Sorry, you need to enable JavaScript to visit this website.

ഇതാ കപ്പ് കണ്ടെത്തിയ കളിക്കാര്‍

ലിയണല്‍ മെസ്സി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മാര്‍,ആന്റോയ്ന്‍ ഗ്രീസ്മാന്‍, കീലിയന്‍ എംബാപ്പെ, മുഹമ്മദ് സലാഹ്, സാദിയൊ മാനെ, ഹാരി കെയ്ന്‍, എഡന്‍ ഹസാഡ്... ലോകകപ്പിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട കളിക്കാര്‍ ഇവരൊക്കെയാണ്. ഇതില്‍ പലരും ഒരു ഇലയനക്കം പോലും സൃഷ്ടിക്കാതെ മടങ്ങി. ചില കളിക്കാര്‍ കരുത്തു കാട്ടി. ഇതാ ഈ ലോകകപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട ചില കളിക്കാര്‍:
1. ഹിര്‍വിംഗ് ലൊസാനൊ (മെക്‌സിക്കൊ)
ജര്‍മനിക്കെതിരായ ഉജ്വല ഗോള്‍, തെക്കന്‍ കൊറിയക്കെതിരെ ഹവിയര്‍ ഹെര്‍ണാണ്ടസിന് ഗോളടിക്കാന്‍ ഒന്നാന്തരം പാസ്.. ഈ ലോകകപ്പ് കണ്ട മികച്ച യുവ കളിക്കാരനാണ് ലൊസാനൊ. നെതര്‍ലാന്റ്‌സില്‍ പി.എസ്.വി ഐന്തോവന് വേണ്ടി 29 കളികളില്‍ 17 ഗോളടിച്ചാണ് ഇരുപത്തിരണ്ടുകാരന്‍ റഷ്യയിലേക്ക് വന്നത്. ബാഴ്‌സലോണ പയ്യനെ വട്ടമിട്ടു തുടങ്ങി. 
2. തകാഷി ഇനൂയി (ജപ്പാന്‍)
ലോകകപ്പിന് തൊട്ടുമുമ്പ് സ്‌പെയിനിലെ റയല്‍ ബെറ്റിസ് ഇനൂയിയെ ഫ്രീ ട്രാന്‍സ്ഫറില്‍ സ്വന്തമാക്കി. ലോകകപ്പിലെ ഇനൂയിയുടെ പ്രകടനം ഒരു സൂചനയാണെങ്കില്‍ റയല്‍ ബെറ്റിസ് ഇപ്പോള്‍ നിറഞ്ഞു ചിരിക്കുന്നുണ്ടാവും. മുപ്പതാം വയസ്സിലും മിന്നുന്ന പ്രകടനമാണ് ഇനൂയി റഷ്യയില്‍ കാഴ്ചവെച്ചത്. ബെല്‍ജിയം പ്രതിരോധത്തെ ഇനൂയി വിറപ്പിച്ചു വിട്ടു. ഉജ്വലമായ പന്തടക്കവും ചടുലമായ പാസിംഗും, എല്ലാത്തിനുമുപരി 25 വാര അകലെ നിന്നുള്ള കിടിലന്‍ ഫിനിഷിംഗ്. ഇനൂയി.. ഇനി ആ പേര് ഓര്‍ത്തുവെക്കുക.
3. അലക്‌സാണ്ടര്‍ ഗൊളോവിന്‍ (റഷ്യ)
യൂറോപ്പ കപ്പില്‍ സി.എസ്.കെ.എ മോസ്‌കോക്കു വേണ്ടി തകര്‍പ്പന്‍ ഗോള്‍ നേടിയ ഗൊളോവിനെ ആഴ്‌സനല്‍ ആരാധകര്‍ മറക്കില്ല. ഈ ലോകകപ്പോടെ ഗൊളോവിന്‍ മറ്റുള്ളവരുടെ മനസ്സിലും കുടിയേറി. സൗദി അറേബ്യക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ഇരുപത്തിരണ്ടുകാരന്‍ അതുപോലെ മനോഹരമായ ഫ്രീകിക്ക് ഗോളടിച്ചു. മറ്റു രണ്ട് ഗോളിന് വഴിയൊരുക്കി. ഈജിപ്തിനെതിരായ കളിയില്‍ ഗൊളോവിന്റെ കൈയിലായിരുന്നു കടിഞ്ഞാണ്‍, സ്‌പെയിനിനെതിരെ അടിപതറാതെ കളി നയിച്ചു, പിരിമുറുക്കം നിറഞ്ഞ ഷൂട്ടൗട്ടില്‍ ശാന്തനായി സ്‌കോര്‍ ചെയ്തു. അടുത്ത നീക്കം... ചെല്‍സി കാത്തിരിക്കുന്നു.
4. ആന്റി റെബിച് (ക്രൊയേഷ്യ)
റെബിച്ചിന് ഇത് രണ്ടാം ലോകകപ്പാണ്. ആദ്യ ലോകകപ്പ് ഇരുപത്തിനാലുകാരന്‍ ഓര്‍ക്കാനാഗ്രഹിക്കില്ല. ആ ലോകകപ്പില്‍ അവസാന വേളയില്‍ ഉപയോഗിക്കുന്ന പകരക്കാരായിരുന്നു റെബിച്. എന്നിട്ടും ചുവപ്പ് കാര്‍ഡ് വാങ്ങി. ടീമില്‍ നിന്ന് ഏറെക്കാലം പുറത്തായി. ഇത്തവണ റെബിച് തലവര തിരുത്തി. അര്‍ജന്റീനക്കെതിരെ റെബിച് നേടിയ ഗോള്‍ ലോക ഫുട്‌ബോളിനെ വിറപ്പിച്ചു. ഗോളി വില്ലി കബയേരോയുടെ പിഴവാണ് ആ ഗോളിന് കാരണം. എന്നിട്ടും ആ ഗോളിന്റെ ചന്തവും പ്രകമ്പനവും ഒന്നു വേറെത്തന്നെയായിരുന്നു. ഡെന്മാര്‍ക്കിനെതിരായ പ്രി ക്വാര്‍ട്ടറിലും ഗോളടിക്കേണ്ടതായിരുന്നു, ഫൗള്‍ ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍.
5. യുവാന്‍ ക്വന്ററൊ (കൊളംബിയ)
ക്വിന്ററൊ, ക്വാദ്‌റാദൊ, റോഡ്രിഗസ് ..മൂവര്‍ സംഘം മധ്യനിര ഭരിച്ച നിമിഷങ്ങളില്‍ കൊളംബിയ തീര്‍ത്തും മാറി. കഴിഞ്ഞ ലോകകപ്പില്‍ ഹമീസ് റോഡ്രിഗസിന്റെ സാന്നിധ്യം കാരണം ക്വിന്ററൊ ശ്രദ്ധിക്കപ്പെട്ടില്ല. ആ ലോകകപ്പിനു ശേഷം ഹമീസിനെ റയല്‍ മഡ്രീഡ് റാഞ്ചി. ക്വിന്ററൊ ക്ലബ്ബുകളില്‍ നിന്ന് ക്ലബ്ബുകളിലേക്ക് കൂറ് മാറിക്കൊണ്ടിരുന്നു. ഇത്തവണ കൊളംബിയ നേടിയ അഞ്ച് ഗോളില്‍ മൂന്നിലും ക്വിന്ററോയുടെ പാദസ്പര്‍ശമുണ്ട്. ജപ്പാനെതിരായ കളിയിലെ ഫ്രീകിക്ക് ഗോള്‍ ചന്തമുള്ളതായിരുന്നു. 
6. ബെഞ്ചമിന്‍ പവാഡ് (ഫ്രാന്‍സ്)
ഫ്രഞ്ച് ടീമിലെ പുതിയ ലീലിയന്‍ തുറാമായാണ് ഇരുപത്തിരണ്ടുകാരന്‍ വിലയിരുത്തപ്പെടുന്നത്. അര്‍ജന്റീനക്കെതിരായ ലോംഗ്‌റെയ്ഞ്ച് ഗോള്‍ പവാഡിന് നേടിക്കൊടുത്ത പ്രശസ്തി ചില്ലറയല്ല. 2016 ല്‍ ജര്‍മന്‍ ലീഗില്‍ രണ്ടാം ഡിവിഷനില്‍ കളിച്ച പവാഡിനെ ഫുള്‍ബാക്കിന്റെ ഉത്തരവാദിത്തമേല്‍പിച്ച ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷോമിന് പിഴച്ചിട്ടില്ല. 1998 ല്‍ തുറാമായിരുന്നു ലോകകപ്പില്‍ ഗോളടിച്ച അവസാനത്തെ ഫ്രഞ്ച് ഡിഫന്റര്‍. ജിബ്രീല്‍ സീദിബെക്ക് പരിക്കേറ്റപ്പോള്‍ പ്രതിരോധച്ചുമതല ധീരമായി ചുമലിലേറ്റാന്‍ പവാഡിന് സാധിച്ചു. അടുത്ത ലക്ഷ്യം... ബയേണ്‍ മ്യൂണിക്. 
7. റോഡ്രിഗൊ ബെന്റാകൂര്‍ (ഉറുഗ്വായ്)
ബൊക്ക ജൂനിയേഴ്‌സില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ബെന്റാകൂര്‍ കളം മാറാന്‍ തീരുമാനിച്ചപ്പോള്‍ ആഴ്‌സനല്‍ മടിച്ചുനിന്നു. യുവന്റസാണ് ഇരുപത്തൊന്നുകാരനെ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം വിജയകരമായ പാസുകള്‍ ചെയ്ത യുവ താരമാണ് ബെന്റാകൂര്‍. സൗദി അറേബ്യ വലിയ വെല്ലുവിളി സമ്മാനിച്ചപ്പോള്‍ ടീമിനെ നിയന്ത്രിച്ചു. ഇരുപത്തൊന്നാം ജന്മദിനത്തില്‍ റഷ്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. പോര്‍ചുഗലിനെതിരെ ഗോളടിക്കാന്‍ എഡിന്‍സന്‍ കവാനിക്ക് കൃത്യമായ പാസ് നല്‍കി. ഇക്കഴിഞ്ഞ സീസണില്‍ യുവന്റസിന്റെ റിസര്‍വ് ബെഞ്ചിലായിരുന്നു മിഡ്ഫീല്‍ഡര്‍. അടുത്ത സീസണ്‍ അങ്ങനെയാവില്ല.
8. മൂസ വാഗെ (സെനഗല്‍)
ആഫ്രിക്കന്‍ വന്‍കരയുടെ പ്രായം കുറഞ്ഞ ഗോള്‍സ്‌കോററായി പത്തൊമ്പതുകാരന്‍. ജപ്പാനെതിരായ മിന്നുന്ന ഗോള്‍ റൈറ്റ്ബാക്കിന്റെ ആദ്യ രാജ്യാന്തര ഗോള്‍ കൂടിയായിരുന്നു. പോളണ്ടിനും കൊളംബിയക്കുമെതിരായ കളികളിലും വിംഗുകളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. സെനഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും വാഗെയെ ആറും മറക്കില്ല. ഇപ്പോള്‍ ബെല്‍ജിയത്തിലെ യൂപനിലാണ്. അടുത്ത സീസണില്‍ വന്‍ ക്ലബ്ബുകളിലൊന്നില്‍ കാണാം. 
9. ചോ ഹ്യൂന്‍ വ്യൂ (തെക്കന്‍ കൊറിയ)
ചോയെ ആരു മറന്നാലും ജര്‍മന്‍കാര്‍ ഓര്‍ക്കും. ജര്‍മനിയുടെ സകലശ്രമങ്ങളും ചോയുടെ മുന്നില്‍ പാഴായി. ചാമ്പ്യന്മാര്‍ വാലു മടക്കി മടങ്ങി. യോഗ്യതാ റൗണ്ടില്‍ കൊറിയയുടെ മൂന്നാം ഗോളിയായിരുന്നു ഇരുപത്താറുകാരന്‍. കൊറിയന്‍ ക്ലബ് ദേഗുവില്‍ കാഴ്ചവെച്ച പ്രകടനമായിരുന്നു സ്വീഡനെതിരായ മത്സരത്തില്‍ ഒന്നാം ഗോളിയുടെ കൈയുറ കിട്ടാന്‍ കാരണം. മാര്‍ക്കസ് ബെര്‍ഗിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷിച്ച് കോച്ചിന്റെ വിശ്വാസം നേടി. പിന്നെ തിരിഞ്ഞുനോക്കിയില്ല. ജര്‍മനിക്കെതിരെ ഗോളെന്നുറച്ച ആറ് ഷോട്ടുകള്‍ രക്ഷിച്ചു. യൂറോപ്പില്‍ കളിക്കുകയാണ് ചോയുടെ സ്വപ്നം. അത് വൈകില്ല. 
10. വിക്ടര്‍ ക്ലാസന്‍ (സ്വീഡന്‍)
സ്ലാറ്റന്‍ ഇബ്രഹിമോവിച്ചിന്റെ കാലത്തിനു ശേഷം സ്വീഡന്‍ ടീമില്‍ സൂപ്പര്‍താരങ്ങളില്ല. കൂട്ടായ യത്‌നമാണ് ടീം 1994 നു ശേഷം ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്താന്‍ കാരണം. എങ്കിലും ക്ലാസന്‍ ശ്രദ്ധിക്കപ്പെട്ടു. റഷ്യയില്‍ ക്രാസ്‌നോദാറിന് കളിച്ച അനുഭവപരിചയം ഇരുപത്താറുകാരന് മുതല്‍ക്കൂട്ടായി. തെക്കന്‍ കൊറിയക്കെതിരെ പെനാല്‍ട്ടി നേടിയെടുത്തു, രണ്ട് ഗോളിന് കൂടി അവസരമൊരുക്കി. 
 

Latest News