കരിമ്പനകളിൽ കാറ്റ് പിടിക്കുന്നതും കരിമ്പനകളുടെ ചക്രവാളത്തിൽ സന്ധ്യ കറുത്തതും നാഗത്താന്മാർ മാണിക്യമിറക്കി വെച്ച പനങ്കുരലുകൾക്കപ്പുറം പച്ചക്കിളികൾ പറന്നുപോകുന്നതും നോക്കി പടിക്കൽനിന്ന ഖസാക്കിലെ അപ്പുക്കിളി. കരിമ്പന പാലക്കാടിന്റെ പ്രതീകമാണ്. ഇന്നിപ്പോൾ കരിമ്പനകൾ പാലക്കാടൻ അതിരുകളിൽനിന്ന് തിരോഭവിക്കുന്നു. അവ നിർദ്ദയം മുറിച്ചുമാറ്റുന്നതിനെതിരെ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുന്നു. കരിമ്പനകൾ നട്ടുപിടിപ്പിക്കുന്ന മഹായജ്ഞത്തിലാണ് പ്രമുഖ പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ്. പാലക്കാട്ടുകാരനായ സിദ്ദീഖ് അഹമ്മദും അദ്ദേഹത്തോടൊപ്പം അണിനിരന്നവരും ചേർന്ന് നടത്തുന്ന കരിമ്പന സംരക്ഷണത്തിന്റെ കഥ...
പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ട്. പനയുടെ കൂർത്ത ചിതമ്പലുകളിലാണെങ്കിൽ തേളുകളുണ്ട്. ആ ചിതമ്പലുകളുരഞ്ഞ് പന കേറ്റക്കാരന്റെ കൈയും മാറും തഴമ്പ് കെട്ടും. ആ തഴമ്പുകൾ കണ്ടാണ് പെണ്ണുങ്ങൾ ആണുങ്ങളെയറിഞ്ഞത്. കെട്ടിയവന്മാർ പനങ്കാട്ടിലേക്ക് പോയാൽ ഉച്ചയ്ക്ക് പെണ്ണുങ്ങൾ ചപ്പലടിക്കാൻ പോകും. ചപ്പല് കത്തിച്ചാണ് കള്ള് കാച്ചി ചക്കര കുറുക്കുക. മാന്തോപ്പിലും തേക്കിൻകാട്ടിലും ചപ്പലടിക്കുമ്പോഴാണ് ലോകവർത്തമാനവും പരദൂഷണവുമൊക്കെ. ചപ്പലിനകത്തെ വിഷത്താന്മാർ ചാരിത്ര്യവതികളെ കൊത്തില്ല. കരിമ്പനകൾക്ക് കാണാൻ വയ്യാത്തതൊന്നുമില്ല. ചെത്തുകാരനു വേണ്ടി കരിമ്പന കുനിഞ്ഞുകൊടുത്തു. ചെത്തുകാരന്റെ പെണ്ണ് പിഴച്ചതിൽപ്പിന്നെയാണ് കരിമ്പന കുനിയാതായത്.. (ഖസാക്കിന്റെ ഇതിഹാസം - ഒ.വി വിജയൻ).
ഏഴിലമാളികയായി തോന്നും, കരിമ്പനമോളിലവരെ കേറ്റി കുരലിൽ വയ്ക്കുമെന്ന് ഇടശ്ശേരിയുടെ പൂതപ്പാട്ടിലുമുണ്ട്. കരിമ്പനയോലകളുടെ ജൈവസംഗീതം പാലക്കാടൻ മിത്തുകളെ സദാ ഉണർത്തുന്നു. എന്നാൽ കരിമ്പനകളുടെ ഐശ്വര്യം പൊടുന്നനവെയാണ് മാഞ്ഞുപോയത്. ഇഷ്ടികക്കളങ്ങളുടെ വരവോടെയാണ് കരിമ്പനകൾ വ്യാപകമായി മുറിച്ചുമാറ്റാനാരംഭിച്ചത്. കരിമ്പനത്തടികൾ വിറകായി ഉപയോഗിച്ചാൽ ഇഷ്ടികച്ചൂളകളിൽ അവ നന്നായി കത്തുമെന്ന കണ്ടുപിടുത്തവും പൊതുവെ കരിമ്പനകളെക്കൊണ്ടുള്ള പ്രയോജനം കുറഞ്ഞുവന്നതും അവയുടെ നാശത്തിന് ഹേതുവായി. പന കേറാൻ ആളില്ലാതായതും പന വെട്ടൽ ലാഭകരമല്ലാത്തതുമെല്ലാം കൂടി ചേർന്നതോടെ കരിമ്പനകൾ കഥകളിലും കവിതകളിലുമൊതുങ്ങി. തമിഴ്‌നാട്ടിലെ ഇഷ്ടികക്കളങ്ങളിലേക്കാണ് കിഴക്കൻ പാലക്കാടിന്റെ സുകൃതമായിരുന്ന കരിമ്പനമരങ്ങൾ നാട്‌നീങ്ങിയത്.
പക്ഷേ കേരളത്തിന്റെ നെല്ലറയിൽ നിന്ന് കരിമ്പനകളെ അത്ര വേഗം ഇല്ലാതാക്കാൻ പാടില്ലെന്ന ദൃഢനിശ്ചയവുമായി ഡോ. സിദ്ദീഖ്
അഹമ്മദും അദ്ദേഹത്തിന്റെ ജന്മഗ്രാമമായ മങ്കരയിൽനിന്ന് പാലക്കാടിന്റെ പരിസ്ഥിതി സംരക്ഷണത്തിനായി ഒറ്റയാൾ പോരാട്ടം നടത്തുന്ന ആറങ്ങാട്ടിൽ ബാലകൃഷ്ണൻ എന്ന കല്ലൂർ ബാലേട്ടനും കുറെ ചെറുപ്പക്കാരും സജീവമായി മുന്നിട്ടിറങ്ങി.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കരിമ്പനകളെ തിരിച്ചുകൊണ്ടു വരികയും നഷ്ടപ്രതാപങ്ങളുടെ പ്രതീകമായ ഈ നന്മവൃക്ഷങ്ങളെ വീണ്ടും നട്ടുപിടിപ്പിച്ച് പുതുതലമുറയെ മണ്ണിനോടും മനുഷ്യരോടും അടുപ്പിക്കുകയുമാണ് ഈ പുതിയ സംരംഭത്തിലൂടെ ഇവർ ചെയ്യുന്ന സദ്കൃത്യം. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിലായിരുന്നു കരിമ്പന സംരക്ഷണയജ്ഞത്തിന്റെ ഉദ്ഘാടനം. പത്ത് ലക്ഷം കരിമ്പനകൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കോട്ടായി ഗ്രാമത്തിൽ നടന്ന ചടങ്ങിൽ പി.പി. സുമോദ് എം.എൽ.എയാണ് കരിമ്പന സംരക്ഷണയജ്ഞത്തിന് തുടക്കം കുറിച്ചത്. ഡോ. സിദ്ദീഖ് അഹമ്മദ്, കല്ലൂർ ബാലേട്ടൻ തുടങ്ങിയവർ കരിമ്പനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രാദേശിക കർഷകർക്ക് കൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് കരിമ്പനയെ തിരിച്ചുപിടിക്കുന്ന പ്രക്രിയ ആസൂത്രണം ചെയ്തിട്ടുള്ളത്. പത്ത് വർഷം കൊണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ പത്ത് ലക്ഷം കരിമ്പനകൾ തലയെടുപ്പോടെ വീണ്ടും വളരുമ്പോൾ തീർച്ചയായും ഇന്ന് അപ്രത്യക്ഷമായ കരിമ്പനകൾക്ക് പകരം പുതിയ കരിമ്പനകളുടെ സംഗീതം മുഴങ്ങും. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പൾമീറ എന്നറിയപ്പെടുന്ന (ബൊറാസസ് ഫ്ലാബ് ലിഫർ എന്ന് ശാസ്ത്രീയനാമം) കരിമ്പനകളുടെ പച്ചക്കുടകൾ കിഴക്ക് - പടിഞ്ഞാറൻ പാലക്കാടിന്റെ മാനത്ത് നിവർന്നു നിൽക്കും. മരിക്കുന്നതിന് മുമ്പ് ഈ കരിമ്പനകളോടൊപ്പം ഒരു കോടി മറ്റു മരങ്ങൾ കൂടി നട്ടുപിടിപ്പിക്കണമെന്നാണ് തന്റെ അഭിലാഷമെന്ന് അറുപത്തഞ്ചുകാരനായ ബാലേട്ടൻ പറയുന്നു.
ഡോ. സിദ്ദീഖ് അഹമ്മദിന്റെ ഇക്കാര്യത്തിലുള്ള പിന്തുണ ബാലേട്ടൻ നന്ദിയോടെ ഓർത്തെടുത്തു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ പിൻബലം പ്രോൽസാഹജനകമാണെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. 2018 ൽ സംസ്ഥാന സർക്കാർ, ഔദ്യോഗിക വൃക്ഷമായി കരിമ്പനയെ അംഗീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശിൽ പരീക്ഷിച്ചു വിജയിച്ചതാണ് മണ്ണൊലിപ്പ് തടയാനും ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനും ഒരു പരിധി വരെ കരിമ്പനകൾക്ക് കഴിയുമെന്ന കാര്യം. പ്രകൃതി ദുരന്തത്തെ ഒരളവോളം തടുക്കുന്നതിന് വ്യാപകമായ തോതിലുള്ള പനവൃക്ഷങ്ങൾക്ക് സാധിക്കുമത്രേ. ഗ്രൗണ്ട് വാട്ടർ ലെവൽ നിലനിർത്താനും ഇത് സഹായകമാകും.105 ഇനം പനകളുണ്ട്. പശ്ചിമഘട്ടത്തിന്റെ താഴ്‌വരകളിൽ ചില പ്രത്യേക ഇടങ്ങളിൽ മാത്രം വളരുന്നതാണ് കരിമ്പനകൾ. നിരവധി പക്ഷികൾ പനനൊങ്ക് തിന്നാനായി പറന്നെത്തും. ആൺപനയും പെൺപനയുമുണ്ട്. പെൺപനയിൽനിന്നാണ് പനനൊങ്ക് ശേഖരിക്കുന്നത്. ഊർജദായിനിയായ പനനൊങ്ക് പാലക്കാടൻ വേനലുകളെ തണുപ്പിക്കുന്ന പഴമാണ്. തുലാമാസമാകുന്നതോടെ പനയുടെ പൂക്കുലകളിൽ കള്ള് ഉണ്ടാകും. ഏഴോ എട്ടോ ലിറ്റർ വീതം ഓരോ പനയിൽ നിന്നും കിട്ടും. പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന കരിപ്പെട്ടി, പനംകൽക്കണ്ടം എന്നിവയെല്ലാം കരിമ്പനയിൽ നിന്ന് ലഭ്യമാണ്. പഴയ തലമുറ ഏറെ ആസ്വദിച്ചു പോന്ന പനനൊങ്കിന്റെ മധുരവും ഔഷധഗുണവുമെല്ലാം ഇന്ന് ഓർമ മാത്രമായി. ചുമയ്ക്കും കഫക്കെട്ടിനും മറ്റും ഫലപ്രദമായ ഔഷധമാണ് പനം കൽക്കണ്ടം. പാലക്കാടിന്റെ കിഴക്കൻ ദേശങ്ങളിലെല്ലാം പല വീട്ടുകാരും വിഷുക്കണി കണ്ടുകഴിഞ്ഞ ശേഷം ആദ്യം കഴിച്ചിരുന്നത് പനനൊങ്കായിരുന്നു.
പയ്യെത്തിന്നാൽ പനയും തിന്നാം, കാക്കയിരുന്നു പനംപഴം വീണു.. നിരവധി പഴംചൊല്ലുകൾ പനയെക്കുറിച്ചുണ്ട്. കരിമ്പനകൾക്ക് മുകളിൽ യക്ഷികൾ കുടിപാർക്കുമെന്നുള്ള സങ്കൽപവും പാലക്കാടിന്റെ പഴംകഥകളിലുണ്ട്. മിത്തുകൾക്കുമപ്പുറം പാലക്കാടൻ കൃഷിക്കാരുടെ ജൈവമുദ്രയാണ് പനയും പനത്തടിയും പനയോലകളും. കരിമ്പനപ്പട്ടകൾ വീട് മേയാനുപയോഗിച്ചിരുന്നു. ഓല മേഞ്ഞ വീടുകളെക്കാൾ ഭദ്രമായിരുന്നു കരിമ്പനപ്പട്ടയുടെ വീടുകൾ. ഓടുകളുടെ വരവോടെ കരിമ്പനകൾ പോയി. വർഷത്തിലൊരിക്കൽ മാത്രമേ കരിമ്പനപ്പട്ടകൾ വെട്ടാറുള്ളൂ. തടുക്ക്, വിശറി, കൊട്ട, പനയോല, പനയുടെ തടി കൊണ്ടുള്ള കഴുക്കോലുകൾ, വിവിധ ഇനം ഫർണിച്ചറുകൾ, നിലവിളക്ക്, പറ, ബെഞ്ചുകൾ എന്നിവയ്‌ക്കെല്ലാം ഒരു കാലത്ത് പന ഉപയോഗയോഗ്യമായിരുന്നു. പോളിഷ് ചെയ്താൽ വർഷങ്ങളോളം നില നിൽക്കുന്നതാണ് പനത്തടി കൊണ്ടുള്ള ഗൃഹോപകരണങ്ങൾ. നിരവധി സാധ്യതകളുള്ള ഒരു മരമാണ് എല്ലാ അർഥത്തിലും കരിമ്പന.
അജ്ഞാതമായൊരു മാസ്മരികഭാവം പേറി നിൽക്കുന്നതാണ് പാലക്കാട്ടെ കരിമ്പനകൾ. നിലാവുള്ള രാത്രികളിൽ കരിമ്പനകളിൽ കാറ്റ് പിടിക്കുന്ന ശബ്ദം. ഒറ്റപ്പനയുടെ നിഴലുകൾ. അപമൃത്യുവിനിരയായ ആളുകളുടെ ആത്മാക്കൾ കരിമ്പനകളിൽ കുടിയിരുന്നതായും വിശ്വാസമുണ്ട്. പട്ടമാറ്റി കർമം എന്ന പേരിലുള്ള ക്രിയ ചെയ്താണ് ആത്മാക്കൾക്ക് മോചനം നൽകുന്നതെന്നാണ് വിശ്വാസം. അടുത്ത കാലം വരെ പനങ്കൂട്ടങ്ങൾ തെരഞ്ഞെടുത്ത് ക്രിയ ചെയ്തിരുന്നവരുണ്ടായിരുന്നു.
പുതിയ തലമുറയ്ക്ക് കരിമ്പനകളുടെ കഥ പറഞ്ഞുകൊടുക്കാൻ മുത്തശ്ശിമാരും ഇല്ലാതാകുന്നു. പഴംപാട്ടുകളുടെ ശേഖരം തന്നെ പക്ഷെ ഏറെയുണ്ട്. കരിമ്പനകളുടെ കാതരമായ കഥ പറയുന്ന പഴംപാട്ട്.
ആർക്കും വെയ്ക്കാം ആർക്കും വെയ്ക്കാം
കാളി നീലി കരിമ്പന
തെക്കൻ കുത്തിയ നമ്പിടിമാർക്ക്
വെയ്ക്കാം, കൊത്താം
ആടാൻ ചൂടാൻ കൈയിലെടുക്കാൻ
കൊണ്ടു നടക്കാം കൊണ്ടു നടക്കാം
ഓംകാര നീലി കരിമ്പന.






