വേണ്ടിവന്നാൽ ഇനിയും ചെയ്യും, റെഡ് കാർഡിനെക്കുറിച്ച് സ്റ്റിമാക്

ബംഗളൂരു -അന്യായ തീരുമാനങ്ങളിൽ നിന്ന് സ്വന്തം കളിക്കാരെ രക്ഷിക്കാനായി വേണ്ടിവന്നാൽ ഇനിയും ഇടപെടുമെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്. പരിചയസമ്പന്നനായ സ്റ്റിമാക് സാഫ് ചാമ്പ്യൻഷിപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ത്രോഇൻ തടഞ്ഞതിന്റെ പേരിൽ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ത്രോ ചെയ്യാനോങ്ങിയ പാക്കിസ്ഥാൻ കളിക്കാരൻ അബ്ദുല്ല ഇഖ്ബാലിനെ സ്റ്റിമാക് തടയുകയായിരുന്നു. ഇടവേളക്ക് അൽപം മുമ്പ് കോച്ച് പുറത്തായെങ്കിലും  ഇന്ത്യ 4-0 ന് ജയിച്ചു. 
ആവേശത്തിന്റെ കളിയാണ് ഫുട്‌ബോൾ. പ്രത്യേകിച്ചും രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ. എന്നെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം. ഞാനൊരു പോരാൡയാണ്. അംഗീകരിക്കാനാവാത്ത തീരുമാനങ്ങളിൽ നിന്ന് കളിക്കാരെ സംരക്ഷിക്കാൻ വേണ്ടിവന്നാൽ ഇതു തന്നെ ചെയ്യും -സ്റ്റിമാക് പ്രഖ്യാപിച്ചു. സ്റ്റിമാക് പുറത്താക്കപ്പെട്ട ശേഷം മുൻ ഇന്ത്യൻ താരമായ അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലി ചുമതലയേറ്റു. കോച്ചിന് ചുവപ്പ് കാർഡ് കാണിച്ചത് അൽപം കടന്നു പോയെന്നും എന്നാൽ നിയമമനുസരിച്ച് അങ്ങനെ ചെയ്യാനല്ലാതെ റഫറിക്ക് സാധിക്കില്ലെന്നും മത്സര ശേഷം ഗാവ്‌ലി അഭിപ്രായപ്പെട്ടു. 
കൗതുകമെന്നു പറയാം, ഐ.എസ്.എല്ലിൽ അനിതിയെന്ന് തോന്നിയ തീരുമാനിത്തിനെതിരെ പ്രതികരിച്ചതിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനും കോച്ചിനും എ.ഐ.എഫ്.എഫ് കനത്ത പിഴയിട്ടത്. 

Latest News