ന്യൂദല്‍ഹി - സഹതാരം യോഗേശ്വര്‍ ദത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് ഗുസ്തിക്കാരി വിനേഷ് ഫോഗട്. മേല്‍നോട്ട സമിതി അംഗമായിരിക്കെ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷന് ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതി തിരിച്ചുതള്ളിയ വ്യക്തിയാണ് യോഗേശ്വര്‍. ഇതൊക്കെ സാധാരണമാണെന്നാണ് ഒരു വനിതാ താരത്തോട് അയാള്‍ പറഞ്ഞത്. ബ്രിജ്ഭൂഷന്റെ നട്ടെല്ലില്ലാത്ത ദാസനായാണ് യോഗേശ്വര്‍ അറിയപ്പെടുക -വിനേഷ് ആരോപിച്ചു. ബ്രിജ്ഭൂഷനെതിരായ പരാതി പരിശോധിക്കാന്‍ രൂപീകരിച്ച കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയുടെയും പാനലില്‍ അംഗമായിരുന്നു യോഗേശ്വര്‍.
ബ്രിജ്ഭൂഷന്റെ പാത്രത്തിലെ ഉഛിഷ്ടം ഭുജിക്കുന്നയാളാണ് യോഗേശ്വറെന്ന് ഗുസ്തി മേഖലയില്‍ എല്ലാവര്‍ക്കുമറിയാം. സമൂഹത്തിലെ അനീതികള്‍ക്കെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ യോഗേശ്വറിന് ഓക്കാനം വരും. സഹതാരങ്ങളെ വഞ്ചിക്കാന്‍ മടി കാണിച്ചിട്ടില്ലാത്ത വ്യക്തിയാണ് അയാള്‍. ബ്രിജ്ഭൂഷന്റെ കാല്നക്കിയാണ് യോഗേശ്വര്‍. സമിതിക്കു മുന്നില്‍ വനിതാ താരങ്ങള്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ചിരിക്കുകയായിരുന്നു അയാള്‍. ബ്രിജ്ഭൂഷന് ഒന്നും സംഭവിക്കില്ലെന്നും ഒത്തുതീര്‍പ്പിലെത്തി പരിശീലനം പുനരാരംഭിക്കുന്നതാണ് നല്ലതെന്നും വനിതാ താരങ്ങളെ ഉപദേശിക്കാന്‍ ശ്രമിച്ചു. പരാതി പറഞ്ഞവരുടെ വിശദാംശങ്ങള്‍ ബ്രിജ്ഭൂഷന് കൈമാറി. പല താരങ്ങളുടെയും വീട്ടില്‍ വിളിച്ച് മക്കളെ അടക്കിനിര്‍ത്താന്‍ നിര്‍ദേശിച്ചു. അന്വേഷണകമ്മിറ്റികളില് അംഗമായിരിക്കെ വനിതാ താരങ്ങള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തി. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെയും കോച്ചുമാരെയും നിരന്തരം തടഞ്ഞു. സൈനികര്‍ക്കും ന്യൂനപക്ഷ സമുദായക്കാര്ക്കുമെതിരെ അനഭിലഷണീയമായ പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ് അയാള്‍. വഞ്ചകനായതിനാലാണ് രണ്ടു തവണ തെരഞ്ഞെടുപ്പില്‍ യോഗേശ്വര്‍ പരാജയപ്പെട്ടത്. ബ്രിജ്ഭൂഷന് നട്ടെല്ല് അടിയറ വെച്ച ഒരാള്‍ വനിതാ താരങ്ങളുടെ കരളുറപ്പ് തകര്‍ക്കാന്‍ ശ്രമിക്കേണ്ടെന്ന് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമായി അഞ്ച് സ്വര്‍ണം നേടിയ വിനേഷ് വെല്ലുവിളിച്ചു.
സമരത്തിലേര്‍പ്പെട്ട താനുള്‍പ്പെടെ താരങ്ങള്‍ക്ക് ട്രയല്‍സില്‍ ഇളവ് നല്‍കിയതിനെതിരെ യോഗേശ്വര്‍ രംഗത്തു വന്നതാണ് വിനേഷിനെ ചൊടിപ്പിച്ചത്. ലണ്ടന്‍ ഒളിംപിക്സിലെ മെഡലുകാരനാണ് യോഗേശ്വര്‍.
ഏഷ്യന്‍ ഗെയിംസിനും ലോക ചാമ്പ്യന്‍ഷിപ്പിനുമുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ ബജ്റംഗ് പൂനിയ, ഭാര്യ സംഗീത ഫോഗട് തുടങ്ങി ആറു പേര് ഒരു മത്സരം ജയിച്ചാല്‍ മതിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് നിയമിച്ച താല്‍ക്കാലിക ഗുസ്തി ഫെഡറേഷന് പ്രഖ്യാപിച്ചിരുന്നു.






