മുംബൈ - വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കി. ഇന്ത്യന്‍ ടീമില്‍ പൂജാരയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. മുന്‍നിര ബാറ്റര്‍മാരായ യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗയ്ക്വാദ്, പെയ്സ്ബൗളര്‍ മുകേഷ്കുമാര്‍ എന്നിവര്‍ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തി. പെയ്സ്ബൗളര്‍മാരായ നവദീപ് സയ്നിയെ തിരിച്ചുവിളിച്ചു. ഉമേഷ് യാദവിനെ ഒഴിവാക്കി. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു.
മുപ്പത്തഞ്ചുകാരനായ പൂജാരക്ക് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ 14, 27 എന്നിങ്ങനെയേ സ്കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ജയ്സ്വാളോ ഗയ്ക്വാദോ പകരം മൂന്നാം നമ്പറില്‍ കളിക്കും. 2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ചക്രത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാണ് ഇത്.
നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ അജിന്‍ക്യ രഹാനെ സ്ഥാനം നിലനിര്‍ത്തി. ഓസീസിനെതിരെ ഇന്ത്യയുടെ ടോപ്സ്കോററായിരുന്ന രഹാനെയെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ടീമില്‍ നിന്ന് പുറത്താവുമ്പോള്‍ രഹാനെ വൈസ് ക്യാപ്റ്റനായിരുന്നു.
ഗയ്ക്വാദ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന ഏകദിനം. ജയ്സ്വാളും മുകേഷും ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയിട്ടില്ല.
ഗയ്ക്വാദ് മഹാരാഷ്ട്രയുടെ കളിക്കാരനാണ്. 28 മത്സരങ്ങളില്‍ ആറ് സെഞ്ചുറിയും 42.19 ശരാശരിയുമുള്ള ഓപണര്‍ കുറച്ചുകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വാതിലില്‍ മുട്ടുന്നുണ്ട്. ജയ്സ്വാളിന് 26 ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സില്‍ എണ്‍പതിനു മേലെ ശരാശരിയുണ്ട്. അവസാനം കളിച്ച ഫസ്റ്റ് ക്ലാസ് മത്സരം ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടിയാണ്. ആ മത്സരത്തില്‍ 213, 144 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.
ബംഗാളിന്റെ ബൗളിംഗ് പടക്കുതിരയാണ് മുകേഷ്. കടുകിട തെറ്റാത്ത ലൈനും ലെംഗ്തുമാണ് മുപ്പതുകാരനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലായി എല്ലാ ഇന്ത്യ എ പര്യടനങ്ങളുടെയും ഭാഗമായിരുന്നു.
പരിക്കേറ്റ ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെ പരിഗണിച്ചില്ല. കെ.എസ് ഭരതും ഇശാന് കിഷനുമാണ് വിക്കറ്റ്കീപ്പര്‍മാര്‍. സ്പിന്‍ നിരയില്‍ ആര്. അശ്വിനും രവീന്ദ്ര ജദേജക്കും പിന്നണിയായി അക്ഷര്‍ പട്ടേലുണ്ട്. പെയ്സ്ബൗളല് ജയ്ദേവ് ഉനാദ്കത് സ്ഥാനം നിലനിര്‍ത്തി. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് മറ്റു പെയ്സര്‍മാര്‍. സയ്നിയുടെ അവസാന ടെസ്റ്റ് 2021 ല്‍ ഓസ്ട്രേലിയക്കെതിരെയാണ്. രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജൂലൈ 12 ന് ഡൊമിനിക്കയില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ജൂലൈ 20 ന് പോര്‍ട് ഓഫ് സ്പെയിനിലും. 2019 ലെ അവസാന പരമ്പര ഇന്ത്യ 2-0 ന് ജയിച്ചിരുന്നു.






