ക്ലബ്ബ് ലോകകപ്പ് ജിദ്ദയില്‍, കളി രണ്ട് സ്റ്റേഡിയങ്ങളില്‍

ജിദ്ദ - ഈ വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന് ജിദ്ദ വേദിയാവും. നഗരത്തിലെ രണ്ട് സ്‌റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറുക. കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലും പ്രിന്‍സ് അബ്ദുല്ല അല്‍ഫൈസല്‍ സ്‌റ്റേഡിയത്തിലും. കരീം ബെന്‍സീമ കളിക്കുന്ന സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദിന്റെ ഹോം സ്‌റ്റേഡിയമാണ് കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി. ഇവിടെ 62,000 പേര്‍ക്ക് കളി കാണാം. പ്രിന്‍സ് അബ്ദുല്ല ഫൈസല്‍ സ്റ്റേഡിയത്തില്‍ 27,000 പേര്‍ക്ക് ഇരിക്കാനാവും. കഴിഞ്ഞ ഫെബ്രുവരിയിലാണ് സൗദി അറേബ്യയെ ക്ലബ്ബ് ലോകകപ്പ് ആതിഥേയരായി ഫിഫ തെരഞ്ഞെടുത്തത്. 2027 ലെ ഏഷ്യന്‍ കപ്പും സൗദിയിലാണ്. 2034 ലെ ലോകകപ്പിനായും സൗദി ശ്രമിക്കുമെന്നാണ് സൂചന. 
സൗദി ചാമ്പ്യന്മാരെന്ന നിലയില്‍ അല്‍ഇത്തിഹാദിന് ടൂര്‍ണമെന്റില്‍ കളിക്കാം. ഫിഫയുടെ ആറ് കോണ്‍ഫെഡറേഷനുകളിലെ ചാമ്പ്യന്മാരും പങ്കെടുക്കും. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ടൂര്‍ണമെന്റ്. ഇപ്പോഴത്തെ രീതിയിലുള്ള അവസാനത്തെ ക്ലബ്ബ് ലോകകപ്പായിരിക്കും ജിദ്ദയിലേത്. 2025 മുതല്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ബൃഹത്തായ ടൂര്‍ണമെന്റായിരിക്കും. പൂതിയ രൂപത്തിലുള്ള ആദ്യ ക്ലബ്ബ് ലോകകപ്പിന് അമേരിക്ക വേദിയാവും. 
കഴിഞ്ഞ തവണ മൊറോക്കോയില്‍ നടന്ന ടൂര്‍ണമെന്റില്‍ സൗദി അറേബ്യയിലെ അല്‍ഹിലാലിനെ തോല്‍പിച്ച് റയല്‍ മഡ്രീഡാണ് ക്ലബ്ബ് ലോകകപ്പ് നേടിയത്. ആ ടീമില്‍ കളിച്ച ബെന്‍സീമ ഇത്തവണ ഇത്തിഹാദിനൊപ്പം കിരീടത്തിനായി ഇറങ്ങും. ഓഷ്യാന ചാമ്പ്യന്മാരായ ഓക്‌ലന്റ് സിറ്റിയും (ന്യൂസിലാന്റ്) ഇത്തിഹാദും തമ്മിലായിരിക്കും ഉദ്ഘാടന മത്സരം. ജേതാക്കള്‍ രണ്ടാം റൗണ്ടിലെത്തും. കോണ്‍കകാഫ് ചാമ്പ്യന്മാരായ ലിയോണ്‍ (മെക്‌സിക്കൊ), ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്‍ അഹ്‌ലി (ഈജിപ്ത്), ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ് ഡയമണ്ട്‌സ് (ജപ്പാന്‍) ടീമുകള്‍ നേരിട്ട് രണ്ടാം റൗണ്ട് കളിക്കും. 
യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും (ഇംഗ്ലണ്ട്) ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കും നേരിട്ട് സെമി ഫൈനല്‍ കളിക്കാം. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരെ നിശ്ചയിച്ചിട്ടില്ല. ലാറ്റിനമേരിക്കയിലെ കോപ ലിബര്‍ട്ടഡോറസ് ഫൈനല്‍ നവംബര്‍ നാലിനാണ്. 
ഓഷ്യാന ഒഴികെ എല്ലാ മേഖലയിലെയും 2021 മുതല്‍ 2024 വരെയുള്ള ചാമ്പ്യന്മാര്‍ക്ക് 2025 ലെ ക്ലബ്ബ് ലോകകപ്പില്‍ നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ഫിഫ വ്യക്തമാക്കി. 

 

Latest News