ദോഹ- ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഇമാറ ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിച്ച 45-ാമത് മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ദേയമായി. നാനൂറിലേറെ പ്രവാസികൾ ക്യാമ്പിന്റെ സേവങ്ങൾ ഉപയോഗപ്പെടുത്തി.
ഇന്റേണൽ മെഡിസിൻ, ഇ.എൻ.ടി, ഡെന്റൽ ഓറൽ സ്‌ക്രീനിംഗ്, ഓർത്തോപീഡിക്, ഡെർമറ്റോളജി, ഫിസിയോതെറാപ്പി തുടങ്ങി വിവിധ മെഡിക്കൽ സ്‌പെഷ്യാലിറ്റികളിലുള്ള പരിശോധന മെഡിക്കൽ ക്യാമ്പിൽ നൽകി. ആവശ്യക്കാർക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി.
ചികിത്സാ സഹായത്തിനു പുറമേ, ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും ക്യാമ്പ് നടന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സുമൻ സോങ്കറിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് ടി ആഞ്ജലിൻ പ്രേമലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ, ക്യുലൈഫ് ഫാർമ, ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം ഖത്തർ എന്നിവരും മെഡിക്കൽ ക്യാമ്പിൽ സേവനം നൽകി. അൽ ഇമാറ മെഡിക്കൽ കെയർ ഡയറക്ടർ അഷ്‌റഫ് ചെറക്കൽ, അൽ ഇമാറ മെഡിക്കൽ കെയറിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അമീൻ എന്നിവർ സംസാരിച്ചു. ഐ.സി.ബി.എഫ് അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി നന്ദി രേഖപ്പെടുത്തി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ കെ, ട്രഷറർ കെൽദീപ് കൂർ ബെൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ഹമീദ് റാസ, സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, കുൽവീന്ദർ സിംഗ് ഹണി, ഉപദേശക സമിതി അംഗങ്ങളായ ശശിധർ ഹെബ്ബാൽ, ടി. രാമസെലവം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.






