സാഫിൽ ലെബനോന് വിജയത്തുടക്കം

ബംഗളൂരു - സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അതിഥി രാജ്യമായി ആദ്യമായി പങ്കെടുക്കുന്ന ലെബനോന് വിജയത്തുടക്കം. ബംഗ്ലാദേശിനെ അവർ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചു. ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയോട് അവർ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു. ഗ്രൂപ്പ് ബി-യിലെ രണ്ടാമത്തെ മത്സരത്തിൽ മാലദ്വീപ് ഇതേ സ്‌കോറിന് ഭൂട്ടാനെ കീഴടക്കി. 
പ്രതീക്ഷിച്ചതിന് വിരുദ്ധമായി ബംഗ്ലാദേശാണ് തുടക്കത്തിൽ ആക്രമിച്ചത്. ക്യാപ്റ്റൻ ജമാൽ ഭുയാനും സുഹൈൽ റാണയും ലെബനോൻ പ്രതിരോധത്തെ മുൾമുനയിൽ നിർത്തി. ക്രമേണ താളം കണ്ട അതിഥികൾ പതിനാറാം മിനിറ്റിൽ ആദ്യ അവസരം തുറന്നെടുത്തു. മുപ്പത്തിനാലാം മിനിറ്റിലാണ് അവർക്ക് ആദ്യ പകുതിയിലെ മികച്ച അവസരം കിട്ടിയത്. എന്നാൽ ഹസൻ കൂറാനിയുടെ ഹെഡർ ബംഗ്ലാദേശ് ഗോളി അനീസുറഹമാൻ രക്ഷപ്പെടുത്തി 
രണ്ടാം പകുതിയിലും തുടക്കത്തിൽ ബംഗ്ലാദേശ് ആക്രമിച്ചു. എന്നാൽ ലെബനോനാണ് ഗോളടിച്ചത്. കരീം ദർവീഷ് തളികയിലെന്ന പോലെ നൽകിയ പാസ് പകരക്കാരൻ ഹസൻ മഅ്തൂഖ് ലക്ഷ്യത്തിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഖലീൽ ബദർ രണ്ടാം ഗോൾ നേടി. ഭൂട്ടാനെതിരെ ഹംസ മുഹമ്മദിലൂടെ ആറം മിനിറ്റിൽ മാലദ്വീപ് മുന്നിലെത്തി. തൊണ്ണൂറാം മിനിറ്റിൽ ഹംസ നാഇസ് ലീഡുയർത്തി. 

Latest News