ഇളയ ദളപതിയ്ക്ക് ഇന്ന് 49-ാം  പിറന്നാള്‍, ലോകമെങ്ങും ആഘോഷം 

ചെന്നൈ- ഇളയ ദളപതി വിജയ് ഇന്ന് 49-ാം വയസിലേക്ക് പ്രവേശിക്കും. വിജയ്ക്കായി വ്യത്യസ്തമായ ആഘോഷ പരിപാടികളാണ് ആരാധകര്‍ തമിഴ്നാട്ടിലെമ്പാടും ഒരുക്കിയിരിക്കുന്നത്. വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ വീണ്ടും ഒരുമിക്കുന്ന ലിയോ തന്നെയാണ് ആരാധകര്‍ക്ക് ഇളയ ദളപതിയുടെ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം.ലിയോ സിനിമയില്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ വിജയ് ആലപിച്ച ഗാനവും ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങും. പതിനായിരത്തിലധികം നര്‍ത്തകരോടൊപ്പമുള്ള മാസ് ഗാനമാണ് വിജയ് ആലപിക്കുന്നത്. ലിയോയുടെ ആദ്യ സിംഗിള്‍ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കാനഡയിലെ വിജയ് ആരാധകര്‍ ഇഷ്ട താരത്തിന്റെ ചിത്രം ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ എത്തിച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. വിജയ് ചിത്രത്തിലെ സ്റ്റില്ലുകളും ക്‌ളിപ്പുകളും കോര്‍ത്തിണക്കിയാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ ആരാധകര്‍ ആഘോഷം ഒരുക്കിയിരിക്കുന്നത്. മാസ്റ്റേഴ്‌സ് എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം ടൈംസ് സ്‌ക്വയറില്‍ നിന്ന് വിജയ് നൃത്തം ചെയ്യുന്ന വീഡിയോ പലരും പങ്കുവയ്ക്കുന്നുണ്ട്. ടൈംസ് സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ എത്തിയ ആദ്യ തമിഴ് താരമാണ് വിജയ്. രജനികാന്തിനു ശേഷം കേരളത്തില്‍ വാണിജ്യ വിജയം കൈവരിക്കാന്‍ കരുത്തുള്ള തമിഴ് താരമാണ് വിജയ് .ഗില്ലി എന്ന ചിത്രത്തിനുശേഷമാണ് സൂപ്പര്‍ താര പരിവേഷം ലഭിക്കുന്നത്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ വിജയ് യുഗം അവസാനിച്ചു എന്നു നിരൂപകര്‍ വിധിയെഴുതി. വിജയ് തിരിച്ചുവന്നു. കാവലന്‍, നന്‍പന്‍, വേലായുധം, തുപ്പാക്കി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍താരത്തിന്റെ സൂപ്പര്‍ തിരിച്ചുവരവു കൂടിയായിരുന്നു. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാഗെ ആണ് കരിയറിലെ ആദ്യ സൂപ്പര്‍ ഹിറ്ര്. ആ കാലത്താണ് ഇളയ ദളപതി എന്ന പേര് ആരാധകര്‍ സമ്മാനിക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് കേരളത്തില്‍ വിജയ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഖുശി, പ്രിയമാനവളേ, ഷാജഹാന്‍, ഭഗവതി, തുള്ളാതെ മനവും തുള്ളും തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം നേടി. ആ കാഴ്ച തുടരുന്നു.പുതിയ ചിത്രമായ ലിയോ ഒക്ടോബര്‍ 19ന് ലോകമെമ്പാടും റിലീസ് ചെയ്യും.അതേസമയം വിജയ്യുടെ രാഷ്ട്രീയ പ്രവേശം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. തമിഴ്നാട്ടിലെ എല്ലാ പ്രധാന പ്രശ്‌നങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കാന്‍ വിജയ് ഒരിക്കലും മടിച്ചില്ല. ഭാവി മുഖ്യമന്ത്രിയായി വിജയ്യെ കാണുകയാണ് തമിഴ് ജനത. ബി.ജെ.പിക്ക് യഥാര്‍ഥ ബദല്‍ ഡി.എം.കെയാണെന്ന് താരം അടുത്തിടെ പറഞ്ഞിട്ടുണ്ട്. 


 

Latest News