Sorry, you need to enable JavaScript to visit this website.

എന്തുകൊണ്ട് ഫ്രാൻസ്, എന്തുകൊണ്ട് ബെൽജിയം

ഫ്രാൻസ് ജയിക്കുന്നത്
പത്തൊമ്പതുകാരൻ കീലിയൻ എംബാപ്പെയാണ് ടൂർണമെന്റിലെ ഏറ്റവും ഊർജസ്വലനായ കളിക്കാരൻ. ബെൽജിയം പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞിരുന്നു.

ബെൽജിയം ജയിക്കുന്നത്
റൊമേലു ലുകാകുവും എഡൻ ഹസാഡും കെവിൻ ഡിബ്രൂയ്‌നെയെയും പോലുള്ള ആക്രമണ ത്രിമൂർത്തികളെ ഫ്രാൻസ് ഇതുവരെ നേരിട്ടിട്ടില്ല. 

ശൈലി
ഫ്രാൻസ് 4-2-3-1, ബെൽജിയം 3-4-2-1

നിയന്ത്രണം
ആന്ദ്രെ കുഞ്ഞ (ഉറുഗ്വായ്). ഓസ്‌ട്രേലിയക്കെതിരായ ഫ്രാൻസിന്റെ ഉദ്ഘാടന മത്സരത്തിൽ റഫറിയായിരുന്നു. വീഡിയൊ റിവ്യൂവിനെത്തുടർന്ന് ഫ്രാൻസിന് ഒരു പെനാൽട്ടി കൊടുത്തു. സ്‌പെയിനിനെതിരായ മത്സരത്തിൽ ഇറാന് ഒരു പെനാൽട്ടി അനുവദിക്കുകയും വീഡിയൊ റിവ്യൂവിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്തു. 

ചരിത്രം
ഫ്രാൻസ് ഒരേയൊരിക്കൽ ലോകകപ്പ് നേടിയത് 1998 ൽ സ്വന്തം നാട്ടിലാണ്. മുൻ സെമി ഫൈനലുകളിൽ 1958 ൽ ബ്രസീലിനോട് 2-5 നും 1982 ൽ 3-1 ലീഡ് കളഞ്ഞുകുളിച്ച ശേഷം പശ്ചിമ ജർമനിയോട് ഷൂട്ടൗട്ടിലും തോറ്റു. 1998 ലെ സെമിയിൽ ഡിഫന്റർ ലീലിയൻ തുറാമിന്റെ ഇരട്ട ഗോളിൽ 2-1 ന് ക്രൊയേഷ്യയെ തോൽപിച്ചു. 2006 ൽ സിനദിൻ സിദാന്റെ പെനാൽട്ടി ഗോളിൽ പോർചുഗലിനെ 1-0 ന് തോൽപിച്ചു. 
ബെൽജിയം രണ്ടാം തവണയാണ് സെമി ഫൈനലിലെത്തുന്നത്. 1986 ൽ അർജന്റീനയോട് 0-2 ന് തോറ്റു. ഡിയേഗൊ മറഡോണയാണ് രണ്ടു ഗോളുമടിച്ചത്. 

മുഖാമുഖം
ഫ്രാൻസ് ഏറ്റവുമധികം നേരിട്ട ടീം ബെൽജിയമാണ്. 1904 മുതൽ 73 തവണ പരസ്പരം കളിച്ചു. ബെൽജിയം മുപ്പതും ഫ്രാൻസ് ഇരുപത്തിനാലും കളികൾ ജയിച്ചു. എന്നാൽ ലോകകപ്പിൽ രണ്ടു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. സൗഹൃദ മത്സരങ്ങളല്ലാത്ത 11 കളികളിൽ ഫ്രാൻസ് അഞ്ചെണ്ണം ജയിച്ചു, ബെൽജിയം മൂന്നും. 1984 ലെ യൂറോപ്യൻ കപ്പിൽ മിഷേൽ പ്ലാറ്റീനിയുടെ ഹാട്രിക്കിൽ ഫ്രാൻസ് 5-0 ന് ബെൽജിയത്തെ കശക്കി. 1986 ലെ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ 4-2 നും. 1938 ലെ ലോകകപ്പിന്റെ പ്രി ക്വാർട്ടറിൽ ഫ്രാൻസിന്റെ 3-1 വിജയത്തിൽ എമിൽ വെയ്‌നാന്റെ ആദ്യ മിനിറ്റിൽ ഗോളടിച്ചു. 

സസ്‌പെൻഷൻ
ഒരു കളിയിലെ സസ്‌പെൻഷൻ കഴിഞ്ഞ് ഫ്രഞ്ച് മിഡ്ഫീൽഡർ ബ്ലെയ്‌സ് മറ്റിയൂഡി തിരിച്ചെത്തും. എന്നാൽ ബെൽജിയം റൈറ്റ്ബാക്ക്/മിഡ്ഫീൽഡർ തോമസ് മൂനീറിന് വിട്ടുനിൽക്കേണ്ടി വരും. നാസർ ഷാദ്‌ലി വിംഗ് മാറി മൂനീറിന് പകരം കളിക്കുകയും ഇടതു വിംഗിൽ യാനിക് കരാസ്‌കൊ ഇറങ്ങുകയും ചെയ്‌തേക്കും. അല്ലെങ്കിൽ വലതു വിംഗിൽ ലിയാൻഡർ ദെൻഡോൻകർ കളിക്കും. 

മുന്നേറ്റം
റോബർട് മാർടിനെസ് കോച്ചായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കളിയിൽ ബെൽജിയം സ്‌പെയിനിനോട് തോറ്റു. അതിനു ശേഷമുള്ള 24 കളികളിൽ തോറ്റിട്ടില്ല. 19 ജയിച്ചു, അഞ്ച് സമനില. 

കണക്ക്
ഗോളുകൾ:  ഫ്രാൻസ്-9, ബെൽജിയം 14
ഷോട്ടുകൾ: ഫ്രാൻസ്-56, ബെൽജിയം 85
ഗോളിലേക്ക്: ഫ്രാൻസ്-27, ബെൽജിയം 32
ബ്ലോക്ക് ചെയ്തത്: ഫ്രാൻസ്-10, ബെൽജിയം 20
മഞ്ഞക്കാർഡ്: ഫ്രാൻസ്-8, ബെൽജിയം 7
ചുവപ്പ് കാർഡ്: ഫ്രാൻസ്-0, ബെൽജിയം 0
കോർണർ കിക്ക്: ഫ്രാൻസ്-15, ബെൽജിയം 30
ഓഫ്‌സൈഡ്: ഫ്രാൻസ്-1, ബെൽജിയം 6
ചെയ്ത ഫൗൾ: ഫ്രാൻസ്-73, ബെൽജിയം 72
ഫൗൾ ചെയ്യപ്പെട്ടത്: ഫ്രാൻസ്-75, ബെൽജിയം 64
ബോൾ പൊസഷൻ: ഫ്രാൻസ്-51%, ബെൽജിയം 53%
പാസുകളുടെ വിജയം: ഫ്രാൻസ്-84%, ബെൽജിയം 87%

കളിയും യാത്രയും
മോസ്‌കോയിലാണ് രണ്ടു ടീമുകളുടെയും താവളം. നിഷ്‌നി നോവ്‌ഗൊരോദിൽ ക്വാർട്ടർ കളിച്ച ഫ്രാൻസും കസാനിൽ ക്വാർട്ടറിന് ഇറങ്ങിയ ബെൽജിയവും തിരിച്ചെത്തിയ ശേഷം ഞായറാഴ്ച വരെ മോസ്‌കോയിലായിരുന്നു. ഞായറാഴ്ച രണ്ടു ടീമുകളും സെയ്ന്റ്പീറ്റേഴ്‌സ്ബർഗിലെത്തി. സെമി കഴിഞ്ഞ് മോസ്‌കോയിലേക്ക് തിരിച്ചെത്തുമ്പോഴേക്കും ഫ്രാൻസ് 2100 കിലോമീറ്ററും ബെൽജിയം 2700 കിലോമീറ്ററും താണ്ടിയിട്ടുണ്ടാവും. 
 

Latest News