ലോകകപ്പ് ക്വാളിഫയര്‍: സൂപ്പര്‍ സിക്‌സ് ചിത്രമായി

ഹരാരെ - ശ്രീലങ്കയോട് തോറ്റ് അയര്‍ലന്റ് പുറത്തായതോടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിലെ സൂപ്പര്‍ സിക്‌സ് ചിത്രം തെളിഞ്ഞു. ഗ്രൂപ്പ് എ-യില്‍ നിന്ന് സിംബാബ്‌വെ, നെതര്‍ലാന്റ്‌സ്, വെസ്റ്റിന്‍ഡീസ് ടീമുകളും ഗ്രൂപ്പ് ബി-യില്‍ നിന്ന് ശ്രീലങ്ക, സ്‌കോട്‌ലന്റ്, ഒമാന്‍ ടീമുകളും മുന്നേറി. ഗ്രൂപ്പ് എ-യില്‍നിന്ന് നേപ്പാളും അമേരിക്കയും പുറത്തായി. ഗ്രൂപ്പ് ബി-യില്‍ നിന്ന് അയര്‍ലന്റ്, യു.എ.ഇ ടീമുകളും. 
സിംബാബ്‌വെയും ശ്രീലങ്കയുമാണ് അജയ്യരായി മുന്നേറുന്നത്. ആതിഥേയരായ സിംബാബ്‌വെക്കാണ് സൂപ്പര്‍ സിക്‌സില്‍ മേല്‍ക്കൈ. അവരുടെ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ സിക്‌സിലെത്തിയ രണ്ടു ടീമുകളെയും സിംബാബ്‌വെ തോല്‍പിച്ചിട്ടുണ്ട് -നെതര്‍ലാന്റ്‌സിനെയും വെസ്റ്റിന്‍ഡീസിനെയും. ഈ പോയന്റുകള്‍ അവര്‍ക്ക് സൂപ്പര്‍ സിക്‌സില്‍ മുതല്‍ക്കൂട്ടാവും. നാല് പോയന്റുമായി അവര്‍ സൂപ്പര്‍ സിക്‌സില്‍ പ്രവേശിക്കും. നെതര്‍ലാന്റ്‌സും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഇന്നത്തെ മത്സരത്തിലെ വിജയികള്‍ക്ക് സൂപ്പര്‍ സിക്‌സില്‍ രണ്ടു പോയന്റുണ്ടാവും. 
ഗ്രൂപ്പ് ബി-യില്‍ നിന്ന് ശ്രീലങ്കയോ സ്‌കോട്‌ലന്റോ നാല് പോയന്റുമായി സൂപ്പര്‍ സിക്‌സ് തുടങ്ങും. ചൊവ്വാഴ്ചയാണ് ഈ ടീമുകള്‍ തമ്മിലുള്ള മത്സരം. ഒമാന്‍ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അയര്‍ലന്റിനെയും യു.എ.ഇയെയും തോല്‍പിച്ചാണ് ഒമാന്‍ തുടങ്ങിയത്. എന്നാല്‍ ശ്രീലങ്കയോടും സ്‌കോട്‌ലന്റിനോടും തോറ്റതിനാല്‍ സൂപ്പര്‍ സിക്‌സില്‍ പൂജ്യം പോയന്റുമായാണ് പ്രവേശിച്ചത്. 
 

Latest News