വാഷിംഗ്ടണ്‍- ഇന്ത്യയെ അറിയാമെങ്കിലും അമേരിക്കക്കാരില്‍ വലിയ വിഭാഗത്തിനും നരേന്ദ്ര മോഡിയെന്ന പേരുപോലും അറിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. 2023 മാര്‍ച്ച് 20- 26 തിയ്യതികളില്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് മോഡിയെ കുറിച്ച് കേട്ടിട്ടു പോലുമില്ലാത്ത അമേരിക്കന്‍ ജനതയുടെ വിവരം പുറത്തുവന്നത്.
യു. എസിലെ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേര്‍ക്കും (51 ശതമാനം) ഇന്ത്യയെ സംബന്ധിച്ചുള്ളത് അനുകൂലമായ വീക്ഷണമാണ്. എന്നാല്‍ 44 ശതമാനം പേര്‍ പ്രതികൂലമായ കാഴ്ചപ്പാട് സൂക്ഷിക്കുന്നവരാണ്. വിദ്യാഭ്യാസ നിലവാരത്തിന് അനുസരിച്ചാണ് ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം പ്രകടമാകുന്നത്. ബാച്ചിലേഴ്സ് ബിരുദമോ ഉയര്‍ന്ന ബിരുദമോ ഉള്ള 55 ശതമാനം അമേരിക്കക്കാരും ഇന്ത്യയെ പോസിറ്റീവായി വീക്ഷിക്കുമ്പോള്‍ കോളജ് വിദ്യാഭ്യാസമോ അതില്‍ കുറവോ ഉള്ളവരില്‍ 50 ശതമാനത്തിനും അഭിപ്രായം അനുകൂലമല്ല.
ഡെമോക്രാറ്റുകളും ഡെമോക്രാറ്റിക് ചായ്‌വുള്ളവരുമാണ് റിപ്പബ്ലിക്കന്‍മാരെ അപേക്ഷിച്ച് ഇന്ത്യയെ അനുകൂലമായി കാണുന്നത്. ഡെമോക്രാറ്റുകള്‍ 56 ശതമാനം ഇന്ത്യന്‍ ഭാഗത്തേക്ക് ചായുമ്പോള്‍ റിപ്പബ്ലിക്കന്‍മാരില്‍ 48 ശതമാനത്തിന് മാത്രമാണ് ഇന്ത്യയോട് അനുകൂല മനോഭാവമുള്ളത്.
ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനവും സ്വാധീനവും പരിഗണിക്കുമ്പോള്‍ 23 ശതമാനം പേര്‍ ഇന്ത്യന്‍ സ്വാധീനം ശക്തമായെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ 11 ശതമാനത്തിന് ഇന്ത്യന്‍ സ്വാധീനത്തെ കുറിച്ച് നല്ല അഭിപ്രായമില്ല. യു. എസിലെ മുതിര്‍ന്നവരില്‍ 64 ശതമാനവും ലോകത്തിലെ രാജ്യങ്ങളുടെ സ്വാധീനം നിലവിലുള്ള അതേപടി മുമ്പോട്ടു പോകുമെന്ന അഭിപ്രായക്കാരാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് തങ്ങള്‍ കേട്ടിട്ടേ ഇല്ലെന്നാണ് 40 ശതമാനം അഭിപ്രായപ്പെട്ടത്. സാമ്പിള്‍ സര്‍വേ പ്രകാരം 30 വയസ്സിന് താഴെയുള്ള അമേരിക്കക്കാരില്‍ 59 ശതമാനത്തിന് മോഡി ആരാണെന്ന് പോലും അറിയില്ല. 65 വയസും അതില്‍ കൂടുതലുമുള്ള യു. എസിലെ മുതിര്‍ന്നവരില്‍ 28 ശതമാനം പേരുടെ സ്ഥിതിയും ഇതുതന്നെയാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ മുതിര്‍ന്നവര്‍ക്കാണ് മോഡിയെ കുറിച്ച് അറിയാത്തത്.
മോഡിയെക്കുറിച്ച് കേട്ടിട്ടുള്ളവരാകട്ടെ ലോകകാര്യങ്ങളില്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ 37 ശതമാനം പേര്‍ക്ക് വിശ്വാസമില്ല. 21 ശതമാനം പേരാണ് വിശ്വാസം രേഖപ്പെടുത്തിയത്.