മുംബൈ - വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത ശേഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് സര്‍ഫറാസ് ഖാനെ തഴഞ്ഞതാണ്. കഴിഞ്ഞ മൂന്നു രഞ്ജി സീസണിലും ടോപ്‌സ്‌കോററായിരുന്നു മുംബൈ ബാറ്റര്‍. ഇങ്ങനെയാണെങ്കില്‍ രഞ്ജി ട്രോഫി നിര്‍ത്തുന്നതാണ് നല്ലതെന്ന് സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചു. 2020 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നൂറിനു മുകളിലാണ് സര്‍ഫറാസിന്റെ ബാറ്റിംഗ് ശരാശരി.
സര്‍ഫറാസിനെ തഴഞ്ഞതിന്റെ കാരണം വെളിപ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് അവകാശമില്ല. ബി.സി.സി.ഐ വൃത്തങ്ങള്‍ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഫിറ്റ്‌നസ് ഇല്ലാത്തതും പെരുമാറ്റ പ്രശ്‌നങ്ങളും. എന്തായിരിക്കാം യഥാര്‍ഥ കാരണം?
മുംബൈ ടീമില്‍ സര്‍ഫറാസ് ബാറ്റ് ചെയ്യുന്നത് അഞ്ചാം സ്ഥാനത്തോ പിന്നിലോ ആണ്. ആദ്യ നാലില്‍ ബാറ്റ് ചെയ്യാത്തവര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ബാറ്റിംഗ് സ്ഥാനം നേടാന്‍ സാധ്യത കുറവാണ്. സര്‍ഫറാസ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയ 3505 റണ്‍സില്‍ 3348 റണ്‍സും അഞ്ചാം സ്ഥാനത്തോ പിന്നിലോ ബാറ്റ് ചെയ്തു നേടിയതാണ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ 54 ബാറ്റര്‍മാരില്‍ കരുണ്‍ നായര്‍ മാത്രമേ രഞ്ജി ടീമില്‍ അഞ്ചാം സ്ഥാനത്തോ പിന്നിലോ ബാറ്റ് ചെയ്തിട്ടുള്ളൂ. രഞ്ജി മത്സരങ്ങളില്‍ ഈ സ്ഥാനത്ത് കളിക്കുമ്പോള്‍ ബാറ്റര്‍ നേരിടേണ്ടത് താരതമ്യേന പഴയ പന്തും തളര്‍ന്ന ബൗളര്‍മാരെയുമാണ്. സര്‍ഫറാസിന് പുതിയ പന്ത് നേരിടാന്‍ കഴിവുണ്ടാവാം, സെലക്ടര്‍മാര്‍ക്ക് അത് മനസ്സിലാവണമെങ്കില്‍ സര്‍ഫറാസ് ആദ്യ നാലില്‍ ബാറ്റ് ചെയ്യണം.
രഞ്ജി ടീമുകളില്‍ സാധാരണ ബാറ്റര്‍മാര്‍ അഞ്ചോ ആറോ സ്ഥാനത്ത് തുടങ്ങുകയും ക്രമേണ ആദ്യ നാലിലേക്ക് വരികയുമാണ് ചെയ്യുക. യശസ്വി ജയ്‌സ്വാളും ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും അജിന്‍ക്യ രഹാനെയുമുള്ള മുംബൈ ടീമില്‍ സര്‍ഫറാസിന് അതിന് അവസരം ലഭിക്കുന്നില്ല. ആദ്യ നാലില്‍ റണ്‍സ് വാരിയാല്‍ സെലക്ടര്‍മാര്‍ക്ക് സര്‍ഫറാസിനെ അവഗണിക്കാനാവില്ല.






