മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദികളിലൊന്നായി അവസാന നിമിഷവും പരിഗണനയിലുണ്ടായിരുന്ന തിരുവനന്തപുരം അന്തിമ ലിസ്റ്റില്‍ പുറത്ത്. മൊഹാലിക്കും സ്ഥാനമില്ല. പകരം പൂനെയാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വാഴ്ത്തപ്പെട്ട തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിനെ തഴഞ്ഞതില്‍ ശശി തരൂര്‍ എം.പി നിരാശ രേഖപ്പെടുത്തി. അഹമ്മദാബാദ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലസ്ഥാനമായി മാറുന്നത് മനസ്സിലാക്കാം, എന്നാല്‍ രണ്ടോ മൂന്നോ കളികള്‍ കേരളത്തിന് അനുവദിക്കാമായിരുന്നില്ലേ? -തരൂര്‍ ചോദിച്ചു. ഹൈദരാബാദ് വേദികളുടെ പട്ടികയിലുണ്ടെങ്കിലും മൂന്നു കളികള്‍ മാത്രമാണ് അനുവദിച്ചത്. ഇന്ത്യന്‍ ടീം കളിക്കാത്ത ഏക വേദി കൂടിയാണ് ഹൈദരാബാദ്.
മൊഹാലിയെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ഇക്കാര്യം ബി.സി.സി.ഐയില്‍ ഉന്നയിക്കുമെന്നും പഞ്ചാബ് സ്‌പോര്‍ട്‌സ് മന്ത്രി ഗുര്‍മീത് സിംഗ് ഹായര്‍ ആരോപിച്ചു.
ആശ്വാസമെന്ന നിലയില്‍ തിരുവന്തപുരത്ത് സന്നാഹ മത്സരങ്ങള്‍ക്കായി ടീമുകളെത്തും. തിരുവനന്തപുരത്തും ഹൈദരാബാദിലും ഗുവാഹത്തിയിലുമാണ് സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സന്നാഹ മത്സരങ്ങള്‍. ഇന്ത്യന്‍ ടീം രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുക. ആദ്യത്തേത് സെപ്റ്റംബര്‍ 30 ന് ഗുവാഹതിയില്‍ ഇംഗ്ലണ്ടിനെതിരെയാണ്. രണ്ടാമത്തേത് ഒക്ടോബര്‍ മൂന്നിന് തിരുവനന്തപുരത്തും. യോഗ്യതാ ടൂര്‍ണമെന്റിലൂടെ വരുന്ന ടീമിനെയാണ് തിരുവനന്തപുരത്ത് രോഹിത് ശര്‍മയും കൂട്ടരും നേരിടുക.






