ഗുണ്ടോഗന്‍ സൗദിയിലേക്കില്ല, ഇനി ബാഴ്‌സലോണ മധ്യനിരയില്‍

ബാഴ്‌സലോണ - മാഞ്ചസ്റ്റർ സിറ്റിയെ ഹാട്രിക് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ഇൽകേ ഗുണ്ടോഗൻ ബാഴ്‌സലോണയിൽ ചേർന്നു. ജർമൻ മിഡ്ഫീൽഡറുടെ സിറ്റിയുമായുള്ള കരാർ ഈ മാസം അവസാനിക്കുകയാണ്. ബാഴ്‌സലോണയുമായി രണ്ടു വർഷത്തെ കരാറാണ് മുപ്പത്തിരണ്ടുകാരൻ ഒപ്പിട്ടത്. 
പെപ് ഗാഡിയോള സിറ്റി കോച്ചായി ചുമതലയേറ്റ ശേഷം ആദ്യം ടീമിലേക്ക് കൊണ്ടുവന്ന കളിക്കാരനായിരുന്നു തുർക്കി വംശജനായ ഗുണ്ടോഗൻ. സിറ്റിയിൽ തുടരാൻ ഓഫറുണ്ടായിരുന്നു. ആഴ്‌സനലിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ക്ഷണം വന്നിരുന്നു. മൂന്നും ഗുണ്ടോഗൻ നിരസിച്ചു. 
സാമ്പത്തിക ഞെരുക്കം കാരണം കരാർ കഴിഞ്ഞ കളിക്കാരെയാണ് ബാഴ്‌സലോണ പ്രധാനമായും പരിഗണിക്കുന്നത്. അത്‌ലറ്റിക് ബിൽബാവോയിൽ കരാർ കഴിഞ്ഞ ഇനിഗൊ മാർടിനേസും ബാഴ്‌സലോണയിൽ ചേരും. 
ലിയണൽ മെസ്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഗോൾ സൃഷ്ടിക്കാൻ കെൽപുള്ള ഗുണ്ടോഗനെ ഗൗരവമായി പരിഗണിച്ചത്. കഴിഞ്ഞ സീസണിൽ പെഡ്രിക്ക് പരിക്കേറ്റതോടെ ബാഴ്‌സലോണ പതറിയിരുന്നു. സിറ്റിക്ക് പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും നേടിക്കൊടുത്താണ് ഗുണ്ടോഗൻ ടീം വിട്ടത്. എഫ്.എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ രണ്ടെണ്ണമുൾപ്പെടെ കഴിഞ്ഞ സീസണിൽ 11 ഗോൾ നേടി. സിറ്റിയിലെ ഏഴ് സീസണിൽ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളുൾപ്പെടെ 14 ട്രോഫികൾ നേടി. 

Latest News