Sorry, you need to enable JavaScript to visit this website.

ഇളംകാറ്റ് പോലെ ചില കുറുംകഥകൾ

വായന

കഥ എന്ന സാഹിത്യ ശാഖ മലയാളത്തിൽ അച്ചടിച്ചു തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടിലധികം കാലമായിട്ടില്ല. 1891-ൽ പ്രസിദ്ധീകരിക്കപ്പെട്ട വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ 'വാസനാവികൃതി' ആണ് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥയായി പരിഗണിക്കപ്പെടുന്നത്. നീണ്ട നൂറ്റാണ്ടുകളുടെ യൂറോപ്യൻ കോളനിവൽക്കരണത്തിന്റെ ഭാഗമായി അടിമ ജീവിതം നയിക്കേണ്ടി വന്ന ഒരു ജനസമൂഹത്തിനും ഭാഷയ്ക്കും സാംസ്്കാരിക തലത്തിൽ നേരിട്ട അസ്വാതന്ത്ര്യം കാരണമാവാം യൂറോപ്പിൽ അതിനും ഒരു നൂറ്റാണ്ടു മുമ്പു തന്നെ തുടങ്ങി വെച്ച ഒരു സാഹിത്യശാഖ ഇവിടെ ഏറെ വൈകി പ്രതിഷ്ഠ നേടിയത്. എന്നിരുന്നാലും പിന്നീട് അതിന് ഒരു ത്വരിത വളർച്ച തന്നെ കൈവരിക്കാനായി. വെറുതെ വായനക്കാരെ രസിപ്പിക്കുക എന്ന ലളിത വ്യാഖ്യാനവുമായി പ്രത്യക്ഷപ്പെട്ട ആദ്യ കാല കഥകളിൽനിന്ന് ലക്ഷ്യബോധമുള്ള എഴുത്തിന്റെ ഒരു നവോത്ഥാന കാലഘട്ടത്തിലേക്ക് അധികം വൈകാതെ തന്നെ ചെറുകഥാ പ്രസ്ഥാനം വളർന്നു കയറുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്. ആധുനികതയും ആധുനികാനന്തര കഥകളും ഇതിനെ ഫലപ്രദമായി പൂരിപ്പിക്കുകയും പുതിയ മാനങ്ങളിലേക്കും ഉയരങ്ങളിലേക്കും കൊണ്ടെത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി പ്രമേയത്തിലും ആഖ്യാനത്തിലും പുതിയ ഗവേഷണങ്ങളും നൂതന തന്ത്രങ്ങളും പരീക്ഷിക്കപ്പെടുകയും ദേശത്തിന്റെ സകലമാന കോണുകളിൽ നിന്നും കണ്ടെടുക്കപ്പെട്ട വിഷയങ്ങളും പ്രമേയ വൈവിധ്യങ്ങളും കഥാ ശില്പത്തിന് ഉപയോഗിക്കാവുന്ന പല വിധത്തിലുള്ള അസംസ്‌കൃത വസ്തുക്കളായി സ്വീകരിക്കപ്പെടുകയും ചെയ്തു. 
രചനാതന്ത്രത്തിൻറെ വൈവിധ്യാത്മകമായ അന്വേഷണങ്ങളിൽ നിന്നാണ് കുറുങ്കഥകൾ എന്നും മിനിക്കഥകൾ എന്നുമൊക്കെ വിളിക്കപ്പെടുന്ന ഒരു വ്യവഹാരരൂപം മറ്റു ഭാഷകളിലെന്നപോലെ മലയാള ഭാഷയിലും  ഉരുത്തിരിഞ്ഞു വരുന്നത്. ആഖ്യാന ശരീരം കൊണ്ട് കഥയോടും സംവേദനത്തിൽ കവിതയോടും ചേർന്നു നിൽക്കുന്ന ഈ സവിശേഷ രചനാരീതി പെട്ടെന്ന് തന്നെ അനുവാചക ശ്രദ്ധ പിടിച്ചുപറ്റി. ലളിതമായി പറയുമ്പോഴും കുറുക്കി എഴുതുമ്പോഴും പറയുന്ന വിഷയത്തിന്റെ പ്രാധാന്യം കുറയുകയല്ല ചെയ്യുന്നത് എന്നും പരത്തിപ്പറയുന്ന കഥകളേക്കാൾ ഇത്തരം കഥകൾക്ക് മൂർച്ചയും പ്രഹരശേഷിയും കൂടുതലാണെന്നും തെളിയിച്ച കഥകളായിരുന്നു അവയൊക്കെയും.
ലോക സാഹിത്യത്തിൽ ഫഌഷ് ഫിക്ഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സവിശേഷ വ്യവഹാര രൂപത്തിന് തുടക്കമിട്ടത് ലോക പ്രശസ്ത എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേ ആണെന്നാണ് പറയപ്പെടുന്നത്. ഹെമിംഗ്‌വേയുടെ 'ഫോർ സെയിൽ / ബേബി ഷൂസ് / നെവർ വോൺ' എന്ന കഥയിലൂടെയാണത്രെ ഈ ശൈലിയുടെ തുടക്കം. ആകെ ആറ് വാക്കുകൾ മാത്രമേ ഈ കുറുങ്കഥയിലുള്ളു എന്നാണ് ഒന്നാമത്തെ പ്രത്യേകത. 2-2-2 എന്ന അനുപാതത്തിലാണ് അത് ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ ഒരു താളാത്മക പൂർണത അതിൽ ദർശിക്കാം. ആദ്യ രണ്ടു പദങ്ങൾ ഒരു പ്രത്യേക ഇടത്തെ സൂചിപ്പിക്കുന്നു. അവിടെയാണ് വില്പനയിടം. രണ്ടാമത്തെ പദം ജോടി  വിൽക്കാനുള്ള സാധനത്തെയാണ് സൂചിപ്പിക്കുന്നത്. അത് ഒരു കുട്ടിയുടെ പാദരക്ഷകളാണ്. മൂന്നാമത്തെ വരിയിലെ ഇരട്ടപ്പദങ്ങളിലാണ് കഥയിരിക്കുന്നത്. ഒരിക്കലും ധരിച്ചിട്ടില്ലാത്ത പാദുകങ്ങൾ ഏതു രീതിയിലും ഭാവന ചെയ്യാനുള്ള സാധ്യതകളിലേക്ക് നയിക്കുന്നു. ഷൂസിന്റെ ഉടമയായ കുട്ടിയുടെ തിരോധാനത്തെക്കുറിച്ചാവാം അത്. വരാൻ സാധ്യതയുള്ള ഒരു കുട്ടിയെക്കുറിച്ചുള്ള പ്രതീക്ഷയിലേക്കുമാവാം. മറ്റെന്തെങ്കിലുമാവാം. അത് കണ്ടെത്തേണ്ടത് വായനക്കാരന്റെ ഉത്തരവാദിത്തമാണ്. അതെത്രത്തോളം ഫലപ്രദമായി അയാൾക്ക് പൂരിപ്പിക്കാൻ കഴിയുന്നു എന്നിടത്താണ് കഥയുടെ പൂർണത നിൽക്കുന്നത്. 
ഹെമിംഗ്‌വേക്ക് ശേഷവും ഇങ്ങനെ വാക്കുകൾക്കപ്പുറത്തും കഥകളെ ഒളിച്ചു വെക്കുന്ന ഒരു രീതി കുറുങ്കഥകളുടെ അടിസ്ഥാന സ്വഭാവമായി പിന്നീട് ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടിരിക്കണം. അതുകൊണ്ട് തന്നെ പരത്തിപ്പറയുന്ന കഥകൾക്ക് ഇല്ലാത്ത വിധം പ്രസരണ ശേഷിയും പ്രഹരശേഷിയും കുറുങ്കഥകൾക്കുണ്ട്. ചിലപ്പോൾ ഒരു ചാട്ടുളിയുടെ മൂർച്ചയോടു കൂടിയോ ചില നേരങ്ങളിൽ ഒരു ഇളംകാറ്റിന്റെ തരള സ്പർശമായോ മറ്റു ചിലപ്പോൾ ഉള്ളിലേക്ക് മെല്ലെ കിനിഞ്ഞിറങ്ങുന്ന നേരിയ വേദനയുടെ നീറ്റലായോ അത് വായനക്കാരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കടന്നു കേറുന്നു. അവിടെ അസ്വസ്ഥതയും അനുഭൂതിയും നിറക്കുന്നു.
ഇത്തരത്തിൽ ചാട്ടുളിയായും കുളിർ കാറ്റായും വേദനയുടെ നീറ്റലായും സ്വയം പ്രകാശിതമാവുന്ന 60 കുറുങ്കഥകളാണ് അമീൻ പുറത്തീൽ എന്ന കഥാകാരന്റെ 'പൂക്കളുടെ സംസാരം' എന്ന ഈ പുസ്തകത്തിലുള്ളത്. കുറുങ്കഥകളുടെ മേൽപറഞ്ഞ നിർവചനങ്ങളെയെല്ലാം ഫലപ്രദമായി സാധൂകരിക്കുന്ന കഥകൾ.
പുതുകാലത്ത് നമ്മളനുഭവിക്കുന്ന ജീവിത പ്രതിസന്ധികളുടെ തീവ്രതയെയും ആസുരതകളെയും ഈ കഥകൾ നന്നായി വിശകലനം ചെയ്യുന്നുണ്ട്. സമൂഹത്തിൽ സാവധാനം വേരിറങ്ങിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയ്‌ക്കെതിരെയും വർഗീയ ചിന്തകൾക്കെതിരെയും വിഭാഗീയതക്കെതിരെയും പാർശ്വവൽക്കരണങ്ങൾക്കെതിരെയും ലിംഗ വിവേചനങ്ങൾക്കെതിരെയുമൊക്കെ ഈ കുഞ്ഞു കഥകൾ ശക്തമായിത്തന്നെ പ്രതികരിക്കുന്നത് വായനക്കാർക്ക് കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ സമാഹാരത്തിലെ കഥകളിൽ നല്ലൊരു പങ്ക് ശക്തമായ രാഷ്ട്രീയ മാനമുള്ള കഥകളാണ്. മാനവികതയുടെ രാഷ്ട്രീയമാണ് അത്. അത് ശക്തമായ ആഖ്യാനത്തിലൂടെ നെഞ്ച് വിരിച്ചു പറയാൻ കഥാകൃത്ത് കാണിക്കുന്ന ധൈര്യം അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പല കഥകളും ആഖ്യാനത്തിൽ കവിതകളോട് ചേർന്നു നിൽക്കുന്നു എന്നത് വായനയ്ക്ക് സർഗാത്മകമായ ഒരു ഔന്നത്യം നൽകുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ കഥയെയും വിശദമായി പഠന വിധേയമാക്കേണ്ടതുണ്ടെങ്കിലും ഒരു അവതാരികയിൽ അതിന്റെ ആവശ്യമില്ലാത്തതിനാൽ ഈ കഥകളുടെ പൊതുസ്വഭാവങ്ങളെക്കുറിച്ചു മാത്രം പറഞ്ഞതാണ്. എന്തായിരുന്നാലും മലയാള കഥയിൽ, പ്രത്യേകിച്ചും കുറുങ്കഥാരംഗത്ത് ഈ പുസ്തകത്തിലൂടെ അമീൻ പുറത്തീൽ എന്ന കഥാകൃത്ത് കൂടുതൽ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

Latest News