ടൊറന്റോ- കാനഡയിലെ കോളജ് വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാജ അഡ്മിഷന്‍ ലെറ്റര്‍ നല്‍കി കബളിപ്പിച്ച സംഘത്തിലെ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്റ് ബ്രിജേഷ് മിശ്ര പിടിയില്‍. കാനഡയില്‍ ഒളിച്ച് കടക്കുന്നതിടെയാണ് ഇയാള്‍ പിടിയിലായത്.
ജലന്ധറില്‍ ഇമിഗ്രേഷന്‍ ഏജന്‍സി നടത്തുന്ന ബ്രിജേഷ് മിശ്ര തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് അപ്രത്യക്ഷനാവുകയായിരുന്നു. വ്യാജ കോളേജ് ഓഫര്‍ ലെറ്റര്‍ കാണിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളെയാണ് കാനഡ നാടുകടത്താന്‍ തീരുമാനിച്ചിരുന്നത്.
പിടിയിലായ ബ്രിജേഷ് മിശ്രയ്‌ക്കെതിരെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി നടപടി സ്വീകരിച്ചു. ലൈസന്‍സില്ലാതെ ഇമിഗ്രേഷന്‍ ഉപദേശം നല്‍കിയതിനും അധികാരികളില്‍ നിന്നുള്ള വിവരങ്ങള്‍ തെറ്റായി ചിത്രീകരിക്കാനോ മറച്ചുവെക്കാനോ മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കിയതിനുമുള്ള കുറ്റം ചുമത്തി. കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിജേഷ് മിശ്ര സ്വീകാര്യനല്ലെന്ന് കണ്ടെത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരില്‍ ഏജന്റ് വഴി ലഭിച്ച അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു.