Sorry, you need to enable JavaScript to visit this website.

അര്‍ജന്റീന ഫുട്ബാള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് കായിക മന്ത്രി

മലപ്പുറം-ലോകജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി. മത്സരം സംഘടിപ്പിക്കാന്‍ കേരളം ഒരുക്കമാണെന്ന് അറിയിച്ചുകൊണ്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയക്കുകയും ചെയ്തു. അര്‍ജന്റീനയെ കേരളം എന്നും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുമെന്നം മത്സരം ഏറ്റെടുത്ത് നടത്താന്‍ തയാറാകുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തള്ളിയ വാര്‍ത്ത  ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവ് താങ്ങാനാകില്ലെന്ന കാരണമായിരുന്നു എ.ഐ.എഫ്.എഫിന്റെ  പിന്‍മാറ്റം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് കായികമന്ത്രി വി. അബ്ദുറഹിമാന്‍ സ്വാഗതം ചെയ്തിരിക്കുന്നത്. ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി  സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീന  താത്പര്യം പ്രകടിപ്പിച്ചത്. ഇതിനായി ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് അവര്‍ തെരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ് ഇക്കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍  മത്സരത്തിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് ഭീമമായ തുകയായിരുന്നു. ഇതു കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചത്. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളത്തിലിറങ്ങാന്‍ അര്‍ജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
2022ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദര്‍ശിക്കുകയും കേരളത്തിന്റെ ഫുട്ബോള്‍ വികസനത്തിനായി അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പര്യം അറിയിക്കുകയും ചെയ്തിരുന്നു. അന്നും മെസിയെയും സംഘത്തെയും കേരളത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മൂന്നു മാസം മുമ്പ് അര്‍ജന്റീന ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വാര്‍ത്ത ഇപ്പോഴാണ് പുറത്തുവന്നത്. എന്നാല്‍, അക്കാര്യം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ല എന്നാണ് കാരണം പറഞ്ഞത്. റാങ്കിംഗില്‍ പിന്നിലുള്ള ഇന്ത്യ അര്‍ജന്റീനയോട് കളിച്ചാല്‍ ഫലം ദയനീയമാകുമോ എന്ന ആശങ്കയും എഐഎഫ്എഫ് പങ്കുവച്ചതായി അറിയുന്നു. ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ജൂണ്‍ 10 നും 20 നും ഇടയിലാണ് അര്‍ജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലും  കളിക്കാന്‍ സന്നദ്ധത അറിയിച്ചത്. രണ്ടു കൂട്ടരും തയാറായില്ല. തുടര്‍ന്ന് ചൈനയും ഇന്തോനേഷ്യയും അവസരം മുതലാക്കി. രണ്ടിടത്തും നല്ല നിലയില്‍ കളി പൂര്‍ത്തിയാക്കി.
തങ്ങള്‍ക്ക് ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നല്‍കുന്ന സമ്മാനമായിരുന്നു സൗഹൃദ മത്സരം.  ഇന്ത്യന്‍ ഫുട്‌ബോളിന് അതു പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാന്‍ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലൊരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്.
2011 ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീന - വെനസ്വേല മത്സരം കാണാന്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ എണ്‍പത്തയ്യായിരം പേരാണ് എത്തിയത്. ഇത്തവണ കളിച്ചിരുന്നെങ്കില്‍ കാണികള്‍ അതില്‍ കൂടുമെന്നുറപ്പായിരുന്നു. 1984 ലെ നെഹ്‌റു കപ്പില്‍ അര്‍ജന്റീന അവസാന നിമിഷ ഗോളില്‍ ഇന്ത്യയെ കീഴടക്കിയ (1-0) ചരിത്രവുമുണ്ട്.
2011 ലെ ടീമല്ല അര്‍ജന്റീന. ഖത്തര്‍ ലോകകപ്പിലെ മാസ്മരിക പ്രകടനം അവരെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. നീലപ്പടയെ നെഞ്ചേറ്റുന്നവരുടെ എണ്ണവും പതിന്‍മടങ്ങായി. അങ്ങനെയൊരു ടീമിനെയാണ് അവഗണിച്ചത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്‌പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം നമ്മുടെ ഫുട്‌ബോളിനുള്ള ഗുണഫലം ആരും കാണാന്‍ തയാറായില്ല. ഇന്ന് ഫിഫ റാങ്കിംഗില്‍ 101 ആണ് ഇന്ത്യയുടെ സ്ഥാനം. ഫുട്‌ബോള്‍ ഏറെ പ്രഫഷണലായി മാറിയ കാലമാണിത്. അതിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നോട്ടു പോക്കായിരിക്കും ഫലം എന്നുമാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

 

 

 

Latest News