എറിയുന്നതിന് മുമ്പാണ് 'ജസ്റ്റ് സ്‌റ്റോപ് ഓയില്‍' എന്ന പരിസ്ഥിതി സംഘടയിലെ രണ്ട് പ്രവര്‍ത്തകര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയത്. സംഘടനയുടെ മുഖമുദ്രയായ ഓറഞ്ച് പൊടി ക്രീസിനു സമീപം വിതറി. ഒരാളെ ഇംഗ്ലണ്ട് വിക്കറ്റ്കീപ്പര്‍ ജോണി ബെയര്‍സ്‌റ്റൊ പിടിച്ച് പുറത്തെത്തിച്ചു. രണ്ടാമനെ സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി തടഞ്ഞു. മൂന്നാമതൊരാള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനായില്ല. ഓറഞ്ച് പൊടി നീക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് ശ്രമിച്ചതോടെ മിനിറ്റുകളോളം കളി തടസ്സപ്പെട്ടു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ എണ്ണ ഖനനം തടയണമെന്നാവശ്യപ്പെടുന്ന സംഘടനയാണ് 'ജസ്റ്റ് സ്‌റ്റോപ് ഓയില്‍'. ഫോര്‍മുല വണ്‍ മത്സരവും പ്രീമിയര്‍ ലീഗ് ഫുട്‌ബോളുമുള്‍പ്പെടെ കായിക മത്സരങ്ങള്‍ അവര്‍ തടസ്സപ്പെടുത്തിയിരുന്നു. ഈ മാസമാദ്യം അയര്‍ലന്റിനെതിരായ ടെസ്റ്റിന് ലോഡ്‌സ് ഗ്രൗണ്ടിലേക്ക് പോവുകയായിരുന്ന ഇംഗ്ലണ്ടിന്റെ ടീം ബസ്സും അവര്‍ തടഞ്ഞിരുന്നു. 
ആദ്യ ടെസ്റ്റിലെ വിജയശില്‍പി ഉസ്മാന്‍ ഖ്വാജ (17) എളുപ്പം പുറത്തായെങ്കിലും ഓസ്‌ട്രേലിയ ശക്തമായ നിലയിലാണ്. രണ്ടിന് 190 ലാണ് അവര്‍ ചായക്കു പിരിഞ്ഞത്. ഡേവിഡ് വാണര്‍ (66) അര്‍ധശതകം നേടി. മാര്‍നസ് ലാബുഷൈനും (45) സ്റ്റീവ് സ്മിത്തും (38) അര്‍ധ സെഞ്ചുറിയിലേക്ക് നീങ്ങുകയാണ്. രണ്ടു വിക്കറ്റും പുതുമുഖം ജോഷ് ടംഗിനാണ്.  

Latest News