സൂപ്പര്‍ ഓവറില്‍ വീണു, വിന്‍ഡീസ് ഇല്ലാതെ ലോകകപ്പോ?

ഹരാരെ - ടൈയും 30 റൺസ് ഒഴുകിയ സൂപ്പർ ഓവറും കണ്ട ത്രസിപ്പിച്ച ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ നെതർലാന്റ്‌സ് അട്ടിമറിച്ചു. നിക്കൊളാസ് പൂരാന്റെ സെഞ്ചുറിയോടെ (65 പന്തിൽ 104) വിൻഡീസ് നേടിയ ആറിന് 374 നെതർലാന്റ്‌സ് മറികടക്കുമെന്ന് തോന്നിയതാണ്. രണ്ടു വിക്കറ്റും ഒരു പന്തും ശേഷിക്കെ അവർ വിൻഡീസ് സ്‌കോറിനൊപ്പമെത്തി. എന്നാൽ അവസാന പന്തിൽ ജോസഫ് വാൻബീകിനെ ജയ്‌സൻ ഹോൾഡർ പറന്നു പിടിച്ചതോടെ കളി ടൈയായി. സൂപ്പർ ഓവറിൽ ഹോൾഡർക്ക് അതിന് വാൻബീക് കണക്കിന് കൊടുത്തു. ആറ് പന്തിൽ 30 റൺസ് ഒഴുകി. മൂന്നു സിക്‌സറും മൂന്നു ബൗണ്ടറിയും. വാൻബീക് തന്നെ എറിഞ്ഞ നെതർലാന്റ്‌സിന്റെ സൂപ്പർ ഓവറിൽ സിക്‌സറോടെയാണ് ജോൺസൺ ചാൾസ് മറുപടി തുടങ്ങിയത്. അടുത്ത രണ്ടു പന്തിൽ സിംഗിളുകൾ മാത്രം അനുവദിച്ച വാൻബീക് തുടർന്നുള്ള രണ്ട് പന്തിൽ ചാൾസിനെയും റൊമാരിയൊ ഷെപ്പേഡിനെയും പുറത്താക്കി. നെതർലാന്റ്‌സിന് 22 റൺസിന്റെ ഉജ്വല ജയം. നിശ്ചിത ഓവറുകളിൽ തേജ നിദമാനുരുവാണ് (76 പന്തിൽ 111) ഡച്ചിന്റെ പോരാട്ടം നയിച്ചത്. ഇതോടെ വെസ്റ്റിൻഡീസ് ഇല്ലാതെ ലോകകപ്പ് അരങ്ങേറാൻ സാധ്യതയേറി. രണ്ട് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടുക. സൂപ്പർ സിക്‌സിൽ രണ്ട് ടീമുകൾക്ക് നാല് പോയന്റുണ്ട്. രണ്ട് ടീമുകൾക്ക് രണ്ട് പോയന്റ് വീതവും. വിൻഡീസിന് പൂജ്യം പോയന്റാണ്. സൂപ്പർ സിക്‌സിൽ മൂന്നു കളിയും ജയിച്ചാലും വിൻഡീസ് മുന്നേറാൻ സാധ്യത കുറവാണ്. ആദ്യ രണ്ടു ലോകകപ്പിലും ചാമ്പ്യന്മാരായിരുന്നു വിൻഡീസ്.

റെക്കോർഡ് തകർത്ത് ആതിഥേയർ
റെക്കോർഡുകൾ കടപുഴക്കിയ വിജയത്തോടെ ആതിഥേയരായ സിംബാബ്‌വെ ആദ്യ റൗണ്ടിൽ അജയ്യരായി. അപ്രസക്തമായ കളിയിൽ അമേരിക്കയെ 304 റൺസിന് തോൽപിച്ച അവർ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണ് പൂർത്തിയാക്കിയത്. കഴിഞ്ഞ ജനുവരിയിൽ ശ്രീലങ്കയെ ഇന്ത്യ 317 റൺസിന് തോൽപിച്ചതു മാത്രമാണ് ഇതിനെക്കാൾ മികച്ച വിജയം. ആറിന് 408 റൺസടിച്ച സിംബാബ്‌വെ 104 റൺസിന് അമേരിക്കയെ പുറത്താക്കി.
സൂപ്പർ സിക്‌സിൽ സിംബാബ്‌വെക്ക് നാല് പോയന്റുമായി തുടങ്ങാം. വെസ്റ്റിൻഡീസിനെ സൂപ്പർ ഓവറിൽ തോൽപിച്ച നെതർലാന്റ്‌സിന് സൂപ്പർ സിക്‌സിൽ രണ്ട് പോയന്റുണ്ടാവും. വിൻഡീസിന് പൂജ്യം പോയന്റുമായി തുടങ്ങണം. ഒപ്പം മുന്നേറിയ ടീമുകൾക്കെതിരായ കളിയിലെ പോയന്റാണ് സൂപ്പർ സിക്‌സിൽ പരിഗണിക്കുക. 
ഞായറാഴ്ച ശ്രീലങ്കയോട് തോറ്റ് അയർലന്റ് പുറത്തായതോടെയാണ് സൂപ്പർ സിക്‌സ് ചിത്രം തെളിഞ്ഞത്. ഗ്രൂപ്പ് എ-യിൽ നിന്ന് സിംബാബ്‌വെ, നെതർലാന്റ്‌സ്, വെസ്റ്റിൻഡീസ് ടീമുകളും ഗ്രൂപ്പ് ബി-യിൽ നിന്ന് ശ്രീലങ്ക, സ്‌കോട്‌ലന്റ്, ഒമാൻ ടീമുകളും മുന്നേറി. ഗ്രൂപ്പ് എ-യിൽനിന്ന് നേപ്പാളും അമേരിക്കയും പുറത്തായി. ഗ്രൂപ്പ് ബി-യിൽ നിന്ന് അയർലന്റ്, യു.എ.ഇ ടീമുകളും. 
സിംബാബ്‌വെയും ശ്രീലങ്കയുമാണ് അജയ്യരായി മുന്നേറിയത്. ആതിഥേയരായ സിംബാബ്‌വെക്കാണ് സൂപ്പർ സിക്‌സിൽ മേൽക്കൈ. അവരുടെ ഗ്രൂപ്പിൽ നിന്ന് സൂപ്പർ സിക്‌സിലെത്തിയ രണ്ടു ടീമുകളെയും സിംബാബ്‌വെ തോൽപിച്ചിട്ടുണ്ട് -നെതർലാന്റ്‌സിനെയും വെസ്റ്റിൻഡീസിനെയും. 
ഗ്രൂപ്പ് ബി-യിൽ നിന്ന് ശ്രീലങ്കയോ സ്‌കോട്‌ലന്റോ നാല് പോയന്റുമായി സൂപ്പർ സിക്‌സ് തുടങ്ങും. ചൊവ്വാഴ്ചയാണ് ഈ ടീമുകൾ തമ്മിലുള്ള മത്സരം. ഒമാൻ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. അയർലന്റിനെയും യു.എ.ഇയെയും തോൽപിച്ചാണ് ഒമാൻ തുടങ്ങിയത്. എന്നാൽ ശ്രീലങ്കയോടും സ്‌കോട്‌ലന്റിനോടും തോറ്റതിനാൽ സൂപ്പർ സിക്‌സിൽ പൂജ്യം പോയന്റുമായാണ് പ്രവേശിച്ചത്. 
ക്യാപ്റ്റൻ ഷോൺ വില്യംസും (101 പന്തിൽ 174) ഓപണർ ജോയ്‌ലോഡ് ഗംബിയുമാണ് (78) വിൻഡീസിനെ 400 കടത്തിയത്. സിഖന്ദർ റാസയും (27 പന്തിൽ 48) റയാൻ ബേളും (16 പന്തിൽ 47) അടിച്ചുതകർത്തു. 45 റൺസെടുക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടപ്പെട്ട അമേരിക്ക കരകയറിയില്ല.
 

Latest News