വീണ്ടുമെത്തും വീനസ്, വിംബിള്‍ഡണില്‍ 24ാം തവണ

വിംബിള്‍ഡണ്‍ - ഈ വര്‍ഷത്തെ മൂന്നാമത്തെ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സീഡുകളെ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപണും ഫ്രഞ്ച് ഓപണും നേടിയ നോവക് ജോകോവിച് അല്ല ടോപ് സീഡ്, കാര്‍ലോസ് അല്‍കാരസാണ്. കഴിഞ്ഞ നാലു തവണയും നോവക്കായിരുന്നു വിംബിള്‍ഡണ്‍ ചാമ്പ്യന്‍. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പറും ഫ്രഞ്ച് ഓപണ്‍ ചാമ്പ്യനുമായ ഈഗ ഷ്വിയോന്‍ടെക്കിന് ഒന്നാം സീഡായി പ്രഖ്യാപിച്ചു. 
എ.ടി.പി, ഡബ്ല്യു.ടി.എ റാങ്കിംഗ് ആസ്പദമാക്കിയാണ് വിംബിള്‍ഡണ്‍ അധികൃതര്‍ സീഡിംഗ് നല്‍കുന്നത്. ഈ മാസം 11 ന് ഫ്രഞ്ച് ഓപണ്‍ നേടിയ ശേഷം നോവക് വിട്ടുനില്‍ക്കുകയായിരുന്നു. അതോടെ തിങ്കളാഴ്ച അല്‍കാരസ് ഒന്നാം സ്ഥാനം വീണ്ടെടുത്തു. ക്വീന്‍സ് ക്ലബ്ബ് ടൂര്‍ണമെന്റില്‍ അല്‍കാരസ് ചാമ്പ്യനായി. നോവക് ഏഴു തവണ വിംബിള്‍ഡണ്‍ നേടിയിട്ടുണ്ട്. 
ഡാനില്‍ മെദ്‌വദേവ്, കാസ്പര്‍ റൂഡ്, സ്റ്റെഫനോസ് സിറ്റ്‌സിപാസ്, ഹോള്‍ഗര്‍ റൂണ്‍, യാനിക് സിന്നര്‍, ടയ്‌ലര്‍ ഫ്രിറ്റ്‌സ്, ഫ്രാന്‍സിസ് തിയാഫു എന്നിവരാണ് തുടര്‍ന്നുള്ള പുരുഷ സീഡുകള്‍. കഴിഞ്ഞ തവണ നോവക്കിനോട് ഫൈനലില്‍ ഏറ്റുമുട്ടിയ നിക് കിറിയോസ് 31ാം സീഡാണ്. 
ലോക ഒന്നാം നമ്പറാണെങ്കിലും ഈഗ വിംബിള്‍ഡണ്‍ പ്രി ക്വാര്‍ട്ടറിനപ്പുറം പോയിട്ടില്ല. അരീന സബലെങ്ക, നിലവിലെ ചാമ്പ്യന്‍ എലീന റിബാകീന, ജെസിക്ക പെഗൂല, കരൊലൈന്‍ ഗാര്‍സിയ, ഉന്‍സ് ജാബിര്‍, കോക്കൊ ഗഫ്, മരിയ സക്കാരി, രണ്ടു തവണ ചാമ്പ്യനായ പെട്ര കവിറ്റോവ, ബാര്‍ബോറ ക്രയ്‌സികോവ തുടങ്ങിയവരാണ് തുടര്‍ന്നുള്ള വനിതാ സീഡുകള്‍. 
സംഘാടകര്‍ വൈല്‍ഡ് കാര്‍ഡ് നല്‍കിയതോടെ വീനസ് വില്യംസ് ഇരുപത്തിനാലാം തവണ വിംബിള്‍ഡണ്‍ കളിക്കും. 26 വര്‍ഷം മുമ്പ് പതിനേഴാം വയസ്സിലായിരുന്നു വീനസിന്റെ ആദ്യ വിംബിള്‍ഡണ്‍. ആദ്യ ശ്രമത്തില്‍ ഒന്നാം റൗണ്ടില്‍ പുറത്തായ വീനസ് അഞ്ചു തവണ ചാമ്പ്യനായി. 2008 ല്‍ സഹോദരി സെറീന വില്യംസിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്. നാലു തവണ ഫൈനലില്‍ തോറ്റു. അതില്‍ മൂന്നു തവണയും സെറീനയോടായിരുന്നു. മുന്‍ ലോക ഒന്നാം നമ്പറായ നാല്‍പത്തിമൂന്നുകാരി ഇപ്പോള്‍ 554ാം റാങ്കാണ്. 

Latest News