Sorry, you need to enable JavaScript to visit this website.

തൊപ്പിക്ക് പഠിക്കുന്ന കോട്ടയത്തെ പോലീസ്

വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ തികഞ്ഞ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് കേരളാ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയവർഗീസിന്റെ കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം അസാധുവാക്കിയ സിംഗിൾ ബെഞ്ച് നടപടി റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങളുള്ളത്.
ഉത്തരവാദിത്തത്തോട് കൂടി വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മനോഭാവം പുലർത്തണം. ഇതിനായി മാധ്യമങ്ങൾ സ്വയം പെരുമാറ്റച്ചട്ടം പുലർത്തണമെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും മുഹമ്മദ് നിയാസും പറഞ്ഞു. സ്വകാര്യത എന്നത് ഭരണഘടന നൽകുന്ന അവകാശമാണ്. ഇത് ഒരാൾക്ക് സ്വന്തം അന്തസ്സ് കാത്ത് രക്ഷിക്കാനുള്ള അവകാശം കൂടിയാണ്. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്കും അവരുടെ സ്വകാര്യത എന്നത് പരമ പ്രധാനമാണ്. ഭരണകൂടത്തിന്റെ ഏകപക്ഷീയമായ നടപടികളിൽ നിന്നും മാത്രമല്ല മാധ്യമങ്ങളിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും പൗരന്റെ സ്വകാര്യത സംരക്ഷിക്കണപ്പെടണം. വ്യക്തിയുടെ സ്വകാര്യത പരമപ്രധാനം തന്നെയാണ്.കേസ് കേൾക്കുന്ന വേളയിൽ ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ വിഷയത്തിന്റെ ഉള്ളടക്കത്തെപ്പറ്റിയുള്ള വിലയിരുത്തലാകില്ലെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞിട്ടുണ്ടെന്നോർക്കണം. അത് കൊണ്ട് തന്നെ കേസ് വിസ്താരത്തിനിടെ ജ്ഡ്ജിമാർ വാക്കാൽ പറയുന്ന കാര്യങ്ങൾ കോടതിയുടെ അഭിപ്രായങ്ങളെന്നനിലയിൽ വാർത്തയാക്കി കേസിലെ കക്ഷികൾക്ക് മാനഹാനി വരുത്തുന്ന തരത്തിൽ വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

***  ***  ***

കാണാതായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര ഒരു മഹാദുരന്തമായതിന്റെ ഞെട്ടലിലാണ് ലോകം. ജൂൺ 18 -നാണ് അഞ്ച് യാത്രികരടങ്ങിയ ആ സാഹസിക സംഘം കടലിൽ അപ്രത്യക്ഷമാകുന്നത്. അന്നു മുതൽ തുടങ്ങിയ തെരച്ചിലുകൾക്ക് പരിസമാപ്തി കുറിച്ച്  ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഒരിക്കലും കേൾക്കാൻ ഇടയാകരുതേയെന്ന് ലോകം മുഴുവൻ ആഗ്രഹിച്ച ഒരു വാർത്തയാണ്. അഞ്ച് യാത്രികരും മരണപ്പെട്ടതായുള്ള സ്ഥിരീകരണമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടൈറ്റാനിക്കുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടെ ഒരു റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തകർന്ന ടൈറ്റാനിക് കപ്പലിന് സമീപത്ത് വെച്ച് വിവാഹിതരാകാൻ തീരുമാനിച്ച  ദമ്പതികളുടെ കഥയാണ് ഇത്.
ന്യൂയോർക്ക് നിവാസികളായ ഡേവിഡ് ലീബോവിറ്റ്‌സും കിംബർലി മില്ലറും ആണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്തുവെച്ച് വിവാഹിതരായത്. 2001 -ലായിരുന്നു ഇവർ ഈ സാഹസിക വിവാഹം നടത്തിയത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിൽ ഉപയോഗിച്ചതിന് സമാനമായ ഒരു മുങ്ങിക്കപ്പലിനുള്ളിൽ തകർന്ന ടൈറ്റാനിക് അവശിഷ്ടങ്ങൾക്കരികിലെത്തി മുങ്ങിക്കപ്പലിനുള്ളിൽ തന്നെ ഇരുന്നുകൊണ്ടായിരുന്നു ഇവർ വിവാഹം കഴിച്ചത്.
അതേസമയം,  1912 -ലെ ദുരന്തത്തിൽ മരണമടഞ്ഞ 1,523 വ്യക്തികളോട് ദമ്പതികൾ അനാദരവ് കാണിച്ചു എന്നതുൾപ്പടെയുള്ള വിമർശനം അവർക്ക് അന്ന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, അതൊന്നും കാര്യമാക്കാതെയാണ് ഇവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നത്. ബ്രിട്ടീഷ് ഓഷ്യൻ ലൈനർ ആയ ക്യു ഇ 2-വിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ റോൺ വാർവിക്കിനൊപ്പം ആണ് അന്ന് അവർ ആ സാഹസിക വിവാഹം യാഥാർഥ്യമാക്കിയത്. റഷ്യൻ ഗവേഷണ കപ്പലായ അക്കാദമിക് കെൽഡിഷിന്റെ ഓപ്പറേഷൻ റൂമിൽ നിന്നാണ് ക്രൂയിസ് ലൈനർ വിവാഹചടങ്ങുകൾ അന്ന് നിയന്ത്രിച്ചത്. 

***  ***  ***

കേരളത്തിലെ ഏറ്റവും പഴയ  റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ സ്റ്റേഷന്റെ പേര് 'തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ' എന്നാക്കി മാറ്റുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ്. തിരൂർ റെയിൽവേ സ്റ്റേഷൻ പി.കെ കൃഷ്ണദാസും സംഘവും സന്ദർശനം നടത്തിയതിന് പിന്നാലെയാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്. തിരൂർ സ്റ്റേഷന്റെ പേര് മാറ്റം സംബന്ധിച്ച കാര്യങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും പി. കെ കൃഷ്ണദാസ് പറഞ്ഞു. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്നും ശുപാർശ അംഗീകരിക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. വളരെ നല്ല കാര്യം. ഇതേ പോലെ ഇനിയും ചിലത് ചെയ്യാനുണ്ട്. കോഴിക്കോടിന്റെ പൈതൃകം പറയുമ്പോൾ സാമൂതിരി രാജാക്കന്മാരെ പറ്റി എല്ലാവരും വാചാലരാവും. എന്നാൽ സാമൂതിരിക്ക് എന്ത് സ്മാരകമാണ് നഗരത്തിലുള്ളത്? സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ള സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാത്രം. കോഴിക്കോട് മെയിൻ റെയിൽവേ സ്‌റ്റേഷന് സാമൂതിരീസ് കാലിക്കറ്റ് എന്നു പുനർനാമകരണം ചെയ്യാം. പഴശ്ശിരാജയെ പറ്റി ഓർമപ്പെടുത്താൻ തലശ്ശേരിയെ പഴശ്ശിരാജ എന്നും പേരിട്ടു വിളിക്കാം. വടകരയ്ക്ക് ചേരുക തച്ചോളി ഒതേനൻ എന്നാണെങ്കിലും ന്യൂനപക്ഷ പ്രാതിനിധ്യമെന്ന നിലയിൽ കുഞ്ഞാലിമരക്കാർ എന്നാക്കാം. സാമൂതിരിയുടെ പടത്തലവനെ ആദരിക്കുകയുമാവാം. ഇപ്പോൾ തന്നെ റെയിൽവേ സ്‌റ്റേഷനിൽ ചെല്ലുമ്പോൾ പുരട്ചി തലൈവർ അനൗൺസ്‌മെന്റ് കേട്ട് തന്നെ ചിരിയടക്കാൻ പ്രയാസപ്പെടുകയാണ്. ജനം ഇങ്ങനെയെങ്കിലും ആഹ്ലാദിക്കട്ടെ. എല്ലാ പേരുകളും ഉടൻ മാറ്റി നമുക്കും ദേശീയ മുഖ്യധാരയിലെത്താം. 

***  ***  ***

കൊട്ടിയൂർ ശിവക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന പർദ്ദയിട്ട യുവതികളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. കേരളത്തിലെ മനുഷ്യരുടെ മതമൈത്രിയും മാനവിക ബോധവും വെളിപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങളാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് സി.പി.എം നേതാവ് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. മതവും വിശ്വാസവും മാനവികതയിലും സഹോദര്യത്തിലും ഉയരങ്ങളിലേക്ക് കടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിനും കുറിപ്പിനും നിറഞ്ഞ കൈയടി ലഭിച്ചു. മതമായാലും രാഷ്ട്രീയമായാലും ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് കഴിയുമ്പോൾ തന്നെ, ഇതര വിശ്വാസങ്ങളെ മാനിക്കാനും പരസ്പര ബഹുമാനവും മൈത്രിയും വളരാനും ഇത്തരം ഇടപെടലുകൾ ഏറെ ഗുണം ചെയ്യുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആ നിലയ്ക്ക് പർദ്ദയണിഞ്ഞ സഹോദരിമാരുടെ പ്രവർത്തനം മാതൃകാപരമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തങ്ങളാണ് കേരളത്തിന്റെ റിയൽ സ്റ്റോറിയെന്നും അതല്ലാതെ വെറുപ്പിന്റെ രാഷ്ട്രീയമല്ലെന്നും സമൂഹമാധ്യമങ്ങൾ ഓർമിപ്പിക്കുന്നു. 

***  ***  ***

കേരളത്തിലെ യുട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് പരിശോധന. വൻതോതിൽ നികുതി  വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന.
കേരളത്തിലെ പത്ത് പ്രമുഖ യൂട്യൂബേഴ്സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം . പേളി മാണി, സജു മുഹമ്മദ്, സെബിൻ തുടങ്ങി പ്രമുഖരായ പത്ത് യൂട്യൂബർമാരുടെ വീട്ടിലാണ് റെയ്ഡ്. ഇതിൽ പലർക്കും പ്രതിവർഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്സ്‌ക്രൈബേഴ്സ് നിര. അതുകൊണ്ടുതന്നെ ഇവർക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാൽ നികുതി ഇനത്തിലേക്ക് ഇവർ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി. യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിച്ചത്.  ഇതാദ്യമായാണ് യൂട്യൂബേഴ്സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്. ഇതെല്ലാം കഴിഞ്ഞപ്പോൾ വകുപ്പ് ഉദ്യോഗസ്ഥർ യൂട്യൂബർമാർക്ക് വിലപ്പെട്ട ഉപദേശവും നൽകി. കണ്ടമാനം പണം കൈയിൽ വരുമ്പോൾ ധൂർത്തടിച്ചു കളയരുതേ എന്നായിരുന്നു അത്. ലോട്ടറിയിൽ ഒന്നാം സമ്മാനമടിച്ചവന്റെ അതേ കാറ്റഗറിയിലല്ലേ  പെട്ടെന്ന് അതിസമ്പന്നരാവുന്ന ഇക്കൂട്ടരും പെടുക? 

***  ***  ***

സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി മഹമൂദ് അലി നടത്തിയ പരാമർശം വിവാദമായി. ഹൈദരാബാദിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾക്ക് ബുർഖ അഴിച്ചുമാറ്റേണ്ടി വന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഹൈദരാബാദിലെ കെവി രംഗ റെഡ്ഡി വനിതാ കോളേജിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച പരീക്ഷാ കേന്ദ്രത്തിലെത്തിയ തങ്ങളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുന്നതിൽനിന്ന് ആദ്യം വിലക്കിയതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് ബുർഖ അഴിച്ചുമാറ്റിയ ശേഷമാണ് തങ്ങളെ ഹാളിലേക്ക് കടക്കാൻ അനുവദിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
കെവി റെഡ്ഡി കോളേജിൽ നടന്ന സംഭവത്തെ കുറിച്ച് മാധ്യമങ്ങൾ ആഭ്യന്തര മന്ത്രി മഹമൂദ് അലിയോട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കഴിയുന്നത്ര ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.
'ഞങ്ങളുടെ നയം തികച്ചും മതേതര നയമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഹിന്ദു അല്ലെങ്കിൽ ഇസ്‌ലാമിക ആചാരങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കണം, യൂറോപ്യൻ സംസ്‌കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്‌കാരത്തെ നാം മാനിക്കണം. പ്രത്യേകിച്ച്, സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്, അവർ കഴിയുന്നത്ര ശരീരം മറയ്ക്കണം, കെവി റെഡ്ഡി കോളേജിൽ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും'- അലി പറഞ്ഞു.
പരീക്ഷാ ഹാളിനു പുറത്ത് അരമണിക്കൂറോളം വെയിറ്റ് ചെയ്യിപ്പിച്ചെന്നും അവസാനം പരീക്ഷയെഴുതാൻ ബുർഖ ഊരിമാറ്റേണ്ടി വന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
'ഇനി ബുർഖ ധരിക്കരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിഷയത്തിൽ ഞങ്ങളുടെ മാതാപിതാക്കൾ ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് പരാതി നൽകിയിട്ടുണ്ട്. ബുർഖ ധരിച്ച വിദ്യാർത്ഥിനികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാത്തത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്  ഒരു വിദ്യാർത്ഥി പ്രതികരിച്ചു.

***  ***  ***

സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. യൂട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗുണപരമായ പല മാറ്റങ്ങളും നിലനിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ - ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്. ചിന്താ ശേഷിയില്ലാത്ത കുറേപേർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുജന ശ്രദ്ധയിൽപെട്ട 'തൊപ്പി' എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽപെട്ടതാണ്. തീർത്തും സ്ത്രീവിരുദ്ധവും, അശ്ലീലപദ പ്രയോഗങ്ങളും, തെറിവിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്. പല കുട്ടികളും വൊക്കാബുലറി മെച്ചപ്പെടുത്തുന്നത് തൊപ്പിയിൽ നിന്ന് ഊർജമുൾക്കൊണ്ടാണ്. 
യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായപൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകൾക്ക് 'യൂ ട്യൂബ് കിഡ്സ്' എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്.
സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേക്ഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ കൈയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകൾക്ക് പിന്നിൽ.
സ്ത്രീവിരുദ്ധതയും തെറിവിളിയും അശ്ലീലപദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് ആലോചിക്കണം. അങ്കമാലിയിൽ ബസിലിരുന്ന് ഹിഗിബോതംസ് കളിച്ചവൻ ജയിൽ മോചിതനായപ്പോൾ സ്വീകരണമൊരുക്കിയ നാടാണ് നമ്മുടേത്. 
 തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് വ്ളോഗർ നിഹാദിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കേരള പൊലീസ് കുറിപ്പ് പങ്കുവച്ചു.  രാജ്യത്തിന്റെ സംസ്‌കാരം, സാന്മാർഗിക മൂല്യങ്ങൾ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന ഉള്ളടക്കം സൃഷ്ടിച്ചു സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നാണ് കേരള പോലീസ് കുറിപ്പിൽ പറയുന്നത്. ഇതെല്ലാം കേട്ട് ചിരിക്കുന്ന ഒരാൾ കേരള പോലീസിൽ കോട്ടയത്തുണ്ട്. കെ.എസ്.യുക്കാരെ ഇയാൾ കൈകാര്യം ചെയ്യുന്ന രീതി മനോരമ ചാനൽ സംപ്രേഷണം ചെയ്യാൻ ഏറെ പ്രയാസപ്പെടുന്നത് എല്ലാവരും കണ്ടതാണ്. 

 

Latest News