Sorry, you need to enable JavaScript to visit this website.

മാര്‍ടിനെസ് ആവുമോ ആദ്യത്തെ ആ വ്യക്തി?

ലോകകപ്പ് സെമി ഫൈനലുകളെക്കുറിച്ച കൗതുക വിവരങ്ങളിലൂടെ:

ലോകകപ്പ് ഫുട്‌ബോളില്‍ ഒരു വിദേശ കോച്ചിനും ഇതുവരെ ഒരു ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞിട്ടില്ല. 2006 ല്‍ ബ്രസീലുകാരന്‍ ലൂയിസ് ഫെലിപ്പെ സ്‌കൊളാരിയുടെ പരിശീലനത്തില്‍ പോര്‍ചുഗല്‍ സെമി ഫൈനലിലെത്തിയതാണ് നിലവിലെ റെക്കോര്‍ഡ്. ഇത്തവണ ബെല്‍ജിയത്തെ സെമി ഫൈനലിലെത്തിച്ച സ്‌പെയിന്‍കാരന്‍ റോബര്‍ടൊ മാര്‍ടിനെസ് ആ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്. കിരീടം നേടുന്ന ആദ്യ വിദേശ കോച്ചാവുമോ മാര്‍ടിനെസ്?



നിലവിലെ അണ്ടര്‍20, അണ്ടര്‍17 ലോകകപ്പ് ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വര്‍ഷം തെക്കന്‍ കൊറിയയിലും ഇന്ത്യയിലും നടന്ന ചാമ്പ്യന്‍ഷിപ്പുകളിലാണ് അവര്‍ കിരീടം നേടിയത്. ബ്രസീല്‍ മുമ്പ് ഒരേ വര്‍ഷം ഈ രണ്ട് ട്രോഫികളും നേടിയിട്ടുണ്ട്. 2003 ല്‍. 2002 ലെ സീനിയര്‍ ലോകകപ്പ് ചാമ്പ്യന്മാരായിരുന്നു ബ്രസീല്‍. ഇത്തവണ ഇംഗ്ലണ്ട് ജയിച്ചാല്‍ ആ റെക്കോര്‍ഡും സ്വന്തമാക്കാം. കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍119 യൂറോപ്യന്‍ കപ്പും ഇംഗ്ലണ്ടാണ് ജയിച്ചത്.



യൂറോപ്യന്‍ ടീമുകള്‍ മാത്രമുള്ള സെമി ഫൈനല്‍ അഞ്ചാം തവണയാണ്. അഞ്ചു തവണയും യൂറോപ്യന്‍ രാജ്യത്തായിരുന്നു ലോകകപ്പ് നടന്നത്. ബെല്‍ജിയം മുമ്പ് ഒരേയൊരിക്കല്‍ സെമി ഫൈനല്‍ കളിച്ചത് 1986 ലാണ്. ഇംഗ്ലണ്ട് 1990 ലും ക്രൊയേഷ്യ മുമ്പ് ഒരേയൊരിക്കല്‍ സെമിയിലെത്തിയത് 1998 ലെ അരങ്ങേറ്റത്തിലാണ്. ഫ്രാന്‍സ് മാത്രമേ അടുത്ത കാലത്ത് സെമി കണ്ടിട്ടുള്ളൂ, 2006 ല്‍ സിനദിന്‍ സിദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട ഫൈനലില്‍ അവര്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ തോറ്റു. 
ബെല്‍ജിയവും ഫ്രാന്‍സും 74 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ബെല്‍ജിയം 30 മത്സരങ്ങള്‍ ജയിച്ചു, ഫ്രാന്‍സ് ഇരുപത്തിനാലും. ലോകകപ്പില്‍ ബെല്‍ജിയം-ഫ്രാന്‍സ് മത്സരം മൂന്നാം തവണയാണ്. 1938 ലായിരുന്നു ആദ്യം, 1986 ല്‍ ലൂസേഴ്‌സ് ഫൈനല്‍ കളിച്ചു. രണ്ടു തവണയും ബെല്‍ജിയം തോറ്റു. 



ഈ ലോകകപ്പില്‍ എല്ലാ കളിയും ജയിച്ച ഒരേയൊരു ടീമാണ് ബെല്‍ജിയം. കൂടുതല്‍ ഗോളടിച്ച ടീമും ബെല്‍ജിയം തന്നെ, 14. അതേസമയം ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ഷൂട്ടൗട്ടിലാണ് ജയിച്ചത്. 1990 ല്‍ അര്‍ജന്റീന മാത്രമേ മുമ്പ് തുടര്‍ച്ചയായി രണ്ട് ഷൂട്ടൗട്ടുകള്‍ അതിജീവിച്ചിട്ടുള്ളൂ. ക്രൊയേഷ്യ ആദ്യമായാണ് അഞ്ച് ലോകകപ്പ് മത്സരങ്ങളില്‍ പരാജയം ഒഴിവാക്കുന്നത്. തുടര്‍ച്ചയായ ഒമ്പത് കളികളില്‍ അവര്‍ ഗോളടിക്കുകയും ചെയ്തു. 



ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ (ആറ് ഗോള്‍) ടോപ്‌സ്‌കോററാവാന്‍ സാധ്യതയേറെയാണ്. ബെല്‍ജിയത്തിന്റെ റൊമേലു ലുകാകു (4 ഗോള്‍), ഫ്രാന്‍സിന്റെ ആന്റോയ്ന്‍ ഗ്രീസ്മാന്‍, കീലിയന്‍ എംബാപ്പെ (3 ഗോള്‍ വീതം) എന്നിവര്‍ക്ക് സാധ്യത അവശേഷിക്കുന്നു. 

Latest News