മുംബൈ - നോർത്ത് സോണിനെ പ്രതിനിധീകരിച്ച് സെലക്ഷൻ കമ്മിറ്റിയിലെത്താനും ചീഫ് സെലക്ടറാവാനുമുള്ള ക്ഷണം മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ് നിരസിച്ചു. പ്രതിഫലം കുറവായതിനാൽ അപേക്ഷിക്കാനില്ലെന്ന് സെവാഗ് സൂചിപ്പിച്ചു. ഒളിക്യാമറയിൽ അപ്രിയസത്യങ്ങൾ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് ചീഫ് സെലക്ടർ ചേതൻ ശർമയെ പുറത്താക്കിയിരുന്നു. ശിവസുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക സമിതിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എസ്. ശരത്, സുബ്രതൊ ബാനർജി, സലിൽ അങ്കോള എന്നിവരാണ് മറ്റംഗങ്ങൾ. ലോകകപ്പുൾപ്പെടെ പ്രധാന ടൂർണമെന്റുകൾ ആസന്നമായിരിക്കെ ബി.സി.സി.ഐ സ്ഥിരം സംവിധാനമുണ്ടാക്കാൻ ശ്രമിക്കുകയാണ്.
നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ ദിലീപ് വെംഗ്സാർക്കർ, കെ. ശ്രീകാന്ത് തുടങ്ങിയവരാണ് സെലക്ഷൻ കമ്മിറ്റിയെ നയിച്ചിരുന്നത്. എന്നാൽ പ്രതിഫലം കുറവായതിനാൽ ഇപ്പോൾ ചെറുകിട കളിക്കാരാണ് ആ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നത്. ചീഫ് സെലക്ടർക്ക് വർഷം ഒരു കോടി രൂപയും മറ്റു സെലക്ടർമാർക്ക് 90 ലക്ഷം രൂപയുമാണ് വാർഷിക പ്രതിഫലം. കളിക്കുന്ന കാലത്ത് പ്രതിഫലമായും പരസ്യങ്ങളിൽ നിന്നും അക്കാദമികളിൽ നിന്നുമൊക്കെ കോടികൾ വാങ്ങി ശീലിച്ച പ്രമുഖ താരങ്ങൾക്ക് ആകർഷകമല്ല ഈ ശമ്പളം.
നേരത്തെ ബി.സി.സി.ഐ അഭ്യർഥിച്ചതനുസരിച്ച് ഇന്ത്യൻ കോച്ചിന്റെ പദവിയിലേക്ക് സെവാഗ് അപേക്ഷ നൽകിയിരുന്നു. എന്നാൽ അനിൽ കുംബ്ലെയെയാണ് അന്ന് പരിശീലകനാക്കിയത്. വിരമിച്ച് അഞ്ചു വർഷം കഴിഞ്ഞവർക്കു മാത്രമേ സെലക്ടറുടെ സ്ഥാനത്തേക്ക് അപേക്ഷിക്കാനാവൂ.
ചെറുകിട കളിക്കാർ സെലക്ടർമാരായി വരുന്നത് ടീം തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ട്. രാഹുൽ ദ്രാവിഡിനെയും വിരാട് കോലിയെയും രോഹിത് ശർമയെയും പോലുള്ള കളിക്കാർക്കു മുന്നിൽ സ്വന്തം നിലപാട് പ്രഖ്യാപിക്കാൻ എം.എസ്.കെ പ്രസാദിനെയും ശിവസുന്ദർ ദാസിനെയും പോലുള്ള കളിക്കാർ പ്രയാസപ്പെടും.






