തിരുവനന്തപുരത്തും ലോകകപ്പ് മത്സരങ്ങള്‍ 

മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഐ.സി.സി ചൊവ്വാഴ്ച പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനായി തെരഞ്ഞെടുത്ത 12 വേദികളില്‍ തിരുവനന്തപുരവും ഉണ്ടെന്നാണ് സൂചന. തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബിലായിരിക്കും കളി നടക്കുക. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, അഹമ്മദാബ്ദ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗുവാഹത്തി, ധര്‍മശാല, ലഖ്‌നൗ, പൂനെ എന്നിവയായിരിക്കും മറ്റു വേദികള്‍. 
അഹമ്മദാബാദിലായിരിക്കും ഫൈനല്‍. സെമി ഫൈനലുകള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1996 ലെ ഇന്ത്യ-ശ്രീലങ്ക സെമി ഫൈനലാണ് ഈഡനില്‍ അവസാനമായി നടന്ന ലോകകപ്പ് നോക്കൗട്ട് മത്സരം. ആ മത്സരം ഇന്ത്യ തോല്‍ക്കുമെന്നായതോടെ കാണികള്‍ കലാപമുണ്ടാക്കുകയായിരുന്നു. ഇത്തവണ ബംഗളൂരു, ചെന്നൈ എന്നിവയുടെ മത്സരം അതിജീവിച്ചാണ് കൊല്‍ക്കത്ത സെമി വേദി നേടിയെടുത്തത്. 2016 ല്‍ ട്വന്റി20 ലോകകപ്പ് ഫൈനല്‍ ഈഡനില്‍ അരങ്ങേറിയിരുന്നു. നാടകീയമായ അവസാന ഓവറില്‍ വെസ്റ്റിന്‍ഡീസ് കിരീടം നേടി. 
തിങ്കളാഴ്ച ഷെഡ്യൂള്‍ പുറത്തുവരുമെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. മുംബയില്‍ ലോകകപ്പ് ഷെഡ്യൂള്‍ പ്രകാശനച്ചടങ്ങിലേക്ക് ക്ഷണിക്കുന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അതു കാരണം മാധ്യമങ്ങള്‍ കാതു കൂര്‍പ്പിച്ചു. പക്ഷെ രാത്രി 11 കഴിഞ്ഞിട്ടും ഷെഡ്യൂള്‍ പുറത്തുവിടുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഒക്ടോബര്‍ അഞ്ചിന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാനിരിക്കെ ഇനി 100 ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.
ജൂണ്‍ ഏഴിന് ആരംഭിച്ച ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലിനിടെ മത്സരക്രമം പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നത്. ഫൈനല്‍ കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും മത്സരക്രമം പുറത്തുവരുന്നതിന്റെ യാതൊരു സൂചനയുമില്ല.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉടക്കാണ് മത്സരക്രമം വൈകാന്‍ പ്രധാന കാരണമെന്നാണ് സൂചന. ഒക്ടോബര്‍ 15 ന് ഇന്ത്യപാക്കിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ നടത്താമെന്നാണ് കരട് മത്സരക്രമത്തില്‍ നിര്‍ദേശിച്ചിരുന്നത്. ഇത് പാക്കിസ്ഥാന്‍ ബോര്‍ഡ് അംഗീകരിച്ചില്ല. ആദ്യം ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കട്ടെ എന്നിട്ടാവാം എവിടെ കളിക്കണമെന്ന് തീരുമാനിക്കാനെന്നാണ് പി.സി.ബി അധ്യക്ഷന്‍ നജം സേത്തി കഴിഞ്ഞ ദിവസം പറഞ്ഞത്.
മറ്റു ചില വേദികളുടെ കാര്യത്തിലും പാക്കിസ്ഥാന് ആശങ്കയുണ്ട്. സ്പിന്നനുകൂലമായ ചെപ്പോക്കില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം നടത്തുന്നതാണ് ഒന്ന്. ചെപ്പോക്കില്‍ റാഷിദ് ഖാനും നൂര്‍ അഹമ്മദിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാക്കിസ്ഥാന്‍ പ്രയാസപ്പെടും. ബംഗളൂരുവിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനും അവര്‍ക്ക് താല്‍പര്യമില്ല. ഓസ്‌ട്രേലിയയെ ചെന്നൈയിലും അഫ്ഗാനിസ്ഥാനെ ബംഗളൂരുവിലും നേരിടാമെന്നാണ് അവരുടെ നിര്‍ദേശം.
പാക്കിസ്ഥാന് അനുവദിച്ച ഏഷ്യന്‍ കപ്പ് ക്രിക്കറ്റ് വേദി സംബന്ധിച്ച് ബി.സി.സി.ഐ ഉടക്ക് വെച്ചിരുന്നു. അതേ രീതിയില്‍ തിരിച്ചടിക്കുകയാണ് പി.സി.ബിയെന്നാണ് സൂചന.


 

Latest News