ന്യൂദൽഹി -ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയും (ജാവലിൻ ത്രോ) കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡലുകാരൻ അവിനാഷ് സാബ്ലെയുമില്ലാതെ ഇന്ത്യൻ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. തിരക്കിട്ട ഷെഡ്യൂൾ മുന്നിലുള്ളതിനാൽ ഇരുവർക്കും വിശ്രമമനുവദിച്ചിരിക്കുകയാണ്. മലയാളി ലോംഗ്ജമ്പർ മുരളി ശ്രീശങ്കർ, അഞ്ജു ബോബി ജോർജിന്റെ ശിഷ്യ ശൈലി സിംഗ് (ലോംഗ്ജമ്പ്), ഏഷ്യൻ റെക്കോർഡുകാരൻ തേജീന്ദർപാൽ സിംഗ് തൂർ (ഷോട്ട്പുട്ട്) എന്നിവരടങ്ങുന്നതാണ് അമ്പത്തിനാലംഗ ഇന്ത്യൻ ടീം. ട്രിപ്പിൾജമ്പിൽ എൽദോസ് പോളിനെ തഴഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ് എല്‍ദോസ്.
ബാങ്കോക്കിൽ ജൂലൈ 12 ന് ഏഷ്യൻ ചാമ്പ്യൻഷിപ് തുടങ്ങും.
ഈ സീസണിൽ ഏഷ്യയിലെ അഞ്ച് വേഗമേറിയ ക്വാർട്ടർ മൈലർമാർ ഇന്ത്യക്കാരികളാണെങ്കിലും ഒരാളെ മാത്രമേ ടീമിലുൾപെടുത്തിയുള്ളൂ. ഇന്റർ സ്റ്റെയ്റ്റ് ചാമ്പ്യൻഷിപ്പിൽ ഹീറ്റ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം ഫൈനലിൽ ലലൈൻ കട്ട് ചെയ്തതിന് അയോഗ്യയാക്കപ്പെട്ട ഐശ്വര്യ മിശ്രയാണ് 400 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. ഫെഡറേഷൻ കപ്പ് ചാമ്പ്യൻ പ്രിയ മോഹന്‍ പരിക്കാണ്. അണ്ടർ-18, അണ്ടർ-20 ഏഷ്യൻ ചാമ്പ്യനായ പതിനാറുകാരി റിസ്വാന മാലിക് ഹീനയെ അവഗണിച്ചു. എന്നാൽ മിക്സഡ് റിലേയിൽ റിസ്വാന ടീമിലുണ്ട്.
ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ജിൻസൺ ജോൺസൺ (1500 മീ.), മുഹമ്മദ് അജ്മൽ (400 മീ., റിലേ), അമോജ് ജേക്കബ് (റിലേ), മിജൊ ചാക്കൊ (റിലേ), മുഹമ്മദ് അനസ് (റിലേ), മുഹമ്മദ് അഫ്സൽ (800 മീ.), അബ്ദുല്ല അബൂബക്കർ (ട്രിപ്പിൾജമ്പ്), ആൻസി സോജൻ (ലോംഗ്ജമ്പ്), ജിസ്ന മാത്യു (റിലേ) എന്നിവരാണ് ടീമിലെ മലയാളികൾ.






