സിംബാബ്‌വെക്ക് റെക്കോര്‍ഡ്, സൂപ്പര്‍ ടൈയില്‍ വിന്‍ഡീസ്

ഹരാരെ - റെക്കോര്‍ഡുകള്‍ കടപുഴക്കിയ വിജയത്തോടെ ആതിഥേയരായ സിംബാബ്‌വെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ അജയ്യരായി. അപ്രസക്തമായ കളിയില്‍ അമേരിക്കയെ 304 റണ്‍സിന് തോല്‍പിച്ച അവര്‍ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ജനുവരിയില്‍ ശ്രീലങ്കയെ ഇന്ത്യ 317 റണ്‍സിന് തോല്‍പിച്ചതു മാത്രമാണ് ഇതിനെക്കാള്‍ മികച്ച വിജയം. ആറിന് 408 റണ്‍സടിച്ച സിംബാബ്‌വെ 104 റണ്‍സിന് അമേരിക്കയെ പുറത്താക്കി.
സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെക്ക് നാല് പോയന്റുമായി തുടങ്ങാം. ഐതിഹാസികമായ ചെയ്‌സില്‍ മുന്‍ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ നെതര്‍ലാന്റ്‌സ് ടൈയില്‍ തളച്ചു. നെതര്‍ലാന്റ്‌സിന് സൂപ്പര്‍ സിക്‌സില്‍ രണ്ട് പോയന്റുണ്ടാവും. ആറിന് 374 റണ്‍സെടുത്ത വിന്‍ഡീസിനെതിരെ വിജയത്തിനടുത്തെത്തിയിരുന്നു നെതര്‍ലാന്റ്‌സ്. എന്നാല്‍ അവസാന പന്തില്‍ ജോസഫ് വാന്‍ബീകിനെ ജയ്‌സന്‍ ഹോള്‍ഡര്‍ പറന്നു പിടിച്ചതോട കളി ടൈയായി. ഒപ്പം മുന്നേറിയ ടീമുകള്‍ക്കെതിരായ കളിയിലെ പോയന്റാണ് സൂപ്പര്‍ സിക്‌സില്‍ പരിഗണിക്കുക. 
ഞായറാഴ്ച ശ്രീലങ്കയോട് തോറ്റ് അയര്‍ലന്റ് പുറത്തായതോടെയാണ് സൂപ്പര്‍ സിക്‌സ് ചിത്രം തെളിഞ്ഞത്. ഗ്രൂപ്പ് എ-യില്‍ നിന്ന് സിംബാബ്‌വെ, നെതര്‍ലാന്റ്‌സ്, വെസ്റ്റിന്‍ഡീസ് ടീമുകളും ഗ്രൂപ്പ് ബി-യില്‍ നിന്ന് ശ്രീലങ്ക, സ്‌കോട്‌ലന്റ്, ഒമാന്‍ ടീമുകളും മുന്നേറി. ഗ്രൂപ്പ് എ-യില്‍നിന്ന് നേപ്പാളും അമേരിക്കയും പുറത്തായി. ഗ്രൂപ്പ് ബി-യില്‍ നിന്ന് അയര്‍ലന്റ്, യു.എ.ഇ ടീമുകളും. 
സിംബാബ്‌വെയും ശ്രീലങ്കയുമാണ് അജയ്യരായി മുന്നേറിയത്. ആതിഥേയരായ സിംബാബ്‌വെക്കാണ് സൂപ്പര്‍ സിക്‌സില്‍ മേല്‍ക്കൈ. അവരുടെ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ സിക്‌സിലെത്തിയ രണ്ടു ടീമുകളെയും സിംബാബ്‌വെ തോല്‍പിച്ചിട്ടുണ്ട് -നെതര്‍ലാന്റ്‌സിനെയും വെസ്റ്റിന്‍ഡീസിനെയും. 
ഗ്രൂപ്പ് ബി-യില്‍ നിന്ന് ശ്രീലങ്കയോ സ്‌കോട്‌ലന്റോ നാല് പോയന്റുമായി സൂപ്പര്‍ സിക്‌സ് തുടങ്ങും. ചൊവ്വാഴ്ചയാണ് ഈ ടീമുകള്‍ തമ്മിലുള്ള മത്സരം. ഒമാന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അയര്‍ലന്റിനെയും യു.എ.ഇയെയും തോല്‍പിച്ചാണ് ഒമാന്‍ തുടങ്ങിയത്. എന്നാല്‍ ശ്രീലങ്കയോടും സ്‌കോട്‌ലന്റിനോടും തോറ്റതിനാല്‍ സൂപ്പര്‍ സിക്‌സില്‍ പൂജ്യം പോയന്റുമായാണ് പ്രവേശിച്ചത്. 
 

Latest News