ഗാഡനര്‍ക്ക് എട്ട് വിക്കറ്റ്, വനിതാ ആഷസിലും ഓസീസ്

നോട്ടിംഗാം - അഷ്‌ലെയ് ഗാഡനര്‍ ഇന്നിംഗ്‌സില്‍ എട്ടു വിക്കറ്റും മത്സരത്തില്‍ 12 വിക്കറ്റും വീഴ്ത്തിയതോടെ വനിതാ ആഷസിലും ഓസ്‌ട്രേലിയക്ക് ജയം. ഇംഗ്ലണ്ടിനെ അവര്‍ 89 റണ്‍സിന് തോല്‍പിച്ചു. പുരുഷ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റും ഓസ്‌ട്രേലിയയാണ് ജയിച്ചത്. ഡാനി വ്യാറ്റ് അര്‍ധശതകം (54) നേടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 178 ന് ഓളൗട്ടായി. 66 റണ്‍സ് വിട്ടുകൊടുത്താണ് ഓഫ്‌സ്പിന്നര്‍ എട്ടു പേരെ പുറത്താക്കിയത്. 268 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചിന് 141 ലെത്തിയിരുന്നു. വ്യാറ്റും കെയ്റ്റ് ക്രോസും (13) ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 37 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ ഓളൗട്ടായി. ക്രോസിനെ പുറത്താക്കിയ ഗാനഡര്‍ അവസാന ദിനം വീണ അഞ്ചു വിക്കറ്റും സ്വന്തമാക്കി. വ്യാറ്റിനെ വിക്കറ്റിന് മുന്നില്‍ ്കുടുക്കിയാണ് വിജയം പൂര്‍ത്തിയാക്കിയത്. 

Latest News