സീസണ്‍ ബെസ്റ്റുമായി ഡുപ്ലാന്റിസ് 

ഒസ്ട്രാവ - അമേരിക്കയില്‍ ജനിച്ച സ്വീഡിഷ് പോള്‍വോള്‍ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു. ചെക് റിപ്പബ്ലിക്കിലെ ഗോള്‍ഡന്‍ സ്‌പൈക്ക് അത്‌ലറ്റിക്‌സ് മീറ്റില്‍ 6.12 മീറ്റര്‍ ചാടിയ ഡുപ്ലാന്റിസ് ഈ സീസണിലെ സ്വന്തം റെക്കോര്‍ഡ് ഒരു സെന്റിമീറ്ററാണ് മെച്ചപ്പെടുത്തിയത്. പ്രൊഫഷനല്‍ മീറ്റുകളില്‍ ആറു മീറ്ററിനപ്പുറത്തേക്ക് അറുപതിലേറെ തവണ ചാടിയ ഏക പോള്‍വോള്‍ടറാണ് ഡുപ്ലാന്റിസ്. ഈ മാസമാദ്യം നെതര്‍ലാന്റ്‌സിലാണ് 6.11 മീറ്റര്‍ ചാടിയതത്. ആദ്യ ശ്രമത്തില്‍ 6.12 മീറ്റര്‍ പിന്നിട്ട ഇരുപത്തിമൂന്നുകാരന്‍ പിന്നീട് 6.17 മീറ്റര്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 6.22 മീറ്ററാണ് ഡുപ്ലാന്റിസിന്റെ പേരിലുള്ള ലോക റെക്കോര്‍ഡ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്രാന്‍സില്‍ സ്ഥാപിച്ചത്. 
മറ്റൊരു ലോക റെക്കോര്‍ഡ് ജേതാവ് റയന്‍ ക്രൂസര്‍ ഷോട്പുട്ടില്‍ ഒന്നാമതെത്തി (22.63 മീ.). വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പ്യൂര്‍ടോറിക്കയുടെ ഒളിംപിക് ചാമ്പ്യന്‍ ജാസ്മിന്‍ കമാചൊ ക്വിന്‍ ഈ വര്‍ഷത്തെ അജയ്യ റെക്കോര്‍ഡ് നിലനിര്‍ത്തി. തലനാരിഴക്കാണ് ജാസ്മിന്‍ അമേരിക്കയുടെ നിയ അലിയെയും നൈജീരിയയുടെ ലോക റെക്കോര്‍ഡുകാരി ടോബി അമുസാനെയും മറികടന്നത്. 100 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ അകാനെ സിംബിനെ 9.98 സെക്കന്റില്‍ കുതിച്ചെത്തി. 

Latest News